ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.രാവിലെ 8 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പിന്നീട് വൈക്കത്തെ വീട്ടിലെത്തിച്ചപ്പോള്‍ കണ്ണീരോടെയാണ് ജന്മനാട് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലാണ് സംസ്‌കാരം.

കഴിഞ്ഞ ഡിസംബര്‍ 15ന് ബ്രിട്ടനിലെ കെറ്ററിങ്ങില്‍ താമസസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ട മലയാളി നഴ്‌സായ വൈക്കം സ്വദേശിനി അഞ്ജു, മക്കളായ ജീവ, ജാന്‍വി എന്നിവരുടെ മൃതദേഹമാണ് രാവിലെ 8 മണിയോടെ നെടുമ്പാശ്ശേരിയിലെത്തിച്ചത്. ഒരു മാസത്തെ കാത്തിരിപ്പിനൊടുവില്‍ മകളുടെയും പേരക്കുട്ടികളുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി അഞ്ജുവിന്റെ അച്ഛന്‍ അശോകന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. തന്റെ മകളെയും പേരക്കുട്ടികളെയും കൊലപ്പെടുത്തിയ ഭര്‍ത്താവ് സാജുവിന് പരമാവധി ശിക്ഷ ലഭിക്കണമെന്ന് അശോകന്‍ പ്രതികരിച്ചു. എന്തിനായിരുന്നു ഈ ക്രൂരകൃത്യം ചെയ്തതെന്ന് ഇപ്പോഴും തനിക്കറിയില്ലെന്ന് പറഞ്ഞ് അശോകന്‍ വിതുമ്പി.

നടപടികള്‍ പൂര്‍ത്തിയാക്കി 9 മണിയോടെ മൃതദേഹങ്ങള്‍ വിമാനത്താവളത്തിന് പുറത്തെത്തിച്ച് ആംബുലന്‍സില്‍ കയറ്റി വൈക്കത്തെ വീട്ടിലേക്ക് തിരിക്കുകയായിരുന്നു. തോമസ് ചാഴികാടന്‍ എം പി, സി കെ ആശ എം എല്‍ എ , മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ ബി രമ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും മൃതദേഹങ്ങള്‍ ഏറ്റവാങ്ങാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു. പിന്നീട് മൃതദേഹങ്ങള്‍ ഇത്തിക്കരയിലെ വീട്ടിലെത്തിച്ചപ്പോള്‍ വികാര നിര്‍ഭരമായാണ് നാട്ടുകാരും ബന്ധുക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

ബ്രിട്ടനിലെ മലയാളി സംഘടനകളുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ശ്രമഫലമായാണ് മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനായത്. അതേസമയം ബ്രിട്ടനില്‍ അറസ്റ്റിലായ സാജു നിലവില്‍ റിമാന്‍ഡിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പോലീസ് വൈക്കത്തെത്തി അഞ്ജുവിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News