‘ഈ പോരാട്ടത്തില്‍ LGBTIQ+ കമ്മ്യൂണിറ്റി ജയിക്കും’; സോനു-നികേഷ് അഭിമുഖം

സ്വവര്‍ഗവിവാഹത്തിന്റെ നിയമസാധുത പരിശോധിക്കുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി മാര്‍ച്ച് 13 മുതല്‍ വാദങ്ങള്‍ കേട്ടുതുടങ്ങും. സെക്ഷന്‍ 377 അസാധുവാകുകയും എന്നാല്‍ സ്വവര്‍ഗ്ഗവിവാഹം അനുവദിക്കാതിരിക്കുകയും ചെയ്തത് ഒരുപാട് സ്വവര്‍ഗാനുരാഗികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കേരളത്തില്‍നിന്നുള്ള ഗേ ദമ്പതികളായ നികേഷ്-സോനു എന്നിവരുടെ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. സ്വവര്‍ഗാനുരാഗികള്‍ നിലവില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും, നിയമപോരാട്ടത്തെയും പറ്റി നികേഷ്-സോനു ദമ്പതികളുമായുള്ള അഭിമുഖം…

സ്വവര്‍ഗവിവാഹങ്ങള്‍ നിയമപരമാക്കുന്നതിനെ സംബന്ധിച്ച് സുപ്രീംകോടതി തീരുമാനമെടുക്കാന്‍ പോകുകയാണ്. നിങ്ങളടക്കമുള്ള ഒരുപാട് പേര്‍ക്ക് നീതി ലഭിക്കുമെന്ന നിശ്ചയദാര്‍ഢ്യമുണ്ടോ?

നികേഷ്: നീതി കിട്ടാന്‍ വേണ്ടിയാണല്ലോ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ലഭിക്കുമെന്ന് നിശ്ചയമായും ഉറപ്പുണ്ട്. കാരണം,തുല്യനീതി എന്നത് ഞങ്ങളുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഭരണഘടന അനുശാസിക്കുന്ന പല അവകാശങ്ങളും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല. നമ്മളത് വ്യക്തമായി കോടതിക്ക് മുന്‍പില്‍ ബോധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നീതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് ഉള്ളത്.

സോനു: നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. കാലം മാറിയിട്ടുണ്ട്. ഒരുപാട് രാജ്യങ്ങളില്‍ ഇന്ന് സ്വവര്‍ഗ്ഗവിവാഹം നിയമപരമാണ്. അതുകൊണ്ടുതന്നെ കാലത്തിനൊപ്പം കോടതിയും സ്വതന്ത്ര്യമായി, പക്ഷംപിടിക്കാതെ നില്‍ക്കും എന്നുതന്നെയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്.

നിങ്ങളുടേതടക്കമുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഈ നിയമപോരാട്ടം എങ്ങനെയുള്ളതായിരുന്നു എന്ന് വ്യക്തമാക്കാമോ?

നികേഷ്: ഇന്ത്യയില്‍ത്തന്നെ ആദ്യമായി സ്വവര്‍ഗവിവാഹത്തിന്റെ നിയമപരതയെ സംബന്ധിച്ച് ഹര്‍ജി നല്‍കിയത് ഞങ്ങളാണ്. ഞങ്ങളുടേതിന് ശേഷം ഒരുപാട് പെറ്റിഷനുകള്‍ വന്നു. ഡല്‍ഹി ഹൈക്കോടതിയിലടക്കം ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടു. സെക്ഷന്‍ 377 റദ്ദാക്കപ്പെടുന്നതിന് തൊട്ടുമുന്‍പാണ് ഞങ്ങള്‍ വിവാഹിതരായത്. ആ സമയങ്ങളില്‍ അത്തരത്തിലൊരു വിധിന്യായം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. സെക്ഷന്‍ 377 ഹോമോസെക്ഷ്വല്‍ വ്യക്തികള്‍ തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമാക്കി എന്നേയുള്ളു. അതിനപ്പുറമുള്ള അവകാശങ്ങളെക്കുറിച്ച് ആ വിധിയില്‍ ഇല്ല. അതുകൊണ്ടുതന്നെ ഞങ്ങളുടെ വിവാഹത്തിന് നിയമപരമായ സാധുത വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. ആ ആഗ്രഹമാണ് നിയമപോരാട്ടത്തിലേക്ക് എത്തിച്ചത്. ആരെങ്കിലുമൊരാള്‍ മുന്നിട്ടിറങ്ങിയാലല്ലേ മാറ്റം സാധ്യമാകുകയുള്ളൂ.

