പഴയിടം മോഹനന്‍ നമ്പൂതിരിയ്ക്ക് പിന്തുണയുമായി മന്ത്രി വി.എന്‍ വാസവന്‍. പഴയിടത്തിന്റെ വീട്ടിലെത്തിയാണ് മന്ത്രി പിന്തുണ അറിയിച്ചത്. മനുഷ്യ നന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അദ്ദേഹത്തിന് ഒപ്പമുണ്ട്. കലോത്സവത്തിലേക്ക് തിരിച്ചു വരുന്ന കാര്യത്തില്‍ പഴയിടം നല്ല മനസോടെ ചിന്തിക്കുമെന്നാണ് കരുതുന്നതെന്ന് വി എന്‍ വാസവന്‍ പ്രതികരിച്ചു. പഴയിടത്തിന് നല്ല മനസാണെന്നും കൊവിഡ് കാലത്ത് അത് ജനങ്ങള്‍ കണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പഴയിടം മോഹനന്‍ നമ്പൂതിരിയെ മാറ്റി നിര്‍ത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.സി പി ഐ എം ഗൃഹസന്ദർശനത്തിന്റെ ഭാഗമായാണ് മന്ത്രി പഴയിടത്തിന്റെ വീട്ടിലെത്തിയത്.
അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണം പാകം ചെയ്യാനായി ഇനി എത്തില്ലെന്നു പഴയിടം മോഹനൻ നമ്പൂതിരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കലോത്സവത്തിന് മാംസാഹാരം വിളമ്പാത്തതിനു പഴയിടത്തിനുനേരെ ഒരു വിഭാഗം വിമർശനം ഉയർത്തിയിരുന്നു. നോൺ വെജ് ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഭയപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പഴയിടത്തിൻ്റെ പിന്മാറ്റം. വിവാദത്തിനു പിന്നിൽ വർഗീയ അജണ്ടയുണ്ടെന്നും പഴയിടം പറഞ്ഞിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജിറ്റേറിയൻ ഭക്ഷണവും വിളമ്പണമെന്ന് ആവശ്യപ്പെട്ട് പ്രമുഖരടക്കം ഒരു വിഭാഗം രംഗത്തെത്തിയതാണ് വിവാദത്തിനു വഴിവെച്ചിരുന്നത്. എന്നാൽ അടുത്ത വർഷം മുതൽ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here