725 ഓളം ചിത്രങ്ങള്‍…700ലും നായക വേഷം..മലയാളത്തിന്റെ സ്വന്തം പ്രേം നസീര്‍

725 ഓളം ചിത്രങ്ങള്‍…700ലും നായക വേഷം..മറ്റാരുമല്ല മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ പ്രേം നസീറാണ് ഈ വിശേഷണങ്ങള്‍ക്കെല്ലാം ഉടമ. ചിറയിന്‍ കീഴിലെ ഷാഹുല്‍ ഹമീദിന്റെയും അസ്മാബിയുടെയും ആണ്മക്കള്‍ രണ്ടു പേര്‍ മലയാള സിനിമാലോകത്തേക്ക് കടന്നു വരുന്നു. അബ്ദുല്‍ വഹാബും അബ്ദുല്‍ ഖാദറും. ജീവിതയാത്രയില്‍ വന്നെത്തിയ സിനിമയുടെ വെള്ളിവെളിച്ചത്തിന്റെ ലോകത്ത് നിറഞ്ഞാടാന്‍ കൊതിച്ച രണ്ടു പേര്‍. രണ്ടു പേരും സിനിമയ്ക്കായി ജീവിതം തന്നെ മാറ്റിവച്ചു. മദിരാശിയിലൂടെ അലഞ്ഞു. തിരിച്ചടികളും പരാജയങ്ങളും വേട്ടയാടിയപ്പോഴും വെള്ളിത്തിര സ്വപ്നം കണ്ടു നടന്നു.

അങ്ങനെ കാലം കടന്ന് പോകെ, നിയോഗമെന്നോണം മലയാള സിനിമയുടെ ചരിത്രം മാറ്റി മറിച്ച ഒരു കൂടിക്കാഴ്ച ആലപ്പുഴയിലെ ഉദയ സ്റ്റുഡിയോയില്‍ നടന്നു. സ്റ്റുഡിയോ ഉടമകളായ കെ വി കോശിയ്ക്കും കുഞ്ചക്കോയ്ക്കും ഒപ്പം നീണ്ടു മെലിഞ്ഞ ചെറുപ്പക്കാരന്‍ സ്റ്റുഡിയോയിലേക്ക് കാലെടുത്തു വച്ചു. അവിടെ ഉണ്ടായിരുന്ന തിക്കുറിശ്ശിയ്ക്ക് ചെറുപ്പക്കാരനെ പരിചയപ്പെടുത്തി. തങ്ങളുടെ അടുത്ത സിനിമയുടെ നായകനാണ് ഇദ്ദേഹം എന്നു പറഞ്ഞു കൊണ്ടാണ് പരിചയപ്പെടുത്തിയത്. ആദ്യ രണ്ടു സിനിമകളുടെ പരാജയത്തിന്റെ ദുഃഖം ആ മുഖത്ത് നിഴലിച്ചിരുന്നു. അബ്ദുല്‍ ഖാദര്‍ എന്ന പേര് പറഞ്ഞു കൊണ്ട് ആ ചെറുപ്പക്കാരന്‍ സ്വയം പരിചയപ്പെടുത്തി. ആ പേര് നമുക്കൊന്ന് മാറ്റിയാലോ എന്നായി തിക്കുറിശ്ശി. സംസാരത്തിനൊടുവില്‍ തിക്കുറുശ്ശി ഒരു പേരും നിര്‍ദേശിച്ചു. പ്രേം നസീര്‍!

മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ മഹാനടന്‍ അവിടെ പിറന്നു. പ്രേം നസീര്‍ എന്ന പേര് മാത്രമല്ല ഒരു നടനപ്രപഞ്ചം കൂടി ആ നിമിഷം ഉദയയില്‍ ഉദയം ചെയ്തു. 1952 മുതല്‍ 1988 വരെയുള്ള മൂന്നര പതിറ്റാണ്ട് കാലം മലയാളത്തിന്റെ അഭ്രപാളിയില്‍ പകരം വെക്കാനില്ലാത്ത പേരായി പ്രേം നസീര്‍ മാറി. സമാനതകളില്ലാത്ത താര പദവിയിലേക്ക് നടന്ന് കയറുമ്പോഴും വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുമ്പോഴും കടന്നു പോയ വഴികളിലെല്ലാം സിനിമയ്ക്കകത്തും പുറത്തും സ്നേഹത്തിന്റെ താങ്ങും തണലുമായി പ്രേം നസീര്‍ നിറഞ്ഞു നിന്നു.

