2021-22 വർഷത്തിൽ വരുമാനത്തിൽ വൻ കുതിച്ചു ചാട്ടം രേഖപ്പെടുത്തി തൃണമൂൽ കോൺഗ്രസ്.2020-21 ലെ 74.4 കോടി രൂപയിൽ നിന്ന് പോയ വർഷം പാർട്ടിയുടെ വരുമാനം 545.7 കോടി രൂപയായി വർദ്ധിച്ചു.വരുമാനത്തിൽ 633 ശതമാനത്തിൻ്റെ വർദ്ധനവ്. ഇതോടെ രാജ്യത്തെ ദേശീയ പാർട്ടികളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ബിജെപിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്താൻ തൃണമൂൽ കോൺഗ്രസിനായി.
1917 കോടി രൂപയാണ് ബിജെപിയുടെ കഴിഞ്ഞ വർഷത്തെ വരുമാനം.2020-21ൽ 752 കോടിയിൽ നിന്നും 154% ശതമാനവർദ്ധനവാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്. മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിൻ്റെയും വരുമാനത്തിൽ വർദ്ധനവുണ്ടായെങ്കിലും ദേശീയ പാർട്ടികളിൽ മൂന്നാം സ്ഥാനത്താണ്.2020-21 ലെ 285.7 കോടി രൂപയിൽ നിന്നും വരുമാനം 541.2 കോടിയായി വർദ്ധിച്ചു. 89 ശതമാനത്തിൻ്റെ വർദ്ധനവാണ് കോൺഗ്രസിനുണ്ടായിരിക്കുന്നത്.
എന്നാൽ കേരളത്തിലെ പ്രധാന ഭരണപാർട്ടിയായ സിപിഐഎമ്മിൻ്റെ വരുമാനത്തിൽ പോയ വർഷം ഇടിവുണ്ടായി.2020-21 ലെ 171 കോടിയിൽ നിന്നും വരുമാനം 162.2 കോടിയായി കുറഞ്ഞു.സിപിഐയുടെ വരുമാനം 2.1 കോടിയിൽ നിന്ന് 2.8 കോടിയായും പോയ വർഷം ഉയർന്നു.
2021-22ൽ ഏറ്റവും കൂടുതൽ പണം ചെലവാക്കിയതും ബിജെപിയാണ്.854.46 കോടി രൂപ.രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ് 400 കോടി രൂപയും പോയ വർഷം ചെലവഴിച്ചു. തൃണമൂൽ കോൺഗ്രസ് ചെലവ് 268.3 കോടിയും സിപിഐഎം 83.41 കോടിയും സിപിഐ 1.2 കോടിയും 2021-22 വർഷത്തിൽ ചെലവാക്കി.
പോയ വർഷം തെരഞ്ഞെടുപ്പുകൾക്കായി ഏറ്റവും കൂടുതൽ പണം ചെലവാക്കിയതും ബിജെപിയാണ്.2021-22 ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവ് 645.8 കോടി രൂപയാണ്. കോൺഗ്രസ് 279.7 കോടിയും തൃണമൂൽ കോൺഗ്രസ് 135 കോടിയും സിപിഐഎം 13 കോടിയും കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പുകൾക്ക് വേണ്ടി വിനിയോഗിച്ചു.
പ്രാദേശിക പാർട്ടികളുടെ പട്ടികയിൽ 2021-22ൽ എറ്റും ഉയർന്ന വരുമാനം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്കാണ്. 318.7 കോടി രൂപ.ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിക്ക് 307.2 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്. ടിആർഎസിന് 279.4 കോടിയും വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്ക് 93.7 കോടിയും കഴിഞ്ഞ വർഷം വരുമാനമായി ലഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here