തമിഴകം വിടാതെ…

സംഘപരിവാര്‍ ഹിന്ദുത്വ അജണ്ട രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്ന ഒരു ചട്ടുകമായി ഗവര്‍ണര്‍ മാറിക്കഴിഞ്ഞു. എല്ലാ ജനാധിപത്യ മര്യാദകളേയും കാറ്റില്‍പ്പറത്തി കേന്ദ്രത്തിന്റെ ഒരു അനുവര്‍ത്തിയായി മാത്രം ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ കാണുന്നത്.

ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് മുറുകുന്നത് കുറച്ചുകാലമായി രാജ്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷദ്വീപിലും രാജസ്ഥാനിലും പശ്ചിമ ബംഗാളിലും കേരളത്തിലുമൊക്കെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. തമിഴ്‌നാട്ടില്‍ കാണുന്നതും ഇതിന്റെ ഒരു ഭാഗം മാത്രമാണ്.

ഇതിനുമുന്‍പും ഗവര്‍ണര്‍ക്കെതിരെ പല കടുത്ത തീരുമാനങ്ങള്‍ തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. തങ്ങളുടെ ഭാഷയേയോ നാടിനേയോ സംബന്ധിക്കുന്ന ഒരു വിഷയങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത സ്വഭാവമാണ് തമിഴ്‌നാട് പ്രകടിപ്പിക്കാറുള്ളത്. ഇപ്പോള്‍ പോര്‍ മുഖം തുറന്നിരിക്കുന്നത് തമിഴ്‌നാട് എന്ന പേരിനെ ചൊല്ലിയാണ്.

ഗവര്‍ണര്‍ രവീന്ദ്ര നാരായണ രവി ജനാധിപത്യത്തേയും ഫെഡറലിസത്തെയും കാറ്റില്‍ പറത്തുന്ന കാഴ്ചയ്ക്കാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ദിവസം തമിഴ്നാട് നിയമസഭ സാക്ഷിയായത്. നയപ്രഖ്യാപന പ്രസംഗം വായിക്കുന്നതിനിടയില്‍ ഗവര്‍ണര്‍, തനിക്ക് പ്രാധാന്യമില്ല എന്ന് തോന്നിയ ഭാഗങ്ങള്‍ വിട്ടുകളഞ്ഞതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ആര്‍.എസ്.എസിന്റെ താല്‍പര്യപ്രകാരം തമിഴ്‌നാടിനെ ‘തമിഴകം’ എന്നു തിരുത്തിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡി.എം.കെയുടെ സഖ്യകക്ഷികള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പ്രസംഗത്തില്‍ മതേതരത്വത്തെ പരാമര്‍ശിക്കുന്ന ഭാഗങ്ങളും പെരിയോര്‍, ബി.ആര്‍. അംബേദ്കര്‍, കെ. കാമരാജ്, സി.എന്‍. അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളുടെ പേരുകളും ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. തമിഴിലുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കെ ‘സാമൂഹികനീതി, ആത്മാഭിമാനം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, സ്ത്രീശാക്തീകരണം, മതനിരപേക്ഷത തുടങ്ങിയവയില്‍ അധിഷ്ഠിതമാണ് ഈ സര്‍ക്കാര്‍..’ എന്നുതുടങ്ങുന്ന 65-ാം ഖണ്ഡികയും ഗവര്‍ണര്‍ വിട്ടുകളഞ്ഞത് തര്‍ക്കങ്ങള്‍ക്ക് വഴി തെളിച്ചു.

പിന്നീട് നയപ്രഖ്യാപന പ്രസംഗത്തിന്റെ തമിഴിലുള്ള പൂര്‍ണരൂപം സ്പീക്കര്‍ എം. അപ്പാവു വായിച്ചതോടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇടപെട്ടു. പ്രസംഗത്തിന്റെ പൂര്‍ണ രൂപം തന്നെ സഭാരേഖകളില്‍ ഉള്‍പ്പെടുത്തണമെന്ന പ്രമേയം അവതരിപ്പിക്കുകയും സഭ അത് പാസാക്കുകയും ചെയ്തതോടെ ഗവര്‍ണര്‍ സഭ വിട്ടിറങ്ങിപ്പോവുകയായിരുന്നു. ഗവര്‍ണറുടെ സംഘപരിവാര്‍ അനുകൂല സമീപനങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നിലപാട് പറയുന്നതിന് ഇത്തവണയും തമിഴ്നാട് മടിച്ചില്ല.

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഗവര്‍ണര്‍ ആര്‍.എന്‍.രവിയും തമ്മിലുള്ള പോര് ആരംഭിക്കുന്നത് സംസ്ഥാനത്തെ 13 സര്‍വകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ടാണ്. ഭരണഘടന നിര്‍വ്വചിച്ച ഫെഡല്‍ ബന്ധങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഫെഡറിലിസം തകര്‍ക്കുക എന്ന കേന്ദ്രത്തിന്റെ ഹിന്ദുത്വ അജണ്ഡ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കുള്ള ശക്തമായ മറുപടിയായി തന്നെ വേണം തമിഴ്നാടിന്റെ ഈ പ്രതിഷേധത്തെ കാണാന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News