ലഖീംപ്പൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ നീണ്ടുപോകുകയാണ്. കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് മുഖ്യപ്രതി. ഈ കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷം എടുക്കുമെന്നാണ് വ്യക്തമാക്കുന്നത്. കേസില്‍ 208 സാക്ഷികളുണ്ട്. 171 രേഖകളും 27 ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമുണ്ട്. സാക്ഷികളെ വിസ്തരിക്കുന്നതും രേഖകളുടെ വിശദമായ പരിശോധനയും വിചാരണ നടപടികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. ഇതാണ് തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ യു.പി സര്‍ക്കാരിന്റെ നിലപാട്.
സാധാരണ ഒരു കേസാണെങ്കില്‍ വിചാരണ പൂര്‍ത്തിയാകേണ്ട സമയമായെന്നും എത്ര സമയം ഈ കേസിലെ വിചാരണക്ക് ഇനിയും വേണ്ടി വരുമെന്നും നേരത്തെ സുപ്രീംകോടതി ചോദിച്ചിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, വി.രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യത്തില്‍ വിചാരണ കോടതി ജഡ്ജിയുടെ മറുപടി തേടിയത്. വിചാരണ കോടതി ജഡ്ജിയുടെ മറുപടി ഉള്‍പ്പെടുത്തിയുള്ള തല്‍സ്ഥിതി റിപ്പോര്‍ട്ടാണ് യു.പി സര്‍ക്കാര്‍ സമര്‍പ്പിച്ചത്.
2021 ഒക്ടോബറിലായിരുന്നു കര്‍ഷകരുടെ സമരത്തിനിടിയിലേക്ക് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം എസ്.യു.വി വാഹനം ഇടിച്ചുകയറ്റിയത്. കര്‍ഷകരടക്കം എട്ടുപേരാണ് അന്ന് കൊല്ലപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവരും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരും ഒരു മാധ്യമ പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ആശിഷ് മിശ്ര ഉള്‍പ്പടെ 13 പേരെയാണ് പ്രതിചേര്‍ത്തത്. ഈ കേസുകളില്‍ പ്രത്യേകംപ്രത്യേകം വിചാരണ നടത്തിക്കൂടേ എന്നതില്‍ യു.പി സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടിയിട്ടുണ്ട്. കേസ് വീണ്ടും ജനുവരി 19ന് പരിഗണിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here