ഗൗതം മേനോനും ജോണി ആന്റണിയും ‘അനുരാഗത്തില്‍’; ചിത്രം പങ്കുവച്ച് ജോണി ആന്റണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സംവിധായകന്‍ ജോണി ആന്റണി. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘അനുരാഗം’ റിലീസിന് എത്തുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ജോണി ആന്റണിക്കൊപ്പം സഹതാരമായെത്തുന്ന സംവിധായകനും അഭിനേതാവുമായ ഗൗതം മേനോന് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അനുരാഗമെന്ന തന്റെ ചിത്രത്തിന്റെ വരവറിച്ചിരിക്കുകയാണ് ജോണി ആന്റണി. അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹം ഇരുപത്തിനാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ് ഇപ്പോള്‍.

1999ല്‍ ജോസ് തോമസ് ദിലീപിനെ നായനാക്കി ഒരുക്കിയ ‘ഉദയപുരം സുല്‍ത്താന്‍’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനേതാവായതിന് ശേഷം സംവിധാന രംഗത്താണ് അദ്ദേഹം കൂടതലായി ശ്രദ്ധ കേന്ദ്രീകരിച്ചത്. ആദ്യത്തെ സംവിധാന സംരംഭമായ എക്കാലത്തെയും ഹിറ്റ് ചിത്രം ‘സി.ഐ.ഡി മൂസ’, സംവിധായകന്‍ എന്ന നിലയില്‍ വലിയൊരു സ്ഥാനമാണ് നല്‍കിയത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളെ വച്ച് ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ശേഷമാണ് അദ്ദേഹം വീണ്ടും അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. ഇപ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ വലിയ തിരക്കുള്ള താരമാണ് അദ്ദേഹം. കൂടുതലും ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചു വരുന്നത്. എന്നാല്‍ അതിന് മാറ്റം നല്‍കുന്ന കഥാപാത്രമാണ് ഷഹദ് സംവിധാനം ചെയ്യുന്ന ‘അനുരാഗം’ എന്ന ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന ജോസ് എന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ കഥാപാത്രം. ‘അനുരാഗം’ തിയേറ്ററില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ജോണി ആന്റണി എന്ന അഭിനേതാവിന്റെ പുതിയൊരു മുഖം കാണാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.

അനുരാഗം എന്ന സിനിമയുടെ പിറവിക്ക് പിന്നിലെ ജോണി ആന്റണി എന്ന സിനിമാപ്രേമിയുടെ പങ്കും സംവിധായകന്‍ ഷഹദ് ഓര്‍മ്മിക്കുന്നു. സിനിമയുടെ തുടക്കം മുതല്‍ നിര്‍മ്മാതാവിലേക്ക് തങ്ങളെ എത്തിക്കുന്നതിന് വരെ അദ്ദേഹം മുന്നില്‍ നിന്ന് സഹായങ്ങള്‍ നല്‍കി. മികച്ച നിര്‍മ്മാതാക്കളെ ലഭിച്ചതിനാല്‍ ഒരു ഘട്ടത്തില്‍ പോലും പ്രയാസങ്ങള്‍ ഒന്നും ഇല്ലാതെയാണ് സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. അതിന് കാരണം ജോണിച്ചേട്ടന്റെ സഹായമാണ് എന്ന് സംവിധായകന്‍ വ്യക്തമാക്കി. ‘അനുരാഗം’ സിനിമ തിയേറ്ററില്‍ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ജോണി ആന്റണിയുടെ ജോസിനെക്കുറിച്ച് ഏറെ ഇഷ്ടത്തോടെ സംസാരിക്കുന്നത് കാണാന്‍ കാത്തിരിക്കാം. ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗത്തിന്റെ രചന ചിത്രത്തിലെ നായകനായ അശ്വിന്‍ ജോസിന്റെതാണ്. ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

ലക്ഷ്മി നാഥ് ക്രിയേഷന്‍സ്, സത്യം സിനിമാസ് എന്നീ ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകന്‍. സംഗീതം ജോയല്‍ ജോണ്‍സ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോള്‍ ആണ് ഈ സിനിമയുടെയും എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. പാട്ടുകള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹന്‍ കുമാര്‍,ടിറ്റോ പി.തങ്കച്ചന്‍ എന്നിവരാണ്. കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈന്‍- സുജിത്ത് സി.എസ്, മേക്കപ്പ്- അമല്‍ ചന്ദ്ര, സംഘട്ടനം- മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ബിനു കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവിഷ് നാഥ്, കൊറിയോഗ്രഫി- റീഷ്ധാന്‍ അബ്ദുല്‍ റഷീദ്, അനഘ മറിയ വര്‍ഗീസ്, ജിഷ്ണു,ഡിഐ- ലിജു പ്രഭാകര്‍, സ്റ്റില്‍സ്- ഡോണി സിറില്‍, പിആര്‍ഒ- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോടൂത്ത്‌സ്. അനുരാഗത്തിലെ ആദ്യ ഗാനമായ ‘ചില്ല് ആണേ’ യൂട്യൂബില്‍ പത്ത് ലക്ഷം വ്യൂസിനു മുകളില്‍ നേടി ട്രെന്‍ഡിങ്ങില്‍ തുടരുന്നുണ്ട്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News