തൃക്കാക്കര നഗരസഭയില്‍ സെക്രട്ടറിയെ ചെയര്‍പേഴ്സണ്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി പ്രതിപക്ഷം. ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ പായ വിരിച്ച് കിടന്ന് പ്രതിഷേധിച്ചു. ചെയര്‍പേഴ്സണും ഭരണപക്ഷവും നടത്തുന്ന അഴിമതി പുറത്തുവരാതിരിക്കാനാണ് സെക്രട്ടറിയെ ഭീഷണപ്പെടുത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷത്തെ 18 കൗണ്‍സിലര്‍മാരാണ് നഗരസഭാ കവാടത്തില്‍ പായ വിരിച്ചു കിടന്ന് പ്രതിഷേധിച്ചത്. ചെയര്‍പേഴ്സണും ഭരണപക്ഷ നേതാക്കളും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് പ്രതിഷേധം. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സെക്രട്ടറി പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചില കരാറുകാരുടെ ബില്ലുകള്‍ സെക്രട്ടറി അംഗീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു സെക്രട്ടറിയെ ക്യാബിനില്‍ വിളിച്ചു വരുത്തി ചെയര്‍പേഴ്സണും യുഡിഎഫ് നേതാക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയത്. ഭീഷണിയെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയ സെക്രട്ടറി അവധി എടുക്കുകയും ചെയ്തു.
അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതാണ് സെക്രട്ടറിക്കെതിരായി ഭരണപക്ഷ നേതാക്കളുടെ വധഭീഷണിക്ക് കാരണമെന്ന് ഇടതുപക്ഷം ആരോപിക്കുന്നു. കരാറുകാരില്‍ നിന്നും കമ്മീഷന്‍ വാങ്ങാന്‍ മാത്രമായി തൃക്കാക്കര നഗരഭരണം അധ:പതിച്ചതായി പ്രതിപക്ഷം ആരോപിച്ചു. അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത സെക്രട്ടറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് യുഡിഎഫ് ഭരണകക്ഷി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. സമരത്തിന്റെ ഭാഗമായി പായകളുമായാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇന്ന് നഗരസഭയില്‍ എത്തിയത്. തുടര്‍ന്ന് പ്രകടനമായെത്തി പായ വിരിച്ച് നഗരസഭ കവാടത്തില്‍ 18 കൗണ്‍സിലര്‍മാരും കിടന്ന് പ്രതിഷേധിച്ചു. ഭരണപക്ഷത്തിനെതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലാക്കാര്‍ഡുകളും സമരക്കാര്‍ ഉയര്‍ത്തി. ശക്തമായ സമരം വരും ദിവസങ്ങളിലും തുടരുമെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here