ത്രിപുര ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പ്രഖ്യാപിച്ചത്. ബിജെപി ഭരിക്കുന്ന തൃപുരയില്‍ ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടക്കും. നാഗാലാന്റിലും മേഘാലയിലും ഫെബ്രുവരി 27നാണ് വോട്ടെടുപ്പ്. മൂന്നിടത്തും ഒറ്റത്തവണയായാണ് വോട്ടെടുപ്പ്.
ഇതോടൊപ്പം ലക്ഷദ്വീപിലെ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. എല്ലായിടത്തെയും വോട്ടെണ്ണല്‍ മാര്‍ച്ച് 2ന് നടക്കും.
25വര്‍ഷം ഇടതുപക്ഷം ഭരിച്ച ത്രിപുര 2018ലാണ് ബിജെപി പിടിച്ചെടുത്തത്. ആകെയുള്ള 60 മണ്ഡലങ്ങളില്‍ ബിജെപിക്ക് 36 സീറ്റുകള്‍ കിട്ടി. ഇടതുപക്ഷം 16 സീറ്റിലേക്ക് ചുരുങ്ങി. ത്രിപുരയിലെ പ്രാദേശിക പാര്‍ട്ടിയായ ഐ.പി.എഫ്.ടിയും ബിജെപി സഖ്യത്തില്‍ ചേര്‍ന്നു.
പശ്ചിമബംഗാള്‍ പോലെ സിപിഐഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയമായി ഏറെ പ്രധാന്യമുള്ള സംസ്ഥാനമാണ് ത്രിപുര. അതിനാല്‍ ഇത്തവണ സംസ്ഥാനം തിരിച്ചുപിടിക്കാന്‍ എല്ലാ തലങ്ങളില്‍ വാശിയേറിയ പ്രചരണവുമായി ഇടതുപക്ഷം മുന്നോട്ടുപോവുകയാണ്. മതേതര പാര്‍ടികളുമായി സഹകരിച്ച് ബിജെപിയെ പുറത്താക്കുകയാണ് ലക്ഷ്യം.
ആഭ്യന്തര പ്രശ്നങ്ങളാണ് ത്രിപുരയില്‍ ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. ആരോപണങ്ങള്‍ ഏറെ ഉയര്‍ന്നതിനാല്‍ മുഖ്യമന്ത്രിയായിരുന്ന ബിപ്ലബ് ദേബിനെ മാറ്റേണ്ടിവന്നു. മണിക് സാഹയാണ് നിലവില്‍ ബിജെപിയുടെ മുഖ്യമന്ത്രി.
മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 31.47 ലക്ഷം പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 1.76 ലക്ഷം വരുന്ന പുതിയ വോട്ടര്‍മാരും ഈ മൂന്നു സംസ്ഥാനങ്ങളുടെയും ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായ സാന്നിധ്യമാകും. മാര്‍ച്ചിലാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി അവസാനിക്കുക.
മേഘാലയയിലും, നാഗാലന്‍ഡിലും ബിജെപി സഖ്യസര്‍ക്കാരുകള്‍ തന്നെയാണ് അധികാരത്തില്‍. ഒരു വര്‍ഷത്തിനപ്പുറം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പോരാട്ടം നിര്‍ണായകമാകും.
മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കിയായിരുന്നു രണ്ട് എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി 2018ല്‍ പ്രാദേശിക പാര്‍ട്ടിയായ എന്‍.പി.പിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ എത്തിയത്. ബി.ജെ.പി സഹകരണം തുടരുമോ എന്നതില്‍ എന്‍.പി.പി നിലപാട് നിര്‍ണായകമാകും. മുന്‍ മുഖ്യമന്