ടി.എം കൃഷ്ണന്റെ രാജി; ചേലക്കര കോണ്‍ഗ്രസില്‍ അസംതൃപ്തി പുകയുന്നു

ടി എം കൃഷ്ണന്റെ രാജിയെ ചൊല്ലി ചേലക്കര കോണ്‍ഗ്രസില്‍ അസംതൃപ്തി പുകയുന്നു. തൃശ്ശൂര്‍ ചേലക്കരയില്‍ കോഴക്കേസ് വിവാദത്തെ തുടര്‍ന്ന് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ടി എം കൃഷ്ണന്‍ ഇപ്പോഴും ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനെ ചൊല്ലിയാണ് തര്‍ക്കം മുറുകുന്നത്. കൃഷ്ണന്‍ രാജിവച്ച ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍ക്കാലിക ബ്ലോക്ക് പ്രസിഡന്റായി ആരെയും പരിഗണിക്കാത്തതിലും ഒരുവിഭാഗം പരാതി ഉയര്‍ത്തുന്നുണ്ട്.

നേരത്തെ ഔദ്യോഗിക പരിപാടിയില്‍ ടി.എം. കൃഷ്ണന്റെ പേരിനൊപ്പം ജില്ലാ സെക്രട്ടറി പദവിയും ഉപയോഗിച്ചിരുന്നു. മാധ്യമങ്ങളുടെ മുന്നില്‍ പുകമറ സൃഷ്ടിക്കാനായി ടി.എം.കൃഷ്ണന്‍ രാജിനാടകം കളിച്ചുവെന്ന ആക്ഷേപമാണ് ഒരുവിഭാഗം ഉയര്‍ത്തുന്നത്. നിലവില്‍ ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തും ടി എം കൃഷ്ണന്‍ തുടരുകയാണ്. ഇതിനെതിരെയും കോണ്‍ഗ്രസില്‍ മുറുമുറുപ്പുണ്ട്. കഴിഞ്ഞദിവസം രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയില്‍ കോഴ വിവാദത്തില്‍ രാജിവച്ച ടി എം കൃഷ്ണന്‍ സ്വാഗത പ്രസംഗം പറഞ്ഞതും വിവാദമായിട്ടുണ്ട്.

വീണ്ടും ഐഎന്‍ടിയുസിയുടെ ജില്ലാ കമ്മിറ്റിയിലേക്ക് ടി എം കൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന സൂചനകള്‍ക്കിടെയാണ് ചേലക്കരയിലെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിലേക്ക് കൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഉയരുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
ചേലക്കരയിലെ കോണ്‍ഗ്രസ് നാഥനില്ല കളരിയായി മാറിയിരിക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News