നായയെ കണ്ട് പേടിച്ചു; മൂന്നാംനിലയിൽ നിന്ന് താഴെ വീണ ഡെലിവറി ബോയ് മരിച്ചു; നായയുടെ ഉടമക്കെതിരെ കേസ്

നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽ നിന്നും വീണ് പരിക്കേറ്റ ഡെലിവറി ബോയ് മരിച്ചു. തെലങ്കാനയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ എംഡി റിസ്‌വാൻ ആണ് മരിച്ചത്. മൂന്നാം നിലയിൽ നിന്നും താഴേക്കു വീണ റിസ്‌വാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിൽസയിലിരിക്കെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് റിസ്‌വാൻ മരിച്ചത്.

കഴിഞ്ഞ മൂന്ന് വർഷമായി സ്വി​ഗിയിൽ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു റിസ്‌വാൻ. കുടുംബത്തോടൊപ്പം യൂസഫ്ഗുഡയിലെ ശ്രീറാം നഗറിലാണ് ഇയാൾ താമസിച്ചിരുന്നത്. ജനുവരി 11-ന് വൈകുന്നേരമാണ് റിസ്‌വാൻ തെലങ്കാനയിലെ ബഞ്ചാര ഹിൽസിലുള്ള ലുംബിനി റോക്ക് കാസിൽ അപ്പാർട്ട്‌മെന്റിലെത്തിയത്. കസ്റ്റമർ വാതിൽ തുറന്നതിനു പിന്നാലെ ഇയാളുടെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തുനായ റിസ്‌വാന് നേരെ പാഞ്ഞടുത്തു. നായയിൽ നിന്നും രക്ഷപ്പെടാനായി റിസ്‌വാൻ അടുത്ത നിലയിലേക്ക് ഓടിപ്പോയി.

പരിഭ്രാന്തിക്കിടെ, മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു. കസ്റ്റമർ ഉടൻ തന്നെ റിസ്വാനെ നിംസിൽ എത്തിച്ചു. റിസ്‌വാന്റെ തലക്കുള്ളിൽ രക്തസ്രാവവും വാരിയെല്ലുകൾക്ക് ഗുരുതരമായി പൊട്ടലും സംഭവിച്ചിരുന്നു. ജനുവരി 14-ന് നിംസിൽ ചികിത്സയിലിരിക്കെയാണ് റിസ്‌വാൻ മരണത്തിന് കീഴടങ്ങിയതെന്ന് പൊലീസ് അറിയിച്ചു. റിസ്‌വാന്റെ സഹോദരൻ ഖാജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നായയുടെ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News