എണ്‍പത് വയസു പ്രായമുള്ള വൃദ്ധക്ക് സംരക്ഷണമൊരുക്കിയ തിരുവനന്തപുരം ലെനിന്‍ നഗര്‍ നിവാസികള്‍ക്ക് നന്ദി പറഞ്ഞ് മേയര്‍ ആര്യ രാജേന്ദ്രന്‍. തമിഴ്‌നാട് സ്വദേശിയായ സുബ്ബലക്ഷ്മി എന്ന സ്ത്രീക്കാണ് ഭക്ഷണവും ആഹാരവും നല്‍കി ലെനിന്‍ നഗര്‍ നിവാസികള്‍ ഭക്ഷണം നല്‍കിയത്. റോഡരികില്‍ കണ്ടെത്തിയ ഇവര്‍ക്ക് നഗരസഭ സംരക്ഷണമൊരുക്കും എന്ന സന്തോഷ വാര്‍ത്തയും മേയര്‍ പങ്കുവെച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആര്യാ രാജേന്ദ്രന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ലെനിന്‍ നഗര്‍ നിവാസികള്‍ക്ക് നന്ദി …..
സുബലക്ഷ്മി അമ്മ സുഖമായിരിക്കുന്നു ….
ഇന്നലെ രാത്രി 8 മണിക്ക് ഓഫീസില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് ലെനിന്‍ നഗറിലെ സുനിലേട്ടന്റെ കോള്‍ വരുന്നത്. 80 വയസോളം പ്രായമായ ഒരമ്മ ലെനിന്‍ നഗറിലെ റോഡരികില്‍ ഉണ്ട്.കുറച്ച് അവശതയുണ്ട് ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടിയില്ല. ഇതായിരുന്നു അദ്ദേഹം പറഞ്ഞത്.ഉടന്‍ തന്നെ
ഞങ്ങളും അവിടെത്തി.പാവം നന്നെ തളര്‍ന്നിരിക്കയാണ് ആ അമ്മ. സംസാരിച്ചപ്പോള്‍ തമിഴ്‌നാടാണ് സ്വദേശമെന്ന് മനസിലായി.കയ്യില്‍ അഡ്രസോ ഉറ്റവരുടെ ഫോണ്‍ നമ്പരോ ഒന്നുമില്ല.മക്കളുണ്ട്, അവര്‍ വീട്ടിലുണ്ട്…അങ്ങിനെ കുറേ വിശേഷങ്ങള്‍ പറഞ്ഞു…എന്തോ വല്ലാത്ത വാത്സല്യവും സ്‌നേഹവുമായിരുന്നു സുബലക്ഷ്മി എന്ന അമ്മയുടെ ആ മുഖത്ത്.
വൈകുന്നേരം മുതല്‍ അമ്മ അവിടെയൊക്കെ ഉണ്ടെന്നാണ് നാട്ടുകാര്‍ പറഞ്ഞത്…. കണ്ട സമയം മുതല്‍ ആഹാരവും,പുതപ്പും, സാരിയുമൊക്കെ നല്‍കി അവിടത്തെ ചിലര്‍ അമ്മയ്ക്ക് സംരക്ഷണമൊരുക്കിയിരുന്നു… ആ സ്‌നേഹവും കരുതലും ആ മനസിന് കുറച്ചൊന്നുമല്ല ആശ്വാസം നല്‍കിയത്….. ലെനിന്‍ നഗറിന് നന്ദി.
നാട്ടുകാരില്‍ ചിലര്‍ ഞങ്ങള്‍ എത്തുന്നതിന് മുമ്പ് സംസാരിച്ചപ്പോള്‍ വല്ലാതെ ദേഷ്യം കാണിച്ചത്രെ.
എന്നാല്‍ എന്നോടൊപ്പം പോരുന്നോ എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ട് ‘പോകലാമെ ‘ എന്നായിരുന്നു മറുപടി…. ഒറ്റപ്പെട്ടു പോയതിന്റെ വീര്‍പ്പുമുട്ടല്‍ നന്നേ ആ മുഖത്തുണ്ടായിരുന്നു ….
അപ്പോഴേയ്ക്കും ഹെല്‍ത്ത് സ്‌ക്വാഡും അവിടെത്തിയിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും, ആവശ്യമായ പരിശോധകളും പ്രാഥമിക ചികിത്സയും നല്‍കി. രാത്രിയോടെ നഗരസഭയുടെ സാക്ഷാത്കാരത്തില്‍ അമ്മയെ എത്തിച്ചു … ഞങ്ങളുടെ സംരക്ഷണയില്‍ സുബലക്ഷ്മി അമ്മ ഇപ്പോള്‍ സുഖമായിരിക്കുന്നു …… ഇനി അവരുടെ ബന്ധുക്കളെ കണ്ടെത്തണം. അതിനാവശ്യമായ ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്, കണ്ടെത്താനാകും എന്ന് തന്നെയാണ് പ്രതീക്ഷ. ബന്ധുക്കളെ കണ്ടെത്തും വരെ നഗരസഭ ആവശ്യമായ സംരക്ഷണം ഉറപ്പ് വരുത്തും.
ലെനിന്‍ നഗറിലെ നിരവധി നല്ല മനസുകളാണ് അമ്മയ്ക്ക് വേണ്ട സംരക്ഷണമൊരുക്കുകയും തുടര്‍ന്ന് ഞങ്ങളെ വിവരം അറിയിക്കുകയും ചെയ്തത്. ഒരിക്കല്‍ കൂടി നന്ദി,ലെനിന്‍ നഗര്‍, കേരള പൊലീസ് , നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും അടക്കം എല്ലാപേര്‍ക്കും നന്ദി.
നമ്മുടെ നാടിന്റെ നന്മ അത്രകണ്ട് ഇല്ലാതായിട്ടൊന്നുമില്ല എന്നത് പ്രതീക്ഷയാണ്. ഒറ്റപെട്ടു പോകുന്ന മനുഷ്യരെ ചേര്‍ത്ത് പിടിക്കാനും അവര്‍ക്ക് സംരക്ഷണം നല്‍കാനും ഇവിടെ മനുഷ്യരുണ്ട്. നമ്മള്‍ അത്രപെട്ടെന്നൊനും തോറ്റുപോകുന്നവരല്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here