പിഴവില്ലാത്ത ഏകോപനം; മനം നിറച്ച് മണ്ഡല-മകരവിളക്ക് തീര്‍ഥാടനം

പ്രളയവും കൊവിഡും ഉള്‍പ്പെടെ പ്രതിസന്ധികാലത്തെ അതിജീവിച്ച് അയ്യനെ കാണാന്‍ കാത്തിരുന്നെത്തിയ തീര്‍ഥാടകരുടെ മനം നിറച്ചാണ് മണ്ഡല-മകരവിളക്ക് തീര്‍ഥാടനം വിജയകരമായി പൂര്‍ത്തിയാവുന്നത്. ഇത്തവണ തീര്‍ഥാടകരുടെ വലിയ തിരക്ക് ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കി വിപുലവും ശാസ്ത്രീയവുമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും വഴി സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി ഏര്‍പ്പെടുത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതിനാല്‍ തീര്‍ഥാടകര്‍ക്ക് തൃപ്തികരവും പരാതികളില്ലാത്തതുമായ ദര്‍ശനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡല-മകര വിളക്ക് കാലം സമാപിക്കവേ, വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സുരക്ഷ, ശുചിത്വം, ഇടവേളകളില്ലാത്ത ഭക്തപ്രവാഹം എന്നിവ ഉറപ്പാക്കാന്‍ കഴിഞ്ഞു. ദേവസ്വം ബോര്‍ഡ്, പോലീസ്, റവന്യു-ദുരന്ത നിവാരണം, വനം വകുപ്പ്, ആരോഗ്യം, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, എക്സൈസ് ഉള്‍പ്പെടെ സേവനം ചെയ്ത എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സുഗമവും സുരക്ഷിതവുമായ തീര്‍ഥാടനത്തിന് അക്ഷീണപ്രയത്നം ചെയ്തു.

ശബരിമല തീര്‍ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗങ്ങള്‍ നിര്‍ണായകമായി. മന്ത്രി കെ. രാധാകൃഷ്ണനും വിവിധ മന്ത്രിമാരും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടര്‍മാരും അവലോകന യോഗങ്ങള്‍ നടത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. ദേവസ്വം മന്ത്രി സന്നിധാനത്തും പമ്പയിലും ആറ് തവണയെത്തി സൗകര്യങ്ങളും ക്രമീകരണങ്ങളും നേരിട്ടു വിലയിരുത്തി. പുനലൂര്‍, ചെങ്ങന്നൂര്‍, എരുമേലി, പന്തളം എന്നീ ഇടത്താവളങ്ങളിലെ സൗകര്യങ്ങളും ദേവസ്വം മന്ത്രി അവലോകനം ചെയ്തു. പുല്ലുമേട് അടക്കമുള്ള കാനനപാതകളും ദേവസ്വം മന്ത്രി സന്ദര്‍ശിച്ചു ക്രമീകരണങ്ങള്‍ വിലയിരുത്തിയത് തീര്‍ഥാടന വിജയത്തിലേക്കു നയിച്ചു. മണ്ഡല – മകരവിളക്ക് തീര്‍ഥാടന വിജയം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെയും റവന്യു (ദേവസ്വം) സെക്രട്ടറി കെ. ബിജുവിന്റെയും നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനമികവ് പ്രതിഫലിപ്പിക്കുന്നതായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News