പാഠ്യപദ്ധതി പരിഷ്‌കരണം: പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വരാനുള്ള സമയക്രമത്തിന് അംഗീകാരം

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വരാനുള്ള സമയക്രമത്തിന് അംഗീകാരം. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കരിക്കുലം കമ്മിറ്റി – പാഠ്യപദ്ധതി കോര്‍ കമ്മിറ്റി സംയുക്ത യോഗത്തിലാണ് അംഗീകാരം. മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

പ്രീ സ്‌കൂള്‍, 1,3,5,7,9 ക്ലാസുകള്‍ക്ക് 2024-25 അധ്യായന വര്‍ഷവും 2,4,6,8,10 ക്‌ളാസുകള്‍ക്ക് 2025-26 അധ്യായന വര്‍ഷവും പുതിയ പാഠപുസ്തകം വിതരണം ചെയ്യും. ഈ മാസം 31 ന് പൊസിഷന്‍ പേപ്പറുകള്‍ പൂര്‍ത്തിയാക്കും. ഏപ്രില്‍ മാസത്തോട് കൂടി ടെക്സ്റ്റ്ബുക്ക് രചന ആരംഭിക്കും. ആദ്യഘട്ട ടെക്സ്റ്റ്ബുക്ക് രചന ഈ വര്‍ഷം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും.

കേരളത്തിലെ വലിയൊരു വിഭാഗം കുട്ടികള്‍ക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതിനാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളില്‍ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കേണ്ടതുണ്ട്. എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി പാഠ്യപദ്ധതി രൂപീകരിക്കുവാനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി സ്‌കൂള്‍തലം മുതല്‍ ജില്ലാതലം വരെ വിപുലമായ ജനകീയചര്‍ച്ചകളാണ് സംഘടിപ്പിച്ചത്. സ്‌കൂള്‍, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലങ്ങളില്‍ ഇതിനായി സംഘാടകസമിതികള്‍ രൂപീകരിക്കുകയും അവയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തു. സ്‌കൂള്‍ തലത്തില്‍ നടന്ന ജനകീയ ചര്‍ച്ചകള്‍ക്ക് ശേഷം പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ തലത്തിലും ജനകീയ ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന് ബ്ലോക്ക്, ജില്ല തലങ്ങളിലും പാഠ്യപദ്ധതി ജനകീയ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.

ചരിത്രത്തിലാദ്യമായി കുട്ടികളോട് അഭിപ്രായമാരാഞ്ഞു കൊണ്ടാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നത്. കുട്ടികളുടെ അഭിപ്രായങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം. 2022 നവംബര്‍ 17 ന് സംസ്ഥാനത്തെ എല്ലാ ക്ലാസ് മുറികളിലും ചര്‍ച്ച സംഘടിപ്പിച്ചു. പൊതുസമൂഹത്തിന്റെ അഭിപ്രായം സ്വരൂപിക്കുന്നതിന് തയാറാക്കിയ ചര്‍ച്ചാ കുറിപ്പുകള്‍ അടങ്ങിയ കൈപ്പുസ്തകത്തിലെ ബന്ധപ്പെട്ട ചില ചോദ്യങ്ങളെ സ്‌കൂള്‍ പാഠ്യപദ്ധതി ചട്ടക്കൂടിലെ തീരുമാനമായും സര്‍ക്കാര്‍ നയമായും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷകളും ആശങ്കകളും പരിഗണിച്ച് ഏറെ സുതാര്യമായി ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു കെ ഐ എ എസ്, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍ കെ, പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജന്‍സി തലവന്മാര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration