ദില്ലിയില്‍ നടക്കുന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവില്‍ കേരള ഘടകത്തിന് വിമര്‍ശനം. കേരളത്തില്‍ പാര്‍ട്ടിക്ക് വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകള്‍ക്ക് ശക്തി കുറഞ്ഞ തമിഴ്‌നാട്ടില്‍ പോലും ബി.ജെ.പിക്ക് കേരളത്തേക്കാള്‍ വളര്‍ച്ച നേടാന്‍ സാധിച്ചുവെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
കേന്ദ്ര പദ്ധതികള്‍ ചൂണ്ടിക്കാണിച്ച് കേരളത്തില്‍ കൃത്യമായ പ്രചാരണം നടത്തുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന വിമര്‍ശനവും ദേശീയ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്നു. സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസമാര്‍ജിക്കാന്‍ സംസ്ഥാന ഘടകത്തിന് കഴിയുന്നില്ലെന്നും ദേശീയ എക്‌സിക്യൂട്ടിവില്‍ വിമര്‍ശനം ഉയര്‍ന്നു.
മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണ് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനമെന്ന കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍ കേരളത്തിലെ സുരേന്ദ്രവിരുദ്ധര്‍ വരും ദിവസങ്ങളില്‍ ആയുധമാക്കുമെന്നാണ് വിവരം. കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിയുടെ വീഴ്ചകളാണ് ദേശീയ എക്‌സിക്യൂട്ടീവ് ചൂണ്ടിക്കാണിച്ചതെന്നാണ് ഒരുവിഭാഗം നേതാക്കള്‍ പറയുന്നത്. നേരത്തെ കെ.സുരേന്ദ്രന്‍ പ്രസിഡന്റ് സ്ഥാനത്ത് വീണ്ടും തുടരുമെന്ന സൂചന സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ നല്‍കിയിരുന്നു.
ഒരു പൊതുപരിപാടിയില്‍ ഇത്തരം ഗൗരവമുള്ള സംഘടനാ നിലപാട് പറഞ്ഞ പ്രകാശ് ജാവദേക്കര്‍ക്കെതിരെയും കേരളത്തിലെ ഒരുവിഭാഗം ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നുമാറ്റി എം.ടി.രമേശിനെയോ വത്സന്‍ തില്ലങ്കേരിയേയോ പകരം കൊണ്ടുവരാന്‍ ശ്രമിക്കുന്ന വിഭാഗത്തിന് സംസ്ഥാന നേതൃത്വത്തിനെതിരായ നിലപാട് കടുപ്പിക്കാന്‍ ദേശീയ എക്‌സിക്യൂട്ടീവിലെ വിമര്‍ശനം പിടിവള്ളിയാകുമെന്നാണ് ഒരുവിഭാഗം പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here