നമ്പി നാരായണനെ കുടുക്കിയ ഐ എസ് ആര്‍ ഒ ഗൂഢാലോചനക്കേസ്സില്‍ വിദേശ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് സി ബി ഐ കേരളാ ഹൈക്കോടതിയെ അറിയിച്ചു. നമ്പി നാരായണന്റെ അറസ്റ്റ് നിയമവിരുദ്ധമായിരുന്നു. യാതൊരു തെളിവുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്ന് കേരളാ ഹൈക്കോടതിയില്‍ സി ബി ഐ വാദിച്ചു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ചാരക്കേസ് വ്യാജമാണെന്നും സി ബി ഐ ചൂണ്ടിക്കാണിച്ചു. കേസില്‍ കൂടുതല്‍ തെളിവ് കിട്ടിയോ എന്ന് വാദത്തിനിടെ സി ബി ഐ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു.
വിദേശ ഇടപെടല്‍ ഉണ്ടായ കേസ് ആയതിനാല്‍ വിശദമായ പരിശോധ വേണ്ടിവരുമെന്നും കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും സി ബി ഐ ആവശ്യപ്പെട്ടു. കേരള മുന്‍ ഡി ജി പി സിബി മാത്യൂസ് ഐ ബി ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഗുജറാത്ത് എ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍, പി എസ് ജയകുമാര്‍, കേരള പൊലീസ് ഉദ്യോഗസ്ഥനായിരുന്ന എസ് വിജയന്‍, തമ്പി എസ് ദുര്‍ഗ തുടങ്ങിയവരെയായിരുന്നു ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ത്തിരുന്നത്. ഇവര്‍ക്ക് നല്‍കിയ മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ സി ബി ഐയുടെ ഹര്‍ജി.
രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തിയ കേസിനെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ എല്ലാ പ്രതികളുടെയും മുന്‍കൂര്‍ ജാമ്യം റദ്ധാക്കി കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കണമെന്ന് സി ബി ഐ ആവശ്യപ്പെട്ടു.
ഐ എസ് ആര്‍ ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീംകോടതിയാണ് സി ബി ഐക്ക് നിര്‍ദേശം നല്‍കിയത്. ഗൂഢാലോചന പരിശോധിക്കാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ഡികെ ജെയിനിനെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. ഗുരുതരമായ നിയമലംഘനം നമ്പി നാരായണനെതിരെ നടന്നുവെന്നായിരുന്നു ജസ്റ്റിസ് ഡി കെ ജെയിന്‍ സമിതിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അതേപടി സി ബി ഐക്ക് കൈമാറിയ സുപ്രീംകോടതി സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here