അടങ്ങാതെ തരൂര്‍; ചെന്നിത്തലക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും വീണ്ടും മറുപടി

നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന നേതൃത്വത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് കോണ്‍ഗ്രസിലെ വാദപ്രതിവാദങ്ങള്‍ തുടരുന്നു. രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂര്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ല. കേരളത്തില്‍ നിന്ന് കൂടൂതല്‍ ക്ഷണം കിട്ടുന്നതിനാലാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. തന്നെ ജനം കാണാന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കുന്നതെന്ന് തരൂര്‍ നയം വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം തരൂരിനെ ലക്ഷ്യംവെച്ച് കൂട്ടവിമര്‍ശനം നടത്തിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കാണ് ഇപ്പോള്‍ തരൂര്‍ മറുപടി നല്‍കിയിരിക്കുന്നത്.

കെ കരുണാകരന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് നിര്‍മ്മിച്ച ബഹുനിലക്കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്തുവന്നത്. പറയാനുള്ളത് പാര്‍ട്ടിയില്‍ പറയണമെന്ന മുന്നറിയിപ്പോടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് പേരുപറയാതെയുള്ള തരൂര്‍ വിമര്‍ശനം തുടങ്ങിവെച്ചത്.

രമേശ് ചെന്നിത്തലയുടെ പ്രതികരണം എന്നാല്‍ രൂക്ഷമായിരുന്നു. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവച്ചേക്കൂ എന്നുമായിരുന്നു തരൂരിന്റെ പേര് പറയാതെയുള്ള ചെന്നിത്തലയുടെ ഒളിയമ്പ്. തരൂരിന് അനുകൂലമായി സംസാരിച്ചിരുന്ന കെ.മുരളീധരനും പരിഹാസവുമായി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് ജയിച്ചില്ലെങ്കില്‍ പിന്നെ ഒന്നും ചിന്തിക്കേണ്ടി വരില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ആഗ്രഹിക്കാം, പക്ഷെ പുറത്ത് പറയരുതെന്നായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്റെ പരിഹാസ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News