സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ചെയർമാനും ഡയറക്ടറും അറസ്റ്റിൽ. കാസർക്കോട് കുണ്ടംകുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) ചെയർമാൻ കുണ്ടംകുഴിയിലെ ഡി വിനോദ് കുമാർ, ഡയറക്ടർ പെരിയ നെടുവോട്ടുപാറയിലെ പി ഗംഗാധരൻ നായർ എന്നിവരെയാണ് ബേഡകം പൊലീസ് പിടികൂടിയത്. എൺപത് ശതമാനം ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് കോടികൾ നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്.
പതിനായിരം മുതൽ ആറുലക്ഷം വരെ നിക്ഷേപിച്ച 18 പേർ ചെയർമാനും അഞ്ച് ഡയറക്ടർമാർക്കുമെതിരെ ബേഡകം പൊലീസിൽ പരാതി നൽകിയിയിരുന്നു. പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്താൻ കാസർക്കോട്ടെത്തിയപ്പോഴാണ് രണ്ടു പേരും പിടിയിലായത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിനോദ് കുമാറിനെ സ്വകാര്യ ലോസ്ജിൽ നിന്നും ഗംഗാധരൻ നായരെ കാസർക്കോട് പ്രസ്‌ക്ലബ് പരിസരത്ത് നിന്നുമാണ് കസ്‌റ്റഡിയിൽ എടുത്തത്. രണ്ട് മാസം മുമ്പ് സ്ഥാപനത്തിനെതിരെ പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് വിനോദ് കുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിക്ഷേപകർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
നിക്ഷേപിക്കുന്ന തുക 200 ദിവസത്തിനു ശേഷം ഇരട്ടിയാക്കി തിരിച്ചു നൽകുമെന്ന വാഗ്ദാനം നൽകിയാണ് നിക്ഷേപം സ്വീകരിച്ചത്. 5000 ത്തിലധികം പേർ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം. കുണ്ടംകുഴിയിലെ സ്ഥാപത്തിന്റെ പ്രധാന ബ്രാഞ്ച് ഇപ്പോഴും തുറക്കുന്നുണ്ട്. വടക്കൻ കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമുള്ളവരാണ് നിക്ഷേപകരിൽ ഏറെയും. ഓഹരി, ബിറ്റ്‌കോയിൻ, സ്വർണം, റിയൽ എസ്‌റ്റേറ്റ്, ഹോട്ടൽ ഇടപാടിലൂടെയാണ് ലാഭമുണ്ടാക്കുന്നതെന്ന് പ്രചരിപ്പിച്ചാണ് നിക്ഷേപകരെ ആകർഷിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here