സോനു: പലതവണ ഹൈക്കോടതി നമ്മുടെ ഹര്‍ജികള്‍ മാറ്റിവച്ചിരുന്നു. അത്തരത്തില്‍ പോരാട്ടം ഒരുപാട് നീണ്ടുപോയിട്ടുണ്ട്. ഈ കേസും ഒരുപാട് വര്‍ഷം നീണ്ടുപോകുമോ എന്ന ആശങ്ക ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിനിടയ്ക്കാണ് സുപ്രീംകോടതി എല്ലാ ഹര്‍ജികളും ഫയലില്‍ സ്വീകരിക്കുന്നത്, അവിടെയാണ് നമുക്ക് ഒരു പ്രതീക്ഷ വന്നത്. എങ്കിലും കാലതാമസത്തില്‍ നിരാശയുണ്ട്. ലൈംഗികന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഭരണകൂടത്തിനും കോടതികള്‍ക്കും ഉള്ള ഈ മെല്ലെപ്പോക്ക് ആശങ്കയുളവാക്കുന്നതാണ്.

നിയമപോരാട്ടത്തിന്റെ വഴിയില്‍ നേരിടേണ്ടിവന്ന മാനസികബുദ്ധിമുട്ടുകള്‍ എന്തെല്ലാമായിരുന്നു?

നികേഷ്: കേസ് കൊടുത്ത സമയത്ത് പലരീതിയിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലരും പിന്തുണയ്ക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ വളരെ രൂക്ഷമായാണ് അവരുടെ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഞങ്ങളെ വ്യക്തിപരമായി അവഹേളിച്ചുകൊണ്ടും തെറിവിളിച്ചുകൊണ്ടും സോഷ്യല്‍ മീഡിയ നിറഞ്ഞു. പക്ഷെ കേസ് കൊടുത്തുകഴിഞ്ഞപ്പോള്‍ ഞങ്ങളുടെ സമയവും വര്‍ഷങ്ങളുമല്ലേ പോകുന്നത്. ഞങ്ങളുടെ പ്രായം കൂടുകയാണ്. നമുക്ക് കിട്ടേണ്ട നീതി നമ്മുടെ നല്ലപ്രായത്തില്‍ അല്ലേ നമുക്ക് ലഭിക്കേണ്ടത്. അത്തരത്തില്‍ പലരീതിയിലുള്ള സ്‌ട്രെസ് ഉണ്ടായിട്ടുണ്ട്. എന്നാലും എത്രകാലമെടുത്താലും ഞങ്ങള്‍ക്ക് പിന്നാലെ വരുന്നവര്‍ക്ക് വേണ്ടിയെങ്കിലും ജയിക്കണം എന്ന ആഗ്രഹമാണ് പോരാട്ടം തുടരാന്‍ പ്രേരിപ്പിച്ചത്.

സോനു: പ്രധാനമായും സോഷ്യല്‍ മീഡിയ ആക്രമണമാണ് ഞങ്ങളെ അസ്വസ്ഥപ്പെടുത്തിയത്. ഞങ്ങള്‍ക്കൊപ്പം ഞങ്ങളുടെ കുടുംബത്തെയും അതില്‍ വലിച്ചിഴച്ചു. പക്ഷെ ഞങ്ങളത് കാര്യമാക്കിയെടുത്തില്ല എന്നതാണ് സത്യം.

സെക്ഷന്‍ 377 നിരോധിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നല്ലോ നിങ്ങളുടെ വിവാഹം. നിരോധനത്തിനു വിവാഹത്തിനും ഇടയിലുള്ള സാഹചര്യങ്ങളെ എങ്ങനെയാണ് നേരിട്ടത്?

നികേഷ്: ലൈംഗികന്യൂനപക്ഷങ്ങള്‍ ആയതുകൊണ്ടുതന്നെ ഭയങ്കര ബുദ്ധിമുട്ട് തോന്നിയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. ഞങ്ങള്‍ അനുഭവിച്ച മെന്റല്‍ ട്രോമ ജീവിതകാലം മുഴുവന്‍ ഞങ്ങളുടെയൊപ്പം ഉണ്ടാകും. അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ട്. സ്വത്വം തിരിച്ചറിഞ്ഞ കാലംമുതല്‍ വിധി വരുന്ന കാലംവരെ അനുഭവിച്ച ബുദ്ധിമുട്ട് ചില്ലറയായിരുന്നില്ല. നമ്മുടെ സമൂഹം ഞങ്ങളെ അംഗീകരിക്കുന്നില്ല. വീട്ടുകാരും നാട്ടുകാരും അംഗീകരിക്കുന്നില്ല. ആ ബുദ്ധിമുട്ടുകള്‍ ഭീകരമായിരുന്നു.

സോനു: ഞങ്ങളുടെ ഐഡന്റിറ്റി തുറന്നുപറയാന്‍ സാധിക്കാത്തതായിരുന്നു ഏറ്റവും വലിയ ബുദ്ധിമുട്ട്. നിയമം അനുകൂലമല്ലാത്തതും സമൂഹം എങ്ങനെ സ്വീകരിക്കും എന്ന കാര്യങ്ങളില്ലെല്ലാം ആശങ്കയുണ്ടായിരുന്നു. സമൂഹത്തില്‍നിന്ന് ഉള്‍വലിയുന്നോ എന്ന പേടി ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷെ രണ്ട് മാസത്തിനുള്ളില്‍ കോടതിവിധി വന്നു. അപ്പോഴാണ് ഞങ്ങള്‍ക്ക് പുറത്തുവരാനുള്ള ധൈര്യമുണ്ടായത്.

ദമ്പതികള്‍ എന്ന രീതിയില്‍ ഈ കാലയളവില്‍ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ നേരിട്ടു?

സോനു&നികേഷ്: ഹെട്രോസെക്ഷ്വല്‍ ദമ്പതികള്‍ക് ലഭിക്കുന്ന ഒരു പരിഗണനയും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഒരു അപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കുമ്പോള്‍പ്പോലും സിംഗിള്‍ എന്ന കോളത്തിലാണ് ഞങ്ങള്‍ക്ക് ഐഡന്റിറ്റി രേഖപ്പെടുത്തേണ്ടിവരുന്നത്. ഒരുമിച്ച് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ പറ്റുന്നില്ല, ഇന്‍ഷുറന്‍സില്‍ പങ്കാളികളാകാന്‍ സാധിക്കുന്നില്ല. പിന്തുടര്‍ച്ചാവകാശമില്ല. ചികിത്സയ്ക്ക് മുന്‍പുള്ള നടപടിക്രമങ്ങള്‍ പോലും ഞങ്ങളെപ്പോലുള്ളവര്‍ക്ക് ദുഷ്‌കരമാണ്. ഇത്തരത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്, ഇപ്പോഴും നേരിടുന്നുണ്ട്.

സെക്ഷന്‍ 377 സുപ്രീംകോടതി അസാധുവാക്കിയത് 2018 സെപ്റ്റംബറിലാണ്. ഈ ഹര്‍ജികള്‍ കോടതി പരിഗണിക്കാന്‍ പോകുന്നത് 2023 ലും. നാലേകാല്‍വര്‍ഷത്തെ ഈ ഗ്യാപ്പ് വളരെ കൂടുതലാണെന്ന് തോന്നുന്നുണ്ടോ?

നികേഷ്: കേരളാ ഹൈക്കോടതിയില്‍ ആദ്യം ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ത്തന്നെ ഒരു വിധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.പക്ഷെ സര്‍ക്കാര്‍ കോടതിയില്‍ മറുപടി സമര്‍പ്പിച്ചിരുന്നില്ല. അങ്ങനെ കേസ് നീണ്ടുപോകുമ്പോഴാണ് സുപ്രീംകോടതി ഇത്തരത്തിലുള്ള രാജ്യത്തെ എല്ലാ ഹര്‍ജികളും അങ്ങോട്ട് മാറ്റുന്നത്. സമയമെടുത്തു എന്നത് ശരിയാണ്. എന്നാലും നമ്മള്‍ ആഗ്രഹിക്കുന്നത് പോസിറ്റീവായ ഒരു വിധിയാണ്. സുപ്രീംകോടതിയുടെ വിധി എന്നുപറയുന്നത് ഒരു ഫൈനല്‍ ജഡ്ജ്മെന്റ് ആണല്ലോ. അതുകൊണ്ടുതന്നെ ഇനിയും നീണ്ടുപോകരുത് എന്നതാണ് ആഗ്രഹം.

സോനു: ആ ഗ്യാപ്പ് വളരെ കൂടുതലായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. രണ്ട് പേര്‍ക്ക് പരസ്പരസമ്മതത്തോടെ കല്യാണം കഴിക്കുന്നതില്‍ ആര്‍ക്കാണ് കുഴപ്പമെന്ന് തോന്നിയിട്ടുണ്ട്. ഒരുമിച്ച് ജീവിച്ചോട്ടെ എന്ന് കോടതി പറഞ്ഞു. പക്ഷെ ഒരു കുടുംബമായി ജീവിക്കാനുള്ള അവകാശവും അപ്പോള്‍ത്തന്നെ നല്‍കണമായിരുന്നു എന്നതാണ് എന്റെ അഭിപ്രായം.

സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂലസമീപനമല്ല സ്വീകരിക്കുന്നത്. ആ ഒരു തടസ്സം എങ്ങനെ മറികടക്കുമെന്നാണ് തോന്നുന്നത്?

നികേഷ്: ആ തടസ്സം കോടതി മറികടക്കുമെന്നുതന്നെയാണ് ഉറച്ചുവിശ്വസിക്കുന്നത്. സെക്ഷന്‍ 377 നിരോധനം നോക്കിക്കഴിഞ്ഞാല്‍ മനസ്സിലാകും, ആദ്യം ബി.ജെ.പി ഭരണകൂടം നിരോധനത്തിന് എതിരായിരുന്നു. പിന്നീടാണ് അവര്‍ അത് മാറ്റിപ്പറയുന്നതും കോടതിക്ക് എന്ത് വേണമെന്ന് തീരുമാനിക്കാമെന്ന് പറയുന്നതും. അത്തരത്തില്‍ സ്വതന്ത്ര്യമായി തീരുമാനമെടുക്കാനുള്ള അധികാരം ജുഡീഷ്യറിക്കുണ്ട്. ഈ കാര്യത്തിലും അങ്ങനെ ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം തുല്യത,സ്വകാര്യത തുടങ്ങിയവയ്ക്കുള്ള ലംഘനങ്ങളാണ് ഹര്‍ജികളില്‍ ഉള്ളത്.

സോനു; ഞങ്ങള്‍ വിധി പോസിറ്റീവ് ആകുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി എന്തുവേണമെന്നതില്‍ പക്വതയുള്ള തീരുമാനം എടുക്കുമെന്നുതന്നെ കരുതുന്നു. സ്വവര്‍ഗവിവാഹങ്ങള്‍ നിയമപരമാക്കിയ രാജ്യങ്ങളിലെല്ലാം കാര്യങ്ങള്‍ നല്ല രീതിയിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതി അതെല്ലാം പരിഗണിച്ച്, സ്വതന്ത്ര്യമായി തീരുമാനമെടുക്കും എന്നുതന്നെയാണ് വിശ്വാസം.

സംസ്ഥാനത്തെ നിയമങ്ങള്‍, സമീപനങ്ങള്‍ മാറണമെന്ന് തോന്നിയിട്ടുണ്ടോ?

സോനു&നികേഷ്: തോന്നിയിട്ടുണ്ട്. നമ്മുടേത് LGBTIQ കമ്മ്യൂണിറ്റിയാണ്. എല്ലാവരും ഉള്‍പ്പെടുന്ന ഒന്ന്. എന്നാല്‍ സംസ്ഥാനത്ത ഒരു വിഭാഗത്തെ മാത്രം എടുത്തുപറയുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. അത് തെറ്റാണ്. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ ഞങ്ങളുടെ സുഹൃത്തുക്കള്‍ തന്നെയാണ്. അവര്‍ക്ക് പരിരക്ഷ ലഭിക്കേണ്ടതുണ്ട്. പക്ഷെ ആ വിഭാഗത്തെ മാത്രം ഫോക്കസ് ചെയ്യുകയും, ഇതര ലൈംഗികന്യൂനപക്ഷ വിഭാഗങ്ങളെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയോട് എതിര്‍പ്പുണ്ട്. ആ സമീപനം മാറേണ്ടതാണ്. എല്ലാവരെയും ഉള്‍ക്കൊള്ളണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News