തെരുവ് നായകള്‍ക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍; സിസിടിവി ദൃശ്യങ്ങള്‍

ചണ്ഡീഗഢില്‍ തെരുവ് നായകള്‍ക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുപത്തിയഞ്ചുകാരിയായ തേജസ്വിതയെയാണ് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. തേജസ്വിതയും അമ്മ മഞ്ജിദെര്‍ കൗറും തെരുവോരത്ത് നായകള്‍ക്ക് തീറ്റ നല്‍കുകയായിരുന്നു. ഇതിനിടെയായിരുന്നു സംഭവം. അപകടശേഷം കാര്‍ നിര്‍ത്താതെ പോയി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

യു ടേണ്‍ എടുത്തു പാഞ്ഞുവന്ന ആഡംബര കാര്‍ യുവതിയെ ഇടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. രക്തത്തില്‍ കുളിച്ചു കിടന്ന തേജസ്വിതയെ രക്ഷിക്കണമെന്ന് അപേക്ഷിച്ചെങ്കിലും ആരും തയ്യാറായില്ലെന്നും തുടര്‍ന്ന് വീട്ടിലേക്കും പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും വിളിച്ചറിയിക്കുകയായിരുന്നുവെന്നും തേജസ്വിതയുടെ അമ്മ പറഞ്ഞു.

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു ബിരുദധാരിയായ തേജസ്വിത. ഗുരുതരമായി പരുക്കേറ്റെങ്കിലും യുവതി അപകടനില തരണം ചെയ്തു. ഇടിച്ച കാറിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News