തരൂരിനെതിരെ പടയൊരുക്കം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കേരളമാണ് തന്റെ കര്‍മ്മമണ്ഡലമെന്ന് പറഞ്ഞ ശശി തരൂരിനെ ശക്തമായി നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. സംസ്ഥാന നേതാക്കള്‍ക്ക് പിന്നാലെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തന്നെ തരൂരിനെതിരെ രംഗത്തെത്തി. ശശി തരൂരിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പറയണം. പരസ്പരം പറഞ്ഞ് അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കരുത്. സ്വപ്നഗോപുരം തച്ചുടയ്ക്കാതെ നോക്കേണ്ട ഉത്തരവാദിത്വം ഓരോ കോണ്‍ഗ്രസുകാര്‍ക്കുമുണ്ട്. ചെറിയ ഭിന്നിപ്പുകള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.

നിലപാട് കൂടുതല്‍ കടുപ്പിച്ചായിരുന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആരെങ്കിലും മുഖ്യമന്ത്രി കോട്ട് ഇട്ടിട്ടുണ്ടെങ്കില്‍ അത് അഴിച്ചുവെയ്ക്കുന്നതാണ് നല്ലതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാക്കുകള്‍. നാല് വര്‍ഷം കഴിഞ്ഞു മാത്രമേ കേരളത്തില്‍ തെരഞ്ഞെടുപ്പ് ഉള്ളൂ. അന്ന് എന്തു സംഭവിക്കുമെന്നത് ഇപ്പോള്‍ പറയേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ കുറിച്ചാണ് എല്ലാവരും ആലോചിക്കേണ്ടത്. ഒറ്റക്കെട്ടായി കോണ്‍ഗ്രസ് വിജയിക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ശശി തരൂരിനെതിരെ ചെന്നിത്തലയ്ക്കൊപ്പം ഒളിയമ്പുകളുമായി കെ മുരളീധരനും രംഗത്തുവന്നു. ലോക്സഭാ തെരഞ്ഞെടുപ്പാകണം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ മറ്റൊരു തെരഞ്ഞെടുപ്പിനെ കുറിച്ച് കോണ്‍ഗ്രസിന് ചിന്തിക്കേണ്ടി വരില്ലെന്നും മുരളീധരന്‍ പരിഹസിച്ചു. പരസ്യപ്രസ്താവനകള്‍ അവസാനിപ്പിച്ച് പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍ പറയണമെന്നും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും മുരളീധരന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന നേതാക്കള്‍ക്ക് ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ടാകില്ലെന്ന വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും രംഗത്തെത്തി. നേതാക്കളെ സൃഷ്ടിക്കുന്നത് ജനങ്ങളാണ്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ആകണമെന്ന് ആഗ്രഹിക്കാം, എന്നാല്‍ അത് തുറന്നുപറഞ്ഞു നടക്കാന്‍ പാടില്ലെന്നും ഹസന്‍ പരിഹസിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News