നേപ്പാളിന്റെ ചരിത്രത്തിലെ ഒരു കറുത്ത ദിനം കൂടി; ഞെട്ടല്‍ മാറാതെ നേപ്പാള്‍

ഞെട്ടിക്കുന്നതായിരുന്നു നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അപകടം. ഇത് നേപ്പാളിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടല്ല. എട്ടുമാസത്തിനിടെ രണ്ടാം തവണയാണ് നേപ്പാളില്‍ വിമാനം അപകടത്തില്‍പെടുന്നത്. 2022 മേയില്‍ ഉണ്ടായ അപകടത്തില്‍ നാല് ഇന്ത്യക്കാരടക്കം 22 പേര്‍ മരിച്ചിരുന്നു. ജോംസം വിമാനത്താവളത്തിലേക്ക് പുറപ്പെട്ട താര എയര്‍ലൈന്‍സിന്റെ വിമാനമാണ് അന്ന് തകര്‍ന്ന് വീണത്.

വിമാനം പറന്നുയര്‍ന്ന് 15 മിനിറ്റിനുശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. പിന്നീട് മുസ്താങ് ജില്ലയിലെ കോവാങ് ഗ്രാമത്തില്‍ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി പ്രദേശവാസികള്‍ അറിയിക്കുകയായിരുന്നു. നാല് ഇന്ത്യക്കാര്‍ക്ക് പുറമെ രണ്ട് ജര്‍മന്‍കാരും 13 നേപ്പാളികളും മൂന്ന് ജീവനക്കാരുമായിരുന്നു അപകടത്തില്‍ മരിച്ചത്. തകര്‍ന്ന 9 എന്‍-എഇടി ഇരട്ട എന്‍ജിന്‍ വിമാനത്തിന് 43 വര്‍ഷം പഴക്കമുണ്ടായിരുന്നു.

ഇപ്പോഴിതാ ഈ ദുരന്തം നടന്ന് എട്ടുമാസം പിന്നിടുമ്പോഴാണ് 72 യാത്രക്കാരുമായി എത്തിയ വിമാനം ഇന്ന് കത്തിയമര്‍ന്നത്. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു പൊഖാറ. ഇതിന് മൂന്ന് കിലോമീറ്റര്‍ അകലെ ആഭ്യന്തര വിമാനത്താവളം പുതിയതായി നിര്‍മ്മിച്ചു. ഈ ആഭ്യന്തര വിമാനത്താവളത്തിലാണ് ഇന്ന് അപകടം ഉണ്ടായത്. പ്രവര്‍ത്തനം ആരംഭിച്ച് 15ാം ദിവസമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 45 ഓളം പേരുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരെന്നും സ്ഥിരീകരിച്ചിരുന്നു.

നേപ്പാള്‍ സര്‍ക്കാരില്‍ നിന്ന് ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. വിമാന സുരക്ഷയുടെ കാര്യത്തില്‍ വളരെ മോശം ചരിത്രമുള്ള രാജ്യമാണ് നേപ്പാള്‍. ഭൂപ്രകൃതിയാണ് ഇവിടെ വിമാനയാത്ര ദുഷ്‌കരമാക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലാണ് വിമാനത്താവളം. റണ്‍വേകള്‍ ചെറുതാണെന്നതും വെല്ലുവിളിയാണ്.

കാഠ്മണ്ഡുവില്‍ നിന്നുള്ള യെതി എയര്‍ലൈന്‍സിന്റെ വിമാനം പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാന്റിങ്ങിനിടെ സമീപത്തെ മലയിടുക്കിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.രാവിലെ പത്തരയോടെയാണ് വന്‍ദുരന്തമുണ്ടായത്. 68 യാത്രക്കാരും നാലു ജീവനക്കാരും ഉള്‍പ്പെടെ 72 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് വിമാനം അപകടത്തില്‍പ്പെടാനുണ്ടായ കാരണമെന്നാണ് ഔദ്യോഗിക വിവരം.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാള്‍ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. നാല് ഇന്ത്യാക്കാര്‍ അപകടത്തില്‍ പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News