ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇനി സൊസൈറ്റി രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭാ തീരുമാനം

സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇനി സൊസൈറ്റി രൂപത്തില്‍ പ്രവര്‍ത്തിക്കും. ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റി ആയി രൂപീകരിക്കുന്നതിനുള്ള കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ടൂറിസം മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരിശീലനം, മാര്‍ക്കറ്റിംഗ്, മറ്റ് പിന്തുണാ സംവിധാനങ്ങള്‍ തുടങ്ങിയവ ഉറപ്പുനല്‍കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റിയായി ഉത്തരവാദിത്ത ടൂറിസം മാറും.

ടൂറിസം മന്ത്രി ചെയര്‍മാനും ടൂറിസം സെക്രട്ടറി വൈസ് ചെയര്‍മാനും നിലവിലെ സംസ്ഥാന ഉത്തരവാദിത്ത മിഷന്‍ കോര്‍ഡിനേറ്റര്‍ സിഇഒയുമായി പ്രവര്‍ത്തിക്കുന്ന രൂപത്തിലായിരിക്കും സൊസൈറ്റിയുടെ ഘടന. സൊസൈറ്റിയാകുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ഫണ്ട് കൈപ്പറ്റാന്‍ ഉത്തരവാദിത്ത ടൂറിസത്തിന് തടസ്സമുണ്ടാകില്ല. യുഎന്‍ഡിപി നല്‍കിവരുന്ന കോ- ഫണ്ടിംഗ് രീതി സൊസൈറ്റി അല്ലാത്തതിനാല്‍ അവസാനിപ്പിച്ചിരുന്നു. ഇതിനും മാറ്റം വരും. സ്വതന്ത്ര സ്വഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലൂടെ ഭാവിയില്‍ പ്ലാന്‍ഫണ്ട് വിനിയോഗം കുറച്ചു കൊണ്ടുവരാന്‍ സാധിക്കും.

സൊസൈറ്റിയാക്കുമ്പോള്‍ പുതിയ തസ്തിക, അസറ്റ് ക്രിയേഷന്‍ എന്നിവ ഉണ്ടാകില്ല. അതിനാല്‍, അധിക സാമ്പത്തിക ബാധ്യത വരില്ല. എന്നാല്‍ രജിസ്‌ട്രേഷന്‍ ഫീസ്, കണ്‍സള്‍ട്ടന്‍സി ചാര്‍ജ്, ഉത്പന്ന വിപണനത്തിലൂടെയുള്ള കമ്മീഷന്‍, പരിശീലനം നല്‍കുന്നതിനുള്ള ഫീസ് തുടങ്ങിയവ ഈടാക്കാന്‍ സാധിക്കുന്നതോടെ വരുമാനം വര്‍ധിക്കും. സൊസൈറ്റിയാകുന്നതോടെ സ്വതന്ത്ര സ്വഭാവത്തോടെ കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാനും സാധിക്കും.

ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ നിലവില്‍ 24000 പ്രാദേശിക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്ക് റിവോള്‍വിംഗ് ഫണ്ട് നല്‍കുന്നുണ്ട്. 1,50,000 കുടുംബങ്ങള്‍ക്ക് മിഷന്‍ വഴി വരുമാനം ലഭിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News