കാര്യങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കാന്‍ ഗണേഷ്‌കുമാർ  അക്കാദമി ഓഫീസ് സന്ദർശിക്കണം: രഞ്ജിത്ത്

കെ ബി ഗണേഷ് കുമാറിനെതിരെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി അധഃ പതിച്ചെന്ന ഗണേഷ് കുമാറിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി രഞ്ജിത്ത് രംഗത്തെത്തി. ഗണേഷ് നടത്തിയത് പറയാന്‍ പാടില്ലാത്ത പരാമര്‍ശമെന്ന് രഞ്ജിത്ത് പറഞ്ഞു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് രഞ്ജിത്തിന്‍റെ മറുപടി. മറുപടി ഇങ്ങിനെ…

മുന്‍മന്ത്രി ശ്രീ.കെ.ബി ഗണേഷ് കുമാര്‍ എന്റെ സുഹൃത്താണ്. പക്ഷേ നിയമസഭാ പുസ്തകോല്‍സവത്തോടനുബന്ധിച്ച് നടന്ന ‘സിനിമയും എഴുത്തും’ എന്ന പാനല്‍ചര്‍ച്ചയില്‍  സിനിമ -ടി.വി അവാര്‍ഡ് കൊടുക്കുക, ഫിലിം ഫെസ്റ്റിവല്‍ നടത്തുക എന്ന രീതിയിലേക്ക് അധ:പതിച്ചുപോയി അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നു അദ്ദേഹം പറഞ്ഞതില്‍ വളരെയധികം ഖേദമുണ്ട്. കൈയിലുള്ള ചെറിയ ധനവിഹിതം കൊണ്ട് ലോകത്തെ ഏറ്റവും മികച്ച സിനിമകളും വിഖ്യാതരായ സിനിമാപ്രവര്‍ത്തകരെയും കേരളത്തിലത്തെിച്ച് അവരുമായി ഡെലിഗേറ്റുകള്‍ക്ക് സംവാദത്തിനുള്ള അവസരം ഒരുക്കുന്ന വേദിയാണ് IFFK.  ഏറ്റവും മികച്ച സിനിമകളൊരുക്കുന്നവരുടെ അര്‍ഹതയുള്ള കൈകളിലാണ് അവാര്‍ഡുകള്‍ എത്തുന്നത് എന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് അക്കാദമി നടത്തുന്നത്. IFFKയുടെ കഴിഞ്ഞ രണ്ട് പതിപ്പുകളിലായി നല്‍കി വരുന്ന സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡിന് ഒരു അന്താരാഷ്ട്ര മാനമുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള്‍  അക്കാദമിയെ പഴിചാരും മുമ്പ് ഗണേശൻ മനസിലാക്കേണ്ടിയിരുന്നു. IFFKക്കും സിനിമാ/ടി.വി അവാര്‍ഡ് വിതരണത്തിനും പുറമെ ചലച്ചിത്ര അക്കാദമി  ചലച്ചിത്ര മേഖലയില്‍ നിരവധി പദ്ധതികള്‍ നടത്തി വരുന്നുണ്ട്.

എന്റെ സുഹൃത്ത് ഗണേശൻ മന്ത്രിപദം ഒഴിഞ്ഞതിന് ശേഷം നിരവധി മന്ത്രിമാരും നിര്‍ദിഷ്ട  പദ്ധതികളും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കാന്‍ സഹായിച്ചിട്ടുണ്ട്.  അതേ കുറിച്ച് അക്കാദമി ഗണേശനെ ധരിപ്പിച്ചിട്ടുണ്ടാകില്ല.  അതാകാം തെറ്റിദ്ധാരണയ്ക്ക്  കാരണം. പുതിയതും തുടര്‍ന്നു വരുന്നതുമായി 25ല്‍പ്പരം പദ്ധതികള്‍ അക്കാദമി നടപ്പിലാക്കി വരുന്നു. വളരെ വിശദമായി അക്കാദമിയുടെ പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട് ഇതോടൊപ്പം വെക്കുന്നു. അതൊന്ന് പരിശോധിച്ചാൽ അക്കാദമിയില്‍ എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാവും.

പ്രധാന പദ്ധതികള്‍

1. ചലച്ചിത്ര ഗവേഷണത്തിനായി ഫെലോഷിപ്പ് പദ്ധതിയും സിഫ്ര എന്ന ഗവേഷണ കേന്ദ്രവും

മലയാള ചലച്ചിത്ര ഗവേഷണം പ്രോല്‍സാഹിപ്പിക്കുന്നതിനായി ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 35 പേര്‍ മലയാള സിനിമയുടെ ചരിത്രം, സാങ്കേതികത, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നുണ്ട്. ഇവര്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങളുടെ ഇന്റെർണൽ  എക്സ്റ്റേണല്‍ മൂല്യനിര്‍ണയം പൂര്‍ത്തിയായി വരുന്നു. അവ തിരുത്തി സമര്‍പ്പിക്കുന്ന മുറയ്ക്ക് ഇവ പുസ്തകരൂപത്തില്‍ അക്കാദമി പ്രസിദ്ധീകരിക്കുന്നതാണ്.
ചലച്ചിത്ര ഗവേഷണത്തിനായി സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഫിലിം റിസേര്‍ച്ച് ആന്റ് ആര്‍ക്കൈവ്സ് (CIFRA) എന്ന സ്ഥാപനം ചലച്ചിത്ര അക്കാദമിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഗവേഷണാവശ്യത്തിനുള്ള ചലച്ചിത്ര ചരിത്രവുമായി ബന്ധപ്പെട്ട റിസര്‍ച്ച് മെറ്റീരിയലുകള്‍ ചലച്ചിത്ര അക്കാദമി ശേഖരിച്ച് സൂക്ഷിച്ചു വരുന്നു. നിലവില്‍ 3500 ഓളം മലയാള സിനിമകള്‍ ചലച്ചിത്ര അക്കാദമിയില്‍ ഡിജിറ്റല്‍ ഫയലുകളായി സൂക്ഷിച്ചിട്ടുണ്ട്. 13,000ത്തോളം ലോക ക്ളാസിക് സിനിമകള്‍, 6000ത്തോളം ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ചലച്ചിത്ര ചരിത്ര ഗവേഷണത്തിന് ഉതകുന്ന പാട്ടുപുസ്തകങ്ങള്‍, നോട്ടീസുകള്‍, ചലച്ചിത്രപ്രസിദ്ധീകരണങ്ങള്‍ എന്നിവയും ശേഖരിച്ചു സൂക്ഷിച്ചിട്ടുണ്ട്.

2. ചലച്ചിത്രപൈതൃക സംരക്ഷണ പദ്ധതി

മലയാള സിനിമകള്‍ വരുംതലമുറയ്ക്കു വേണ്ടി ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതില്‍ ചലച്ചിത്ര അക്കാദമി ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഓളവും തീരവും, ഓടയില്‍നിന്ന്, യവനിക, വാസ്തുഹാര തുടങ്ങി 19 ഓളം സിനിമകളുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കി റെസ്റ്ററേഷന്‍ പ്രക്രിയയിലേക്കു കടന്നിരിക്കുകയാണ്. ഇവയില്‍ മുന്നു സിനിമകളുടെ 2K റെസ്റ്ററേഷന്‍ അടുത്ത മാസം പുര്‍ത്തിയാവും. ചെന്നൈ പ്രസാദ് കോര്‍പ്പറേഷനാണ് ടെണ്ടര്‍ അടിസ്ഥാനത്തില്‍ അക്കാദമിക്കുവേണ്ടി റെസ്റ്ററേഷന്‍ ചെയ്യുന്നത്.
പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കൈവശമുണ്ടായിരുന്ന 130 ഓളം സിനിമകളുടെ പ്രിന്റുകള്‍ ചലച്ചിത്ര അക്കാദമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞു. അക്കാദമിയുടെ കൈവശമുള്ള 106 ഓളം പ്രിന്റുകളും പി.ആര്‍.ഡിയുടെ പ്രിന്റുകളും ഉള്‍പ്പെടെ 240 ഓളം സിനിമകള്‍ ചരിത്രമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ഡിജിറ്റൈസേഷനും റെസ്റ്ററേഷനും നടത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

3. അക്കാദമിക് രംഗത്തെ പങ്കാളിത്തം

സര്‍വകലാശാല സമ്പര്‍ക്ക, സഹകരണ പദ്ധതിയുടെ ഭാഗമായി വിവിധ യൂണിവേഴ്സിറ്റികളും കോളേജുകളുമായി സഹകരിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി പതിവായി സെമിനാറുകളും ശില്‍പ്പശാലകളും സംഘടിപ്പിച്ചുവരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനകം തന്നെ അഞ്ചു ദേശീയ സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

4. ചലച്ചിത്ര സമീക്ഷയ്ക്ക് യു.ജി.സി അംഗീകാരം

ചലച്ചിത്ര അക്കാദമിയുടെ മുഖമാസികയായ ചലച്ചിത്ര സമീക്ഷ ഉന്നതനിലവാരമുള്ള ഗവേഷണജേണലുകളുടെ റഫറന്‍സ് പട്ടികയായ CARE (Consortium for Academic Research and Ethics) ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രസിദ്ധീകരണമാണ്. Arts & Humanities വിഭാഗത്തിലെ Visual Arts and Performing Arts എന്ന ഫോക്കസ് വിഷയത്തിലാണ് ചലച്ചിത്ര സമീക്ഷ UGC CARE ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗവേഷണ ജേണല്‍ ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ചലച്ചിത്ര സംബന്ധിയായ പഠനങ്ങള്‍, ഗവേഷണലേഖനങ്ങള്‍, നിരൂപണങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി 2017 ആഗസ്റ്റ് മുതല്‍ പ്രസിദ്ധീകരണം തുടങ്ങിയ മാസികയുടെ 64 ലക്കങ്ങള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ന്യൂസ് സ്റ്റാന്റ് ആയ MAGZTERല്‍ ചലച്ചിത്ര സമീക്ഷ ലഭ്യമാക്കിയിട്ടുണ്ട്.

5. മലയാള സിനിമയുടെ ചരിത്രത്തിന്റെ ക്രോഡീകരണം

ചലച്ചിത്ര അക്കാദമിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ പറഞ്ഞിട്ടുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ മലയാള സിനിമയുടെ ചരിത്രത്തിന്റെ ക്രോഡീകരണം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി മലയാള സിനിമ : നാള്‍വഴികള്‍ എന്ന റഫറന്‍സ് ഗ്രന്ഥത്തിന്റെ രണ്ടുവോള്യങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1928 മുതല്‍ 2018 വരെയുള്ള 90 വര്‍ഷങ്ങളിലെ മുഴുവന്‍ സിനിമകളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബൃഹദ്ഗ്രന്ഥത്തിന്റെ ഭാഗമായ 1988 വരെയുള്ള ഭാഗമാണ് പുറത്തിറങ്ങിയത്.

6. ടൂറിംഗ് ടാക്കീസ്

നല്ല സിനിമ നാട്ടിന്‍പുറങ്ങളിലേക്ക് എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ടൂറിംഗ് ടാക്കീസിന് നിലവില്‍ അഞ്ച് മേഖലാ കേന്ദ്രങ്ങളുണ്ട്. പ്രതിവര്‍ഷം ആയിരത്തില്‍പ്പരം പ്രദര്‍ശനങ്ങളാണ് കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം മേഖലാ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നത്. സ്‌കൂളുകള്‍, കോളേജുകള്‍, വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രദര്‍ശനങ്ങള്‍ നടക്കുന്നത്.

7. അക്കാദമി പ്രസിദ്ധീകരണങ്ങള്‍

ദേശീയാംഗീകാരം ലഭിച്ച പ്രസിദ്ധീകരണവിഭാഗമാണ് ചലച്ചിത്ര അക്കാദമിയുടേത്. മികച്ച ചലച്ചിത്രഗ്രന്ഥത്തിന്റെ പ്രസാധനത്തിനുള്ള 75, 000 രൂപയുടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് (2018) ചലച്ചിത്ര അക്കാദമിക്കായിരുന്നു. ചലച്ചിത്ര സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ അക്കാദമി പ്രസിദ്ധീകരിച്ചുവരുന്നു. മണ്‍മറഞ്ഞ ചലച്ചിത്രപ്രവര്‍ത്തകരുടെ സംഭാവനകള്‍ അടയാളപ്പെടുത്തുന്ന ശ്രദ്ധാഞ്ജലി സീരീസ്, ഫെലോഷിപ്പ് പ്രബന്ധങ്ങളുടെ പുസ്തകരൂപമായ ചലച്ചിത്രപഠന പരമ്പര, ചലച്ചിത്രാചാര്യന്മാരുടെ ജീവിതവും സംഭാവനകളും അടയാളപ്പെടുത്തുന്ന പുസ്തകങ്ങള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ചുവരുന്നത്. എല്ലാ പുസ്തകങ്ങളും ആമസോണ്‍ എന്ന ഓണ്‍ലൈന്‍ പ്ളാറ്റ് ഫോമില്‍ വില്‍പ്പനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്.

8. ചലച്ചിത്രാസ്വാദന ക്യാമ്പുകള്‍

ചലച്ചിത്രാസ്വാദന നിലവാരം വര്‍ധിപ്പിക്കുന്നതിനുവേണ്ടി സംസ്ഥാനത്തുടനീളം ചലച്ചിത്രാസ്വാദന ക്യാമ്പുകള്‍ അക്കാദമി സംഘടിപ്പിക്കാറുണ്ട്. പ്ളസ് വണ്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് ചലച്ചിത്രാസ്വാദന, ചലച്ചിത്ര നിര്‍മ്മാണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ചലച്ചിത്രരംഗത്തെ വിദഗ്ധര്‍ ക്ളാസെടുക്കുകയും ക്ളാസിക് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തുവരുന്നു.

നവപദ്ധതികള്‍

1 മലയാള സിനിമ മ്യൂസിയം
കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തോടു ചേര്‍ന്ന് മലയാള സിനിമ മ്യൂസിയം പണിയുന്നതിനുള്ള പദ്ധതിനിര്‍ദേശം ആസൂത്രണബോര്‍ഡിനു മുമ്പാകെ സമര്‍പ്പിക്കുകയും പ്രസ്തുത പദ്ധതി 2022-23ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ മലയാള സിനിമ മ്യൂസിയത്തിന് നടപ്പു സാമ്പത്തികവര്‍ഷത്തില്‍ ഒരു കോടി രൂപ ഇന്റേണല്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തെ വ്യക്തമായി അവതരിക്കുന്ന മ്യൂസിയം ഒരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. അഞ്ചു ഘട്ടങ്ങളിലായി പണിയുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും.

2 വനിതാ പദ്ധതികള്‍

ചലച്ചിത്ര അക്കാദമിയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ഇന്‍േറണല്‍ ബജറ്റിലെ പുതിയ പദ്ധതികളുടെ ഭാഗമായി വനിതകള്‍ക്ക് പങ്കാളിത്തമുള്ള  പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമാ രംഗത്തെ സാങ്കേതിക വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക, ചലച്ചിത്ര രംഗത്തെ വനിതകളുടെ സംഭാവനകളെക്കുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മ്മാണം, സാംസ്‌കാരിക വകുപ്പിന്റെ സമം പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടികള്‍ എന്നി പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

3 വിദേശ രാജ്യങ്ങളില്‍ മലയാള ചലച്ചിത്രോല്‍സവങ്ങള്‍ സംഘടിപ്പിക്കുക
4 ഓണ്‍ലൈന്‍ ചലച്ചിത്രപഠനകോഴ്സുകള്‍ നടത്തുക
5 കേരള ടൂറിസത്തിന് ഉത്തേജനം പകരുന്ന വിധം സിനിമാ ടൂറിസം പ്രോല്‍സാഹിപ്പിക്കുക
6 സാംസ്‌കാരിക വിനിമയം സിനിമയിലൂടെ-വിദേശ സര്‍വകലാശാലകളിലെയും മറ്റ് ഇന്ത്യന്‍ സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മലയാള സിനിമയെയും കേരളത്തെയും പറ്റി പഠിക്കുന്നതിന് അവസരമൊരുക്കുന്ന പദ്ധതി
7 ചലച്ചിത്രരംഗത്തെ തൊഴില്‍ പരിശീലനം-ഫിലിം സ്‌കൂളുകളില്‍നിന്ന് സിനിമ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിതകാലത്തെ അപ്രന്റീസ്ഷിപ്പ് നല്‍കി സാങ്കേതികരംഗത്ത് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി
8 ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ മലയാളം സിനിമ ആന്റ് ഫിലിം സ്റ്റഡീസ്
9 ഡല്‍ഹിയില്‍ പ്രതിവാര മലയാള ചലച്ചിത്രപ്രദര്‍ശനം
10 എന്റെ ഭാഷ എന്റെ സിനിമ-പ്രവാസികളിലെ ഏറ്റവും പുതയ തലമുറയെ മലയാള സിനിമയിലൂടെ മലയാള ഭാഷയുമായി അടുപ്പിക്കുന്ന പരിപാടി
11 ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള ചലച്ചിത്രപഠന പദ്ധതി
12 ജനപ്രതിനിധികള്‍ക്കായി മികച്ച നേതൃത്വപാടവം, ഭരണനിര്‍വഹണം, ലിംഗസമത്വം, ജനാധിപത്യമൂല്യങ്ങള്‍ എന്നിവ പ്രമേയമാക്കിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന പദ്ധതി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെ (KILA) സഹകരണത്തോടെ നടപ്പാക്കും.

ഈ പ്രവര്‍ത്തനങ്ങളെയൊന്നും അധ:പതനം എന്ന വാക്ക് ചേര്‍ത്ത് പറയാന്‍ പാടില്ലായിരുന്നുവെന്നേ എനിക്ക് പറയാനുള്ളൂ. കാര്യങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കാന്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരം ഗണേശന്‍ ഒന്ന് സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അതേസമയം, ഐഎഫ്എഫ്കെ നടത്തിപ്പ് മാത്രമായി അക്കാദമി അധഃ പതിച്ചെന്നായിരുന്നു ഗണേഷിന്‍റെ വിമര്‍ശനം. ഇന്നലെ നിയമസഭ പുസ്തക മേളയിലെ സിനിമയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് മുന്‍ സിനിമാ മന്ത്രി കൂടിയായ ഗണേഷ് കുമാര്‍ ചലച്ചിത്ര അക്കാദമിയെ രൂക്ഷമായി വിമര്‍ശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News