സേതുസമുദ്രത്തിൽ ബിജെപിയുടെ യു ടേൺ; ദൈവത്തെയും ജനങ്ങളുടെ വിശ്വാസത്തെയും ആരും വിമർശിച്ചിട്ടില്ലെന്ന് സ്റ്റാലിൻ

സേതുസമുദ്രം പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി തമിഴ്നാട് നിയമസഭ.നേരത്തെ പദ്ധതിയെ എതിർത്തിരുന്ന പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയും സഖ്യകക്ഷിയായ ബിജെപിയും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ ആഴം കുറഞ്ഞ പ്രദേശത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അവിടെ നിരന്തരമായ ഡ്രഡ്ജിംഗ് വേണ്ടി വരുന്നതിനാൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഗുണദോഷങ്ങൾ പഠിക്കാൻ സർക്കാരിനോട് പ്രതിപക്ഷ പാർട്ടികൾ പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് ആവശ്യപ്പെട്ടു.

ഡിഎംകെ സഖ്യകക്ഷിയായിരുന്ന യുപിഎ സർക്കാർ 2004ൽ 2427 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. 50 ശതമാനം ജോലികളും പൂർത്തിയായപ്പോൾ രാഷ്ട്രീയ കാരണങ്ങളാൽ ബിജെപി അതിന് തടസ്സങ്ങൾ സൃഷ്ടിച്ചു. തുടക്കത്തിൽ പദ്ധതിയെ പിന്തുണച്ച അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയും നിലപാട് മാറ്റി കോടതിയിൽ കേസ് ഫയൽ ചെയ്തു എന്നും എംകെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ ഒരു കപ്പൽ പാത സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ദശാബ്ദങ്ങളായി തമിഴ്നാട്ടിൽ രാഷ്ട്രീയവും മതപരവുമായ സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു. ഇതിഹാസമായ രാമായണത്തിൽ പരാമർശിക്കുന്ന രാമസേതുവുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ബിജെപിയാണ് സംസ്ഥാനത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ സൃഷ്ടിച്ചത്.പിന്നീട് എഐഎഡിഎംകെയും പദ്ധതിക്കെതിരെ എതിർപ്പുമായി രംഗത്ത് വരികയായിരുന്നു.പദ്ധതി പ്രദേശത്ത് ‘രാമസേതു’ ഉണ്ടെന്ന വാദവുമായിരുന്നു എതിർപ്പിൻ്റെ പ്രധാന കാരണമായി ബിജെപി ചൂണ്ടിക്കാട്ടി. പദ്ധതി ദേശീയ പാമ്പര്യത്തിനും വിശ്വാസത്തിനും എതിരാണെന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ളവർ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.

രാമൻ ഒരു സാങ്കൽപ്പിക കഥാപാത്രമായിരുന്നു എന്ന പ്രമേയത്തിലെ പരാമർശം 100 കോടി ഹിന്ദുക്കളെ അപമാനിക്കുന്നതാണ് .രാമൻ ഒരു അവതാര പുരുഷനായിരുന്നു എന്ന് എഐഎഡിഎംകെ അംഗം പൊള്ളാച്ചി വി ജയരാമൻ പറഞ്ഞു.രാമനെ ദൈവമായി ആരാധിക്കുന്നതിനാൽ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ ആവശ്യപ്പെട്ടു.

ദൈവത്തെയും ജനങ്ങളുടെ വിശ്വാസത്തെയും ആരും വിമർശിച്ചിട്ടില്ലെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നത് തടയാൻ വിശ്വാസം ഉപയോഗിച്ചുവെന്ന് മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ പാക് കടലിടുക്കിൽ കപ്പൽ കനാൽ നിർമ്മിക്കുവാനുള്ള പദ്ധതിയാണ് സേതുസമുദ്രം പദ്ധതി. ഇന്ത്യൻ ഉപദ്വീപിനെ ചുറ്റിയുള്ള ജലപാത കൂടുതൽ സുഗമമാക്കുന്ന ഈ പദ്ധതി നിലവിൽ വന്നാൽ ഇപ്പോൾ ശ്രീലങ്കയെ ചുറ്റി സഞ്ചരിക്കേണ്ടി വരുന്ന കപ്പലുകൾക്ക് 650 കിലോമീറ്ററോളം (350 നോട്ടിക്കൽ മൈൽ) ദൂരവും 30 മണിക്കൂറോളം സമയവും ലാഭിക്കാൻ കഴിയും. ആഡംസ് ബ്രിഡ്ജിലും പാക് കടലിടുക്കിലുമായി നിർമ്മിക്കപ്പെടുന്ന രണ്ട് കനാലുകൾ സേതുസമുദ്രം പദ്ധതിയിൽ ഉൾപ്പെടുന്നു. പാക് കടലിടുക്കിലൂടെ കടന്നുപോകുന്ന നിർദ്ദിഷ്ട കപ്പൽ കനാലിന്റെ ആകെ നീളം 167 കിലോമീറ്ററാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration