പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം: ഉടന്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തുക്കള്‍ ഉടന്‍ ജപ്തി ചെയ്യണമെന്ന അന്ത്യശാസനവുമായി ഹൈക്കോടതി. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജനുസ്സരി 23 നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ നാശനഷ്ടവുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജപ്തി നടപടികള്‍ക്കായി നോട്ടീസ് നല്‍കേണ്ടതില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്

സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ജപ്തിയ്ക്കായുള്ള നീക്കങ്ങള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് നേരത്തെ കോടതി അതൃപ്തി രേഖപ്പെടുത്തുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നേരിട്ട് ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു നടപടി വൈകിയതില്‍ ഹൈക്കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു. ജനുവരി 15 നുള്ളില്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടപടികളിലെ പുരോഗതി പരിശോധിക്കാനായിരുന്നു കേസ് ഇന്ന് വീണ്ടും പരിഗണിച്ചത്.ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ ഐ എ റെയ്ഡ് നടത്തി നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ മിന്നല്‍ ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി വലിയ സംഘര്‍ഷമാണ് അഴിച്ചുവിട്ടത്. ഹര്‍ത്താലില്‍ ഉണ്ടായ ആക്രമണങ്ങളില്‍ 5.2 കോടി രൂപ നഷ്ട പരിഹാരത്തുക കെട്ടിവെക്കാനും കോടതി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാന്‍ സംഘടനയുടെയും സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറിന്റെയും സ്വത്തുക്കളുടെ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News