വയനാട്ടിലെ വന്യമൃഗ ശല്യത്തില്‍ സര്‍വകക്ഷി യോഗം; മാസ്റ്റര്‍ പ്ലാന്‍ ജനുവരിയില്‍ പൂര്‍ത്തിയാകുമെന്ന് എ കെ ശശീന്ദ്രന്‍

വയനാട്ടില്‍ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള പ്രശ്നം തുടരുന്നതിനിടെ മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസങ്ങളില്‍ കടുവ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ വലിയ ആശങ്കയിലായിരുന്നു. ആശങ്കകള്‍ക്ക് അറുതിവരുത്താനായി വയനാട്ടില്‍ മാസ്റ്റര്‍ പ്ലാന്‍ ജനുവരിയില്‍ പൂര്‍ത്തിയാകുമെന്നും നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

അടിയന്തരശ്രദ്ധ വേണ്ട മേഖലകളില്‍ ഉടന്‍ ഇടപെടല്‍ നടത്തും. വനത്തിനകത്ത് വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാവുന്ന സസ്യങ്ങള്‍ പിഴുതുമാറ്റി സ്വാഭാവിക വനം നട്ടുപിടിപ്പിക്കാന്‍ ഉടന്‍ ടെണ്ടര്‍ വിളിക്കും. അതിര്‍ത്തി വനമേഖലകളുള്ള സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തും. വന വിസ്തൃതിക്ക് താങ്ങാനാവുന്ന വിധത്തിലാണോ വന്യമൃഗങ്ങളുടെ എണ്ണം എന്നത് സംബന്ധിച്ച് വിദഗ്ദ പഠനം നടത്തുമെന്നും കൂടുതല്‍ കടുവകളെ പിടികൂടേണ്ടി വന്നാല്‍ വന്യജീവി പരിപാലന കേന്ദ്രത്തില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കടുവയുടെ വംശവര്‍ദ്ധനവ് തടയാനുള്ള നീക്കങ്ങള്‍ നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് ചെയ്യുമെന്നും ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വയനാട്ടില്‍ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ കടുവ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഒരു കര്‍ഷകന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ഭീതി വര്‍ധിക്കുകയും ചെയ്തു. കര്‍ഷകനെ കൊന്ന കടുവയെ മയക്കുവെടി വെച്ച് വനംവകുപ്പ് പിടികൂടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News