വീണ്ടും കിടിലന്‍ കണ്‍സെപ്റ്റ് ഫോട്ടോഗ്രഫിയുമായി അരുണ്‍ രാജ്

സമൂഹത്തിന് മുന്നിലേക്ക് നീട്ടിപ്പിടിച്ച ശബ്ദിക്കുന്ന ചിത്രങ്ങളാണ് ഓരോ ഫോട്ടോകളും. അത്തരത്തില്‍ നിരവധി കണ്‍സെപ്റ്റ് ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് അരുണ്‍ രാജ് ആര്‍ നായര്‍. പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ധൈര്യപൂര്‍വ്വം ഫോട്ടോഗ്രഫിയിലൂടെ സമൂഹത്തിന് മുന്നിലേക്ക് വയ്ക്കുന്നതാണ് അരുണ്‍ രാജിന്റെ ഫോട്ടോകള്‍. ഇപ്പോഴിതാ അരുണിന്റെ മറ്റൊരു ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

തങ്ങളുടേതല്ലാത്ത കാരണത്താല്‍ പൊക്കിള്‍ക്കൊടി ബന്ധം അറുത്തു മാറ്റപ്പെടുന്ന നിമിഷം മുതല്‍ തെരുവിന്റെ സന്തതിയായി മാറുന്ന കുഞ്ഞുങ്ങളുടെ ജീവിതമാണ് ഇത്തവണ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. സാധാരണ ഫോട്ടോഗ്രഫിയില്‍ നിന്ന് വ്യത്യസ്തമായി തനിക്കെന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ടെക്നോപാര്‍ക്ക് ജീവനക്കാരനായ അരുണിനെ കണ്‍സപ്റ്റ് ഫോട്ടോഗ്രഫിയിലേക്ക് എത്തിച്ചത്. എങ്കിലും മോഡലിംഗ്-ഫാഷന്‍ ഫോട്ടോഗ്രഫി പോലെ അത്ര എളുപ്പമല്ല ഇതെന്നും അദ്ദേഹം പറയുന്നു. ദിവസങ്ങളുടെ അധ്വാനമാണ് ഓരോ കണ്‍സപ്റ്റ് ഫോട്ടോഷൂട്ടുകളും.

അമൃത, പ്രണവ്, കണ്ണകി, സായൂജ്യ എന്നിവരാണ് ഫോട്ടോഷൂട്ടില്‍ അഭിനയിച്ചിരിക്കുന്നത്.

അരുണ്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒട്ടിയ വയറിനും ആരോരുമില്ലാത്തവര്‍ക്കും പറയാന്‍ ഒരായിരം കഥകളുണ്ട്. ജീവിതയാത്രയില്‍ അവര്‍ നേരിടേണ്ടിവന്ന കയ്‌പ്പേറിയ അനുഭവങ്ങളുടെ കണ്ണു നനയിക്കുന്ന ഒരായിരം കഥകള്‍. പൊക്കിള്‍ക്കൊടി ബന്ധം അറുത്തു മാറ്റപ്പെടുന്ന നിമിഷം മുതല്‍ തെരുവിന്റെ സന്തതിയായി മാറുന്ന എത്രയെത്ര ജീവനുകള്‍ നമുക്ക് ചുറ്റുമുണ്ട്. എല്ലാവരും ഉണ്ടായിട്ടും തെരുവിന്റെ മക്കളെന്ന് കാലം മുദ്രകുത്തിയവര്‍. സാഹചര്യങ്ങളാണ് ചിലപ്പോഴെങ്കിലും മനുഷ്യനെ കഠിനഹൃദയനാക്കുന്നത്. ജന്മം നല്‍കിയവര്‍ തന്നെ ഇരുളിന്റെ മറവില്‍ തങ്ങളുടെ കുഞ്ഞുങ്ങളെ തെരുവിലേക്ക് വലിച്ചെറിയുമ്പോള്‍ ആ കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകുന്നത് അവരുടെ മേല്‍വിലാസം മാത്രമല്ല. മറിച്ച്, വര്‍ണച്ചിറകുവിരിച്ച് പാറിപ്പറക്കേണ്ട നിഷ്‌കളങ്ക ബാല്യം കൂടിയാണ്. ആര്‍ക്കും വേണ്ടാതെ അന്യന്റെ ദയവിനായി കാത്തിരിക്കുന്ന എത്രയോ ബാല്യങ്ങളുണ്ട്. ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കഴിയാതെ വിശപ്പിന്റെ വിളിയെ പച്ചവെള്ളത്തില്‍ ശമിപ്പിക്കേണ്ടി വരുന്ന ഇരുളിന്റെ തടവറയാല്‍ അകപ്പെട്ടു പോകാറുള്ള എത്രയോ ജീവനുകള്‍! അവര്‍ക്കു പറയാന്‍ ഒത്തിരിയൊത്തിരി സ്വപ്നങ്ങളുണ്ടാകും. അവരുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി നന്മയുടെ കരങ്ങള്‍ നീട്ടാന്‍ നമ്മള്‍ ഓരോരുത്തരും തയ്യാറാകുമ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ നാം ഓരോരുത്തരും നമ്മളിലെ ദൈവത്തെ തിരിച്ചറിയുന്നത്. അനാഥത്വം ഇരുട്ടിലാക്കിയവര്‍ക്കും നിറവേറ്റാന്‍ ആഗ്രഹങ്ങളും മോഹങ്ങളുമൊക്കെയുണ്ടാകും. അതിലേക്കൊക്കെ എത്തിപ്പെടാനും ജീവിതത്തിന് തിളക്കം നല്‍കാനും അന്യന്റെ പാദരക്ഷകള്‍ വരെ തിളക്കമുള്ളതാക്കാന്‍ ശ്രമിക്കുന്ന പിഞ്ചുകൈകള്‍. ഉറവവറ്റാത്ത ഒരു കൂട്ടം മനുഷ്യര്‍ ഉള്ളതുകൊണ്ട് മാത്രം ഈ ഭൂമി സ്വര്‍ഗമാണെന്നു പറയാം. എന്നാല്‍ അഹംഭാവവും സ്വാര്‍ത്ഥതയും തലയ്ക്കു പിടിച്ച ഒരു വലിയ ജനാവലി തന്നെ നമ്മുടെ ലോകത്തുണ്ട്. സ്വര്‍ഗസുന്ദരമായ ഭൂമിയെ നരകതുല്യമാക്കുവാന്‍ ചില മനുഷ്യര്‍ക്ക് നിഷ്പ്രയാസം സാധിക്കും. തെരുവ് പട്ടികളെപ്പറ്റി പോലും സംസാരിക്കാന്‍ മനുഷ്യനുള്ള ഈ നാട്ടില്‍ തെരുവ് കുട്ടികളെപ്പറ്റി സംസാരിക്കാന്‍ ഒരു പട്ടിയുമില്ലെന്നുള്ള തിരിച്ചറിവില്‍ നിന്നും തന്നെയാകട്ടെ ഇനിയും അവരുടെ ജീവിതം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News