കോൺഗ്രസിലെ സമദൂരം തെറ്റിച്ച് സുകുമാരൻ നായർ

കോണ്‍ഗ്രസിലെ ജാതിക്കളിയില്‍ സമദൂരം തെറ്റിച്ച് എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായര്‍. കോണ്‍ഗ്രസിന്റെ ആഭ്യന്തരരാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താനുള്ള ശേഷി എന്‍.എസ്.എസിനുണ്ടെന്ന് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സുകുമാരന്‍ നായര്‍ പറയാതെ പറഞ്ഞത്. ഇപ്പോഴും കോണ്‍ഗ്രസിന്റെ നട്ടെല്ല് താങ്ങുന്ന പ്രധാന ജാതിസംഘടന തങ്ങളാണെന്ന് വരുത്താനും സുകുമാരന്‍ നായര്‍ക്കായി. ഏറെക്കാലത്തിന് ശേഷം കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തെ തന്നെ പിടിച്ചുലയ്ക്കാന്‍ ശേഷിയുള്ള വടിവെട്ടിയെടുത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കയ്യില്‍വച്ചു കൊടുക്കാനും സുകുമാരന്‍ നായര്‍ക്ക് സാധിച്ചു.

ഒരു മത സാമുദായിക സംഘടനകളുടേയും നേതാക്കളുടേയും തിണ്ണ നിരങ്ങുന്ന സമ്പ്രദായം തനിക്കില്ലെന്ന നിലപാട് പറഞ്ഞ വി ഡി സതീശനെയും ഒരുകാലത്ത് എന്‍.എസ്.എസിന്റെ കയ്യിലെ താക്കോലായിരുന്ന രമേശ് ചെന്നിത്തലയെയും ഒരറ്റത്ത് ബന്ധിച്ചാണ് തരൂര്‍ തറവാടി നായരാണെന്ന് സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചത്. വി.ഡി.സതീശനെക്കാളും രമേശ് ചെന്നിത്തലയെക്കാളും മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ തരൂരാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞുവച്ചു കഴിഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും ഭരണം തിരിച്ചുപിടിക്കാമെന്നും അതുവഴി മുഖ്യമന്ത്രിയാകാമെന്നും സ്വപ്‌നം കാണുന്ന ഭൗമീകാമുകരുടെ ഉറക്കം കെടുത്താന്‍ സുകുമാരന്‍ നായര്‍ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തില്‍ സജീവമാകുമെന്നും നിയമസഭയിലേയ്ക്ക് മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നുമുള്ള തരൂരിന്റെ വെളിപ്പെടുത്തലും സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കണ്ടായെന്ന വി.ഡി.സതീശിന്റെ നിലപാടുമെല്ലാം സുകുമാരന്‍ നായര്‍ എഫക്ടാണെന്നതില്‍ തര്‍ക്കമില്ല.

കോണ്‍ഗ്രസിന്റെ ആഭ്യന്തരരാഷ്ട്രീയത്തിലെ ചുഴിയും മലരിയും ചതിക്കയങ്ങളും ബോധ്യമുള്ള സുകുമാരന്‍ നായര്‍ സമദൂരമെന്ന പ്രഖ്യാപിത നിലപാട് പോലും മറന്നാണ് പുതിയ ചൂണ്ട എറിഞ്ഞിരിക്കുന്നത്. ഉമ്മന്‍ചാണ്ടി അരങ്ങൊഴിഞ്ഞ കോണ്‍ഗ്രസിന്റെ നിയമസഭാ നേതൃത്വചിത്രത്തിലേയ്ക്ക് രമേശ് ചെന്നിത്തലയുടെ പേരുവെട്ടിയാണ് വി.ഡി.സതീശന്‍ വരുന്നത്. ഉമ്മന്‍ചാണ്ടിക്ക് ശേഷം താനെന്ന പ്രതീതിസൃഷ്ടിച്ച രമേശ് ചെന്നിത്തലയ്ക്ക് കനത്ത ആഘാതമായിരുന്നു പ്രതിപക്ഷ നേതൃതുടര്‍ച്ചയില്‍ നിന്നുള്ള പുറത്തു പോകല്‍. പക്ഷെ ചെന്നിത്തല ഇപ്പോഴും നേരത്തെ തുന്നിവച്ച മുഖ്യമന്ത്രിക്കുപ്പായം ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ മറികടന്ന് അഭിനവ പ്രതിപക്ഷ നേതാവിന്റെ കുപ്പായം രമേശ് ചെന്നിത്തല ഇടയ്ക്ക് എടുത്തണിയുന്നത് ഈ കുപ്പായം അലമാരയിലിരുന്ന് വീണ്ടും വീണ്ടും ഭ്രമിപ്പിക്കുന്നതിനാലാണ്. പ്രതിപക്ഷ നേതാവില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേയ്ക്ക് ദൂരം കുറവാണെന്ന സമാധാനത്തിലാണ് വി.ഡി.സതീശന്‍. പ്രായവും അനുകൂല ഘടകമാണ്. കെ.പി.സി.സി പ്രസിഡന്റിന്റെ ആനുകൂല്യം സുധാകാരനും അവകാശപ്പെടുമെന്ന് ഉറപ്പാണ്. പത്താംനമ്പര്‍ ജന്‍പഥിലെ കാര്യക്കാരന്റെ മേല്‍ക്കൈ ഉള്ള കെ.സി.വേണുഗോപാലും വേണമെങ്കില്‍ ഒരുകൈ നോക്കാന്‍ കെ.മുരളീധരനും ഡഗ് ഔട്ടില്‍ വെയ്റ്റിങ്ങിലാണ്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനമോഹികളുടെ പട്ടിക ഇതില്‍ തീരുന്നില്ല. സ്വഭാവികമായും ഈ പട്ടികയിലേക്ക് ആഗോളപൗരനെന്ന പ്രഭാവവുമായി തരൂര്‍ കൂടി വരുമ്പോള്‍ മറ്റുള്ളവരുടെ മുട്ടിടിക്കുക സ്വഭാവികമാണ്.

തരൂര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് എന്‍.എസ്.എസും ഓര്‍ത്തഡോക്‌സ് സഭയും ഇതിനകം പരസ്യമായി ആവശ്യപ്പെട്ടത് ഈ നേതാക്കളുടെയെല്ലാം ചങ്കിടിപ്പ് കൂട്ടിയിട്ടുണ്ടാവും. കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ തരൂര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട ബസേലിയോസ് മാര്‍ത്തോമ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ സമീപനവും തരൂരിന് ലഭിക്കുന്ന പിന്തുണ അധികനാള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന മുസ്ലിംലീഗിന്റെ നിലപാടും യു.ഡി.എഫ് രാഷ്ട്രീയം അധികാരത്തില്‍ തിരിച്ചെത്താന്‍ ആശ്രയിക്കുന്ന സമവാക്യങ്ങളുടെ അവസാന പിടിവള്ളിയാണ്. 2021ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത് നായര്‍ സമുദായം മാത്രമാണെന്ന് സുകുമാരന്‍ നായര്‍ ഇതിനകം അവകാശപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യന്‍-മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടെന്ന് വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ പരമ്പരാഗത ജാതീയ വോട്ടുസമവാക്യങ്ങളുടെ രസതന്ത്രത്തെ പുനരുജ്ജീവിപ്പിക്കാന്‍ തരൂരിനെ മുന്നില്‍ നിര്‍ത്തണമെന്ന വിവരണം രൂപപ്പെടുന്നത്.

ഈ നീക്കങ്ങളുടെ ചിന്താപദ്ധതി എന്‍.എസ്.എസും ഓര്‍ത്തഡോക്‌സ് സഭയും മുസ്ലിംലീഗം ചേര്‍ന്ന് മുന്നോട്ടു വയ്ക്കുമ്പോള്‍ അതിന്റെ ചാണക്യബുദ്ധി എവിടെയാണെന്ന് കഴിഞ്ഞ മൂന്നുദശകമായി കേരള രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് സംശയമുണ്ടാകില്ല. സുകുമാരന്‍ നായര്‍ രമേശ് ചെന്നിത്തലയെ ഒഴിവാക്കി വി.ഡി.സതീശനെ അകറ്റിനിര്‍ത്തി തരൂരിന് കൈകൊടുക്കുമ്പോള്‍ കര്‍ട്ടന് പിന്നിലെ ഉമ്മന്‍ചാണ്ടിയുടെ അദൃശ്യസാന്നിധ്യം രാഷ്ട്രീയധാരണയുള്ളവര്‍ക്കൊക്കെ വ്യക്തമാണ്. കൂടെ ഓര്‍ത്തഡോക്‌സ് സഭയും മുസ്ലിംലീഗും കൂടി അണിനിരക്കുമ്പോള്‍ കാര്യങ്ങള്‍ സുവ്യക്തമാണ്. തരൂരിന്റെ കേരളഗെയിംപ്ലാനിലെ പ്രധാന നോണ്‍പ്ലെയിങ്ങ് ക്യാപ്റ്റനായി അണിയറയില്‍ ഉമ്മന്‍ചാണ്ടിയുണ്ടെന്നത് മുഖ്യമന്ത്രിപദം കൊതിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെയെല്ലാം ഉറക്കം കെടുത്തുമെന്ന് തീര്‍ച്ചയാണ്.

ദിപിൻ മാനന്തവാടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News