സ്വന്തം ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് ആനയെ നടയ്ക്കിരുത്തിയും ഗ്രാമത്തിന്റെ വികസന പിന്നാമ്പുറങ്ങളില്‍ ശക്തമായ സാന്നിധ്യമായും ചേര്‍ത്തുപിടിക്കലിന്റെ സഹായ ഹസ്തമായും അതിരുകളില്ലാത്ത സ്നേഹമായും പ്രേം നസീര്‍ എല്ലാര്‍ക്കും പ്രിയങ്കരനായി. സിനിമ പരാജയപ്പെട്ട് സാമ്പത്തികമായി തകര്‍ന്നു പോയ നിര്‍മ്മാതാക്കള്‍ക്ക് വീണ്ടും ഡേറ്റുകള്‍ നല്‍കി കൈപിടിച്ച് സഹായിച്ച അഭിനേതാക്കള്‍ നസീറിനെപ്പോലെ മറ്റൊരാളില്ല. കോളേജ് പഠന കാലത്ത് നാടക വേദികളില്‍ നിറഞ്ഞു നിന്ന അദ്ദേഹം വെള്ളിത്തിരയിലും നിറസാന്നിധ്യമായി മാറിയതിന്റെ നാള്‍വഴികള്‍ ചരിത്രമാണ്.

പ്രണയവും വിരഹവും നര്‍മ്മവും വേദനയും അയാള്‍ തന്റെ സ്വതസിദ്ധമായ സൗന്ദര്യത്തിന്റെ കരുത്തില്‍ മലയാള മനസിലേക്ക് പകര്‍ന്നു നല്‍കി. ഗൃഹാതുരത്വത്തോടെ മലയാളി ഏറ്റുപാടുന്ന മധുരഗാനങ്ങള്‍ പ്രേം നസീര്‍ തന്റെ ഭാവ ചലനങ്ങളോടെ പാടി അഭിനയിച്ചു മനസിലുറപ്പിച്ചു. സമകാലീനരായ എന്‍ ടി ആറും ശിവാജി ഗണേശനും രാജ്കുമാറും ഭാഷാ വ്യത്യാസം മറന്ന് സഹോദര സ്നേഹത്തോടെ ആ പ്രതിഭയ്ക്ക് ചുറ്റും സ്നേഹ വലയം തീര്‍ത്തു. പ്രണയ ഗായകനായും പ്രതികാര നായകനായും വീരപുരുഷനായും ദേവസൗന്ദര്യമായും നിറഞ്ഞാടിയ മലയാളത്തിന്റെ പ്രിയനടനെ രാജ്യം 1983ല്‍ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും പലപ്പോഴും തൊട്ടരികെ അദ്ദേഹത്തിന് നഷ്ടമായി.

ഏഴു പതിറ്റാണ്ടായി മലയാളി മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ് ആ സൗമ്യസുന്ദര രൂപം. കരിയറിന്റെ അവസാന ഘട്ടത്തിലും പുതുതലമുറ നായകന്മാര്‍ക്കൊപ്പം തലപ്പൊക്കമുള്ള വേഷങ്ങള്‍ അഭിനയിച്ചാണ് പ്രേം നസീര്‍ നടന്നകന്നത്. ജീവിതത്തിന്റെ അവസാനകാലം രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷവും അദ്ദേഹം അണിഞ്ഞു. സ്വന്തമായി രാഷ്ട്രീയ പ്രസ്ഥാന രൂപീകരണത്തിനും അദ്ദേഹം മുതിര്‍ന്നു. പക്ഷെ, രാഷ്ട്രീയ നേതാവായ പ്രേം നസീറിനെ സ്വീകരിക്കാന്‍ രാഷ്ട്രീയ പ്രബുദ്ധരായ മലയാളികള്‍ മടിച്ചു.

ജീവിതത്തിന്റെ അവസാന കാലം സംവിധായകന്റെ കുപ്പായം അണിയാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അത് പൂര്‍ത്തീകരിക്കാനാവാതെ അദ്ദേഹം കാല യവനികയിലേക്ക് മറഞ്ഞു. അഭ്രാപാളികളില്‍ അത്ഭുതം വിടര്‍ത്തിയ അഭിനയ മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ ബാക്കിയാക്കി….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News