വഴിയിൽക്കിടന്നു കിട്ടിയ മദ്യം കുടിച്ചു; ഒരു മരണം

ഇടുക്കി അടിമാലിയില്‍ കീടനാശിനി കലർന്ന മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരാൾ മരിച്ചു. അടിമാലി സ്വദേശി പടയാട്ടിൽ കുഞ്ഞുമോൻ ആണ് മരിച്ചത്. ഒപ്പം മദ്യപിച്ച രണ്ട് പേർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വഴിയിൽ കിടന്നു ലഭിച്ചതെന്നറിയിച്ച് സുഹൃത്ത് നൽകിയ മദ്യം കഴിക്കുകയായിരുന്നുവെന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

കീടനാശിനിയുടെ അംശമുള്ള മദ്യം കഴിച്ച് അടിമാലി സ്വദേശികളായ മൂന്നു പേരാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്നത്. ഇവരിൽ 40 വയസുകാരനായ കുഞ്ഞുമോൻ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം മുന്‍പ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മദ്യക്കുപ്പിയിൽ സിറിഞ്ച് കൊണ്ട് തുളച്ച പാടുണ്ടായിരുന്നു എന്നും മരിച്ച കുഞ്ഞുമോന്റെ സഹോദരൻ വിൻസെൻ്റ് പറഞ്ഞു. മദ്യത്തിൽ ആരോ വിഷം കലർത്തിയിട്ടുണ്ടെന്നാണ് ആരോപണം.

കുഞ്ഞുമോനെക്കൂടാതെ അടിമാലി സ്വദേശികളായ അനില്‍ കുമാര്‍, മനോജ് എന്നിവരും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തടിപ്പണിക്കാരായ ഇവർക്കൊപ്പം ജോലി ചെയ്തുവരുന്ന അടിമാലി അപ്സരകുന്ന് സ്വദേശി സുധീഷ് നൽകിയ മദ്യം കഴിച്ചെന്നും പിന്നാലെ ശാരീരിക അസ്വസ്തകൾ അനുഭവപ്പെട്ടെന്നുമാണ് മൂവരും ആശുപത്രി അധികൃതരെ അറിയിച്ചിട്ടുള്ളത്.

തനിക്ക് വഴിയിൽക്കിടന്നു കിട്ടിയ മദ്യം മനോജിന് നൽകിയെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് സുധീഷിൻ്റെ മൊഴി.കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പലവട്ടം ചോദ്യം ചെയ്ത സുധീഷ് ഇപ്പോഴും നീരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News