വാഴയൂര്‍ സാഫി ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിക്ക് A++

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര ഏജന്‍സിയായ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ ഏറ്റവും ഉയര്‍ന്ന അംഗീകരമായ എ പ്ലസ്സ് പ്ലസ്സ് ഗ്രേഡ് നേടി വാഴയൂര്‍ സാഫി ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി. കേരളത്തില്‍ എ പ്ലസ്സ് പ്ലസ്സ് കിട്ടുന്ന ആദ്യ സ്വാശ്രയ സ്ഥാപനം എന്ന ചരിത്ര നേട്ടമാണ് സാഫി നേടിയിട്ടുള്ളത്. 3.54 പോയന്റ് നേടിയാണ് സാഫി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അഭിമാനമായത്. അക്കാദമിക മികവിന്റെയും അക്കാദമികേതര പ്രകടനങ്ങളുടെയും തുടര്‍ച്ചയായി യു.ജി.സി. നാക് അക്രഡിറ്റേഷനില്‍ ഉയര്‍ന്ന ഗ്രേഡ് കൈവരിച്ച് മികവിന്റെ കേന്ദ്രമായിരിക്കുകയാണ് വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം നിന്നുപോയ ജനവിഭാഗത്തിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യം വച്ചു കൊണ്ട് 2005ല്‍ സ്ഥാപിതമായതാണ് ‘സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ’ എന്ന സാഫി.

മലബാറിലെ സ്വകാര്യ ഉന്നതവിദ്യാഭ്യാസമേഖലയില്‍ തനത് മുദ്ര പതിപ്പിച്ച സാഫി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇതിനോടകം തന്നെ മലേഷ്യയിലെ ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയുമായി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധാരണാപത്രം ഒപ്പു വയ്ക്കുകയും ഗവേഷണകേന്ദ്രമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിദേശ യൂണിവേഴ്‌സിറ്റികളുമായി സാഫി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലിങ്ക് ചെയ്ത് ആധുനിക ഗവേഷണ മേഖലയില്‍ മികച്ച മാതൃകയാക്കി മാറ്റിയെടുക്കുമെന്ന് സ്ഥാപന ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.

കഴിഞ്ഞ 5 വര്‍ഷമായി പഠന ഗവേഷണ മേഖലയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിവിധ റാങ്കുകള്‍ കരസ്ഥമാക്കിയിരിക്കുന്നത് സാഫി ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വിദ്യാര്‍ത്ഥികള്‍ക്കായി രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങളാണ് സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കിയിരിക്കുന്നത്. സ്റ്റുഡന്റ് സപ്പോര്‍ട്ട്, സ്‌കോളര്‍ഷിപ്പ്, ദത്തുഗ്രാമത്തിലെ കൃഷി പാഠങ്ങള്‍, പഠന-പാഠ്യേതര പരിഷ്‌കാരങ്ങള്‍, തൊഴില്‍ രഹിതരായ പ്രവാസികള്‍ക്കായി ഒരുക്കുന്ന റീഹാബിലിറ്റേഷന്‍ പദ്ധതി, ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍, സയന്‍സ് റിസര്‍ച്ച് സെന്റര്‍, ലീഡേഴ്സ് അക്കാദമി, അലുംനി കെയര്‍ എന്നീ മേഖലകളില്‍ മികവിന്റെ കേന്ദ്രമായാണ് സാഫി ഇന്നറിയപ്പെടുന്നത്.

സാഫിയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയിലും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ നിരവധി പദ്ധതികളുടെ നടത്തിപ്പിലും മാനേജ്‌മെന്റ് ബദ്ധശ്രദ്ധരാണെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ പറഞ്ഞു. സാമൂഹ്യരംഗത്ത് വ്യത്യസ്ത മേഖലകളില്‍ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള, നേതൃപാഠവമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്ന ‘ലീഡേഴ്‌സ് അക്കാദമി’ സാഫിയുടെ സവിശേഷ പദ്ധതിയാണ്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് അന്തര്‍ദേശീയ പരീശീലനങ്ങള്‍ ഈ മേഖലകളില്‍ നല്‍കി വരുന്നു.

കൊവിഡാനന്തരം ആരംഭിച്ച ചാണക്യ സിവില്‍ സര്‍വീസ് അക്കാദമി, വിവിധങ്ങളായ മാനവ വിഭവശേഷിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ‘ഹ്യൂമന്‍ റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്’, അധ്യാപക വിദ്യാര്‍ഥികളുടെ ഗവേഷണ താല്പര്യങ്ങളെ നയിക്കുന്ന റിസര്‍ച്ച് ഡയറക്ടറേറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ നിലവില്‍ സ്ഥാപിതമായിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് യു.ജി.സി. അംഗീകാരം, ISO സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി വളര്‍ച്ചയുടെ ഉന്നത പടവുകള്‍ സ്ഥാപനം താണ്ടിക്കഴിഞ്ഞു.

സ്ഥാപനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുവാനുള്ള പരിശ്രമത്തില്‍ മാനേജ്‌മെന്റ്, അധ്യാപക- അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, തദ്ദേശ സ്ഥാപന അധികാരികള്‍ എന്നിവരുടെ സഹകരണം വലിയ പങ്കാണ് വഹിക്കുന്നത്. അടിസ്ഥാന-സൗകര്യ വികസനം, അധ്യാപക പഠനമേഖലയിലെ സാങ്കേതിക നൈപുണ്യ വികസനം, ഗവേഷണ പദ്ധതികള്‍ തുടങ്ങിയ മേഖലകള്‍ക്ക് മാനേജ്‌മെന്റ് ഇനി പ്രത്യേക പരിഗണന നല്‍കുമെന്ന് സാഫി ട്രാന്‍സ്ഫര്‍മേഷന്‍ കമ്മിറ്റി പ്രസിഡന്റ് സി. എച്ച്.അബ്ദുല്‍ റഹീം അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News