ആര്‍ത്തവ ദിനത്തില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കാത്തത് തുല്ല്യതക്കുള്ള അവകാശത്തിന്റെ ലംഘനം; സുപ്രീം കോടതിയില്‍ ഹര്‍ജി

ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കാത്തത് ഇന്ത്യന്‍ ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതിയില്‍ ഹര്‍ജി. ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ ഷൈലേന്ദ്ര മണി ത്രിപാഠിയാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. വിദ്യാര്‍ത്ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ ദിനങ്ങളില്‍ അവധി നല്‍കണം എന്നതാണ് ഹര്‍ജിയിലെ ആവശ്യം.

ഇംഗ്ലണ്ട് , വെയില്‍സ്, ചൈന, ജപ്പാന്‍, തായ്വാന്‍, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, സ്പെയിന്‍, സാംബിയ എന്നീ രാജ്യങ്ങള്‍ വനിതകള്‍ക്ക് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആര്‍ത്തവ അവധി നല്‍കുന്നുണ്ട്. ആര്‍ത്തവ സമയത്ത് അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബീഹാറാണ്. ഈ പശ്ചാത്തലത്തില്‍, ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം തുല്യതയ്ക്കുള്ള അവരുടെ അവകാശത്തിന്റെ ലംഘനമാണ് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഹൃദയാഘാതം സംഭവിക്കുന്ന വ്യക്തിക്ക് അനുഭവപ്പെടുന്നതിന് സമാനമായ വേദനയാണ് ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ നേരിടുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് വ്യക്തമാക്കുന്ന യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്റെ പഠന റിപ്പോര്‍ട്ടും ഹര്‍ജിയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു.

2018ല്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ സ്ത്രീകളുടെ ലൈംഗിക, പ്രത്യുല്‍പാദന, ആര്‍ത്തവ അവകാശ ബില്‍ അവതരിപ്പിച്ചു.അതില്‍ സ്ത്രീകള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന ചുറ്റുപാടുകളില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കാന്‍ നിര്‍ദ്ദേശിച്ചതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ആര്‍ത്തവുമായി ബന്ധപ്പെട്ട മറ്റ് ബില്ലായ ആര്‍ത്തവ ആനുകൂല്യ ബില്‍ എന്നിവയെയും ഹര്‍ജിക്കാരി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.

ആര്‍ത്തവ വേദനയുണ്ടാകുമ്പോള്‍ സ്ത്രികളുടെ ഉത്പാദനക്ഷമത കുറയുമെന്നും ഇത് അവര്‍ ചെയ്യുന്ന തൊഴിലിനെ ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ചില സ്ഥാപനങ്ങള്‍ സ്ത്രീകള്‍ക്ക് ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി നല്‍കുന്നുണ്ടെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.

ആര്‍ത്തവ ദിവസങ്ങളില്‍ ശമ്പളത്തോടു കൂടിയുള്ള അവധി നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാന്‍ തിങ്കളാഴ്ച്ച ദില്ലി ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോടും ദില്ലി സര്‍ക്കാരിനോടും ആവശ്യപെട്ടതിന് പിന്നാലെയാണ് സമാന്യ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അതേ സമയം 1972 ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (ലീവ്) ചട്ടങ്ങളില്‍ ആര്‍ത്തവ അവധിക്ക് വ്യവസ്ഥകളില്ലെന്നും നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here