പൊഖാറ ദുരന്തം: വിമാനത്തിന് ആകാശത്ത് വെച്ചു തന്നെ തീപിടിച്ചതായി റിപ്പോർട്ട്

നേപ്പാൾ പൊഖാറയിൽ അപകടത്തിൽപ്പെട്ട വിമാനത്തിന് ആകാശത്തുവെച്ച് തീപിടിച്ചതായി റിപ്പോർട്ട്. വിമാനം  തകർന്നു വീണത് ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷമെന്നും സൂചനയുണ്ട്. രാവിലെ 10.33നാണ് യതി എയർലൈൻസിന്റെ 9എൻ-എഎൻസി എടിആർ -72 വിമാനം അപകടത്തിൽപ്പെട്ടത്. 30 വർഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ വിമാനാപകടമാണിത്.

പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് 10 സെക്കൻഡ് മാത്രം ബാക്കിനിൽക്കെയാണ് അപകടമുണ്ടായത് എന്ന്  എയർ ട്രാഫിക് കൺട്രോൾ അധികൃതർ പറയുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വലിയ ശബ്ദത്തോടെ താഴേക്കു പതിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

പൊഖാറ വിമാനത്താവളത്തിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിയാൽ നിർമ്മിക്കുന്ന  റൺവേയിൽ ആദ്യം പൈലറ്റ് കിഴക്ക് ദിശയിൽ ലാൻഡിങ് ആവശ്യപ്പെട്ടു. എന്നാൽ ഇതിന്  അനുമതി നൽകിയതിന് പിന്നാലെ  പടിഞ്ഞാറൻ ദിശയിൽ ഇറങ്ങാൻ അനുമതി ചോദിക്കുകയായിരുന്നു. ഇതിനും അനുമതി നൽകി  ലാൻഡിങ്ങിന് പത്തു സെക്കൻഡ് മുൻപ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

68 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്നു നവജാത ശിശുക്കളും മൂന്നു കുട്ടികളും ഉൾപ്പെടുന്നു. ഇതു കൂടാതെ 4 ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. അഞ്ച് ഇന്ത്യക്കാരുൾപ്പെടെ  ആകെ 15 വിദേശികളാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. റഷ്യ – 4,ദക്ഷിണ കൊറിയ-2,
അയർലൻഡ്-1, ഓസ്ട്രേലിയ- 1, ഫ്രാൻസ്- 1, അർജന്റീന-1 എന്നിങ്ങനെയാണ് മറ്റു വിദേശയാത്രക്കാരുടെ കണക്ക്.

പൊഖാറയിലെ പഴയ ആഭ്യന്തര വിമാനത്താവളത്തിനും പുതിയ രാജ്യാന്തര വിമാനത്താവളത്തിനും ഇടയിൽ, സേതി നദിക്കു സമീപമുള്ള മലയിടുക്കിലാണ് ദുരന്തം സംഭവിച്ചത്. 2023 ജനുവരി 1-നാണ്  പൊഖാറയിലെ പുതിയ രാജ്യാന്തര വിമാനത്താവളം തുറന്നത്.

ചൈനയുടെ സഹായത്തോടെയാണ് വിമാനത്താവളം നിർമിച്ചത്. വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നേപ്പാൾ സർക്കാർ അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയമിച്ചിട്ടുണ്ട്. സാങ്കേതിക തകരാറു മൂലമാണ് വിമാനം തകർന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് എയർ ട്രാഫിക് കൺട്രോൾ അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News