താന്‍ യുഎഇ രാജകുടുംബം; ഹോട്ടലില്‍ താമസിച്ച് 23 ലക്ഷത്തിന്റെ ബില്ലടയ്ക്കാതെ യുവാവ് മുങ്ങി

യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനുമാണെന്ന വ്യാജേന ദില്ലിയിലെ ലീല പാലസ് ഹോട്ടലില്‍ നാലു മാസത്തോളം താമസിച്ച് പണം നല്‍കാതെ കടന്നു കളഞ്ഞയാള്‍ക്കായി തിരച്ചില്‍. വന്‍ തട്ടിപ്പു നടത്തി മുങ്ങിയ എംഡി ഷെരീഫ് എന്നയാളെയാണ് ദില്ലി പൊലീസ് തെരയുന്നത്. ഇയാള്‍ രാജ്യതലസ്ഥാനത്തെ ലീല പാലസ് ഹോട്ടലില്‍ നാലു മാസത്തോളം താമസിച്ച് പണം നല്‍കാതെ കടന്നു കളയുകയായിരുന്നു.

ലക്ഷക്കണക്കിന് രൂപയുടെ ബില്ലാണ് ഇയാള്‍ അടക്കാനുള്ളത്. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിനും മോഷണത്തിനും പൊലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെ ഷെരീഫ് ഈ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചുവെന്നും ആരെയും അറിയിക്കാതെ ഇവിടെ നിന്നും പോയെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് വെള്ളിയില്‍ തീര്‍ത്ത വസ്തുക്കളും മറ്റ് സാധനങ്ങളും മോഷ്ടിച്ചതായും 24 ലക്ഷം രൂപ ഹോട്ടലിന് നല്‍കാനുണ്ടെന്നും പൊലീസ് അറിയിച്ചു.

താന്‍ യുഎഇ ഷെയ്ഖിനൊപ്പം ജോലി ചെയ്യുന്ന ആളാണെന്നും ചില ഔദ്യോഗിക ജോലികള്‍ക്കായി ഇന്ത്യയില്‍ വന്നതാണെന്നുമാണ് ഹോട്ടല്‍ ജീവനക്കാരോട് ഷെരീഫ് പറഞ്ഞിരുന്നത്. ശനിയാഴ്ചയാണ് ഹോട്ടല്‍ മാനേജ്മെന്റിന്റെ പരാതിയില്‍ ഷെരീഫിനെതിരെ കേസെടുത്തത്. താന്‍ യുഎഇയില്‍ താമസിക്കുന്ന ആളാണെന്നും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫീസില്‍ ജോലി ചെയ്യുകയാണെന്നും ഷരീഫ് ഹോട്ടല്‍ അധികൃതരോട് പറഞ്ഞതായി പരാതിയില്‍ പറയുന്നു. വ്യാജ ബിസിനസ് കാര്‍ഡും യുഎഇ റസിഡന്റ് കാര്‍ഡും മറ്റ് രേഖകളും ഇയാള്‍ ഹാജരാക്കിയെന്നും ഇവ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

പ്രതി ലീല പാലസിലെ 427-ാം നമ്പര്‍ മുറിയിലാണ് മാസങ്ങളോളം താമസിച്ചത്. ”ഞങ്ങളുടെ ഹോട്ടലിലെ അതിഥികളിലൊരാള്‍ 2022 നവംബര്‍ 20ന് ഹോട്ടലില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളുമായി കുടിശികയുള്ള ബില്ലുകള്‍ തീര്‍പ്പാക്കാതെ പോയി. യുഎഇ രാജകുടുംബവുമായി ബന്ധമുള്ള ഒരു പ്രധാന ഉദ്യോഗസ്ഥനെന്ന് പറഞ്ഞും വ്യാജ ബിസിനസ് കാര്‍ഡ് കാണിച്ചുമാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്”, ഹോട്ടല്‍ മാനേജ്‌മെന്റ് പരാതിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News