ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് അനുവദിച്ച കോഴ്സുകള്‍ കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകള്‍ നടത്താന്‍ പാടില്ല: ഹൈക്കോടതി

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് യു ജി സി അനുവദിച്ച വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകള്‍ നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതി. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് മാത്രം വിദൂര വിദ്യാഭ്യാസം അനുവദിക്കുന്നതിനെതിരെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജനുവരി 10നാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് അനുവദിച്ച കോഴ്സുകള്‍ ഒഴികെയുള്ള കോഴ്സുകള്‍ മാത്രമേ മറ്റ് സര്‍വ്വകലാശാലകള്‍ക്ക് നടത്താന്‍ പാടുള്ളു എന്ന് വിധിയില്‍ പറയുന്നുണ്ട്.

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ആക്ടിലെ 72-ാം വകുപ്പ് പ്രകാരം കേരളത്തിലെ വിദൂര വിദ്യാഭ്യാസം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി മാത്രമാണ് നടത്തേണ്ടതെന്ന് ഗവണ്മെന്റ് തീരുമാനം എടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ SGOU നടത്തുന്ന കോഴ്സുകള്‍ മറ്റ് യൂണിവേഴ്സിറ്റികള്‍ നടത്തരുതെന്ന് ഗവണ്മെന്റ് ഉത്തരവിറക്കിയിട്ടുണ്ട്.

ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് യു ജി സി അഞ്ച് യു ജി പ്രോഗ്രാമുകള്‍ക്കും രണ്ട് പി ജി പ്രോഗ്രാമുകള്‍ക്കും ആണ് ആദ്യ ഘട്ടത്തില്‍ അനുമതി നല്‍കിയത്. 2022-23 മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് അനുമതി. ബി എ ഇംഗ്ലീഷ്, മലയാളം ഹിന്ദി അറബിക് സംസ്‌കൃതം, എം എ ഇംഗ്ലീഷ് മലയാളം എന്നിവയാണ് ഓപ്പണ്‍ സര്‍വ്വകലാശാല ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. ഈ കോഴ്സുകളിലേക്ക് 5700 – ഓളം വിദ്യാര്‍ത്ഥികള്‍ ചേരുകയും ഡിസംബര്‍ 24 ന് കൗണ്‍സിലിങ്ങ് സെഷനുകള്‍ വിവിധ പഠനകേന്ദ്രങ്ങളില്‍ ആരംഭിക്കുകയും ചെയ്തു.

യു ജി പ്രോഗ്രാമുകളായ ബി എ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളൊജി ഫിലോസഫി, ബി കോം, ബി സി എ, ബിസിനസ് സ്റ്റഡീസ്, പി ജി പ്രോഗ്രാമുകളായ എം എ ഹിസ്റ്ററി, സോഷ്യോളൊജി, എം. കോം മുതലായ പ്രോഗ്രാമുകള്‍ക്കുള്ള യു ജി സി അനുമതി ഓപ്പണ്‍ യൂണിവേഴ്സിക്ക് ഈ മാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News