ജോഷിമഠ് ദുരന്തത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് ഉമാഭാരതി. ജോഷിമഠ് നശിച്ചുകൊണ്ടിരിക്കുകയാണെന്നും ദില്ലിയില്‍ നയരൂപീകരണം നടത്തുന്നവര്‍ ഹിമാലയവും ഉത്തരാഖണ്ഡും ഗംഗയും തിന്നുതീര്‍ക്കുമെന്ന് തനിക്ക് ഭയമുണ്ടെന്നും ഉമാഭാരതി പറഞ്ഞു. ജോഷിമഠില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
‘വികസനവും ദുരന്തവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. ദില്ലിയില്‍ നയരൂപീകരണം നടത്തുന്നവര്‍ ചില പദ്ധതികള്‍ ഇവിടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. അത് എളുപ്പത്തില്‍ അവര്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. താഴ്ന്ന് തൂങ്ങിക്കിടക്കുന്ന പഴങ്ങളാണല്ലോ ഭക്ഷിക്കാന്‍ എളുപ്പം’, ഉമാഭാരതി പറഞ്ഞു.
ചാര്‍ധാം യാത്രയ്ക്കായി എന്‍.ടി.പി.സി നിര്‍മിക്കുന്ന ടണലുകളും നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് ദുരന്തത്തിന് കാരണമെന്ന് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഉമാഭാരതിയും രംഗത്ത് വന്നത്.
എന്‍.ടി.പി.സി പദ്ധതിക്കെതിരെ 2017 ല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പദ്ധതി നികത്താനാവാത്ത നഷ്ടം സൃഷ്ടിക്കുമെന്നും അന്ന് സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ അന്ന് കേന്ദ്രത്തിന്റെ പിന്തുണ ലഭിച്ചില്ലെന്നും ഉമാഭാരതി പറഞ്ഞു.
അതിന് ശേഷമാണ് റെനി ഗാവ് സംഭവം നടന്നത്. ജോഷിമഠിനും സമാനമായ ദുരന്തം നേരിടേണ്ടി വരുമെന്ന് അന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇവിടെയുള്ള ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷ്‌ക്രിയമായിരുന്നു, ഉമാഭാരതി പറഞ്ഞു.
എന്നാല്‍ ജോഷിമഠിന് പുറമേ തെഹ്‌രിയിലെ ചമ്പയിലും വിള്ളല്‍ കണ്ടെത്തി. ജോഷിമഠില്‍ 723 വീടുകളിലും കെട്ടിടങ്ങളിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്. ഇതില്‍ 86 കെട്ടിടങ്ങളാണ് ഏറ്റവും അപകടകരമായ അവസ്ഥയില്‍ ഉള്ളത്. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 131 കുടുംബങ്ങളിലെ 400 ലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here