ദില്ലിയില്‍ നടന്ന ധര്‍മ്മ സന്‍സദ് പരിപാടിയില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ദില്ലി പൊലീസിനോട് സുപ്രീം കോടതി.ഇത് സംബന്ധിച്ച് രണ്ടാഴ്ച്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.സുപ്രീം കോടതി ഉത്തരവുകള്‍ ലംഘിച്ച് 2021 ഡിസംബറില്‍ ദില്ലിയില്‍ വിവാദ ധര്‍മ്മ സന്‍സദ് നടത്താന്‍ അനുമതി നല്‍കിയ മുന്‍ ദില്ലി പൊലീസ് മേധാവി രാകേഷ് അസ്താനയ്ക്കെതിരെ സാമൂഹിക പ്രവര്‍ത്തകനും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ തുഷാര്‍ ഗാന്ധി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.2021 ഡിസംബര്‍ 19 നു സംഭവം നടന്നതു മുതല്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് രേഖാമൂലം കോടതിയെ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
സംഭവം നടന്ന് അഞ്ചു മാസത്തിനു ശേഷം 2022 മേയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ഇതിന് പിന്നില്‍ ചില ജനപ്രതിനിധികളുടെ ഇടപെടലുകള്‍ ഉണ്ടെന്നും തുഷാര്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഷദന്‍ ഫറസത്ത് പറഞ്ഞു.ഇത്തരം പ്രസംഗങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവരെ കണ്ടെത്തി പൊതുവേദികള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കോടതിയില്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ച് മാസമായിട്ടും എഫ്‌ഐആര്‍ ഇടാതെ അന്വേഷണം നടക്കുകയാണെന്നാണു പൊലീസ് പറയുന്നത്. ആരെയെങ്കിലും ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടുണ്ടോയെന്ന് അവര്‍ പറയുന്നില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സുപ്രീം കോടതി നിര്‍ദ്ദേശങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
സംഭവം നടന്നത് 2021 ഡിസംബറിലാണ്. ഏകദേശം അഞ്ചു മാസത്തിനുശേഷമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അത്രയും കാലതാമസം എന്തുകൊണ്ടാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.അഞ്ചു മാസത്തിനു ശേഷം എഫ് ഐ ആര്‍ ഫയല്‍ ചെയ്യുമ്പോള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ മാത്രമാണിതെന്നും അന്വേഷണ പുരോഗതി സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് കോടതിയെ അറിയിക്കുമെന്നും ദില്ലി പൊലീസിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജ് പറഞ്ഞു.സംഭവത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശങ്ങളുടെ ലംഘനമൊന്നുമുണ്ടായിട്ടില്ലെന്നും അന്വേഷണം എങ്ങനെ മുന്നോട്ടു പോകണമെന്ന് ഹര്‍ജിക്കാരനു നിര്‍ദ്ദേശിക്കാനാകില്ലെന്നും എഎസ്ജി കോടതിയെ അറിയിച്ചു.
സംഭവത്തില്‍ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസ് മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഹര്‍ജി.ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച തഹ്‌സീന്‍ പൂനാവാല കേസിലെ കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
2022 ഒക്ടോബറില്‍ സമര്‍പ്പിച്ച വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ ഇത്തരം പ്രസംഗം നടത്തുന്ന കുറ്റവാളികളുടെ മതം നോക്കാതെ സ്വമേധയാ നടപടിയെടുക്കാന്‍ ദില്ലി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് പൊലീസിനോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here