വയനാട്ടില്‍ കര്‍ഷകന്‍റെ ജീവനെടുത്ത കടുവക്കായി തെരച്ചില്‍ ശക്തം

വയനാട് പുതുശ്ശേരിയില്‍ കര്‍ഷകന്റെ ജീവനെടുത്ത കടുവക്കായി തെരച്ചില്‍ തുടരുന്നു. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് മാനന്തവാടിയില്‍ വന്‍ പ്രതിഷേധം തുടരുകയാണ്. ജനങ്ങളുടെ ആശങ്ക അകറ്റിയില്ലെങ്കില്‍ മരിച്ച തോമസിന്റെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്നാണ് കുടുംബത്തിന്റെ തീരുമാനം

കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ വെള്ളാരംകുന്നില്‍ നൂറിലേറെ വനപാലക സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് 5 നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു. മുത്തങ്ങയില്‍ നിന്ന് കുങ്കിയാനയെ എത്തിച്ചിട്ടുണ്ട്. റാപ്പിഡ് റെസ്പോണ്‍സ് സംഘത്തിന്റെ നേതൃത്വത്തില്‍ വ്യാപക തെരച്ചില്‍ തുടരുകയാണ്. കടുവ ഉള്‍വനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.

മരിച്ചയാളുടെ കുടുംബം സര്‍ക്കാരിനോട് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നാണ് അവരുടെ ആവശ്യം. അതേസമയം തോമസിന്റെ കുടുംബത്തിന് സഹായധനം ഉറപ്പാക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കുടുംബത്തിലെ അംഗത്തിന് ജോലി നല്‍കുന്നത് പരിശോധിക്കുമെന്നും വയനാട് ജില്ലയില്‍ ജോലി നല്‍കുന്നതിന് ഒഴിവുണ്ടോയെന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കടുവയെ പിടികൂടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നും എത്രയും വേഗം പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും വയനാട് ജില്ലാ കളക്ടര്‍ എ ഗീത പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടക്കുന്ന മാനന്തവാടി താലൂക്കില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News