ഇന്ത്യയുടെ 40 ശതമാനം സ്വത്തും ഒരു ശതമാനത്തിന്റെ കൈയ്യിൽ; പഠന റിപ്പോർട്ട് പുറത്തുവിട്ട് ഒക്സ്ഫാം

ഇന്ത്യാ മഹാരാജ്യത്തിന്റെ 40 ശതമാനം സ്വത്തും ഒരു ശതമാനത്തിന്റെ കൈയ്യിലെന്ന് ഒക്സ്ഫാം പഠനറിപ്പോർട്ട്. എന്നാല്‍ പണക്കാരായ പത്ത് ശതമാനം അടച്ച ജിഎസ്ടി തുക മൂന്ന് ശതമാനം മാത്രം. മോദി സർക്കാരിന്റെ ക്രോണിക്യാപ്പിറ്റലിസ്റ്റ് സമീപനം വ്യക്തമാക്കുന്നതാണ് ഒക്സ്ഫാം കണക്കുകള്‍.

സർവൈവല്‍ ഓഫ് ദ റിച്ചസ്റ്റ് എന്ന പേരില്‍ ഒക്സ്ഫാം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇന്ത്യന്‍ ജനതയ്ക്കിടയിലെ അസമത്വത്തിന്റെ കാഠിന്യം വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നിട്ടുള്ളത്. പഠനപ്രകാരം ഇന്ത്യയിലെ ഏറ്റവും പണക്കാരായ ഒരു ശതമാനത്തിന്റെ കൈയ്യിലാണ് രാജ്യത്തിന്റെ നാല്‍പത് ശതമാനം സ്വത്തും. എന്നാല്‍ സാമ്പത്തികാടിത്തട്ടില്‍ കഴിയുന്ന, ജനസംഖ്യയുടെ മറുപകുതിയുടെ കൈയ്യില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് ശതമാനം സ്വത്ത് മാത്രം.

കൊവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 121 ശതമാനത്തിന്റെ വർധനയാണ് ഇന്ത്യന്‍ കോടീശ്വരന്മാരുടെ ആസ്തിയില്‍ ഉണ്ടായിട്ടുള്ളത്. ദിനംപ്രതി 3608 കോടിയുടെ വർധനവ്. എന്നാല്‍ മൂന്നില്‍ രണ്ട് ജിഎസ്ടി അടച്ചത് പാവപ്പെട്ട അമ്പത് ശതമാനമാണെന്നതാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുടെ മറുപുറം. പത്ത് ശതമാനം പണക്കാർ അടച്ചതോ മൂന്ന് ശതമാനം ജിഎസ്ടി മാത്രം. സംഘപരിവാർ സർക്കാർ ഒന്നോ രണ്ടോ മുതലാളിമാരുടെ സർക്കാരായി പ്രവർത്തിക്കുന്നുവെന്ന വിമർശനം ശരിവയ്ക്കുകയാണ് ഒക്സ്ഫാം റിപ്പോർട്ട്. ഒക്സ്ഫാമിന്റെ വാർഷിക റിപ്പോർട്ടില്‍ രാജ്യത്ത് തുടരുന്ന ജാതി, ലിംഗപരമായ അസമത്വവും പ്രതിപാദിക്കുന്നുണ്ട്.

നിലവില്‍ ഇന്ത്യന്‍ അടിസ്ഥാനവര്‍ഗജനത നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കാനും തക്കതാണ് റിപ്പോർട്ടിലെ കണക്കുകള്‍. രാജ്യത്തെ ഏറ്റവും പണക്കാരായ പത്ത് പേർക്ക് മേല്‍ അഞ്ച് ശതമാനം മാത്രം നികുതി ചുമത്തിയാല്‍ മുഴുവന്‍ ഇന്ത്യന്‍ ബാല്യത്തെയും സ്കൂളിലെത്തിക്കാന്‍ കഴിയും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗൗതം അദാനിക്ക് മാത്രം നല്‍കിയ ഒരു ലക്ഷത്തി എഴുപത്തിയൊമ്പതിനായിരം രൂപ നികുതിയിളവ് 50 ലക്ഷം പ്രൈമറി അധ്യാപകർക്ക് ശമ്പളം നല്‍കാന്‍ തികഞ്ഞേനെ. ഇന്ത്യയിലെ കോടീശ്വരന്മാർ ഒറ്റത്തവണയായി രണ്ട് ശതമാനമെങ്കിലും നികുതി അടച്ചിരുന്നെങ്കില്‍ ജനതയുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനായേനെ എന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിസന്ധിക്ക് പരിഹാരമാർഗം എളുപ്പമാണെന്നിരിക്കെ മോദി സർക്കാരിന്റെ താത്പര്യം എന്താണെന്നതാണ് ഇന്ത്യന്‍ ജനത ഉയർത്തുന്ന ചോദ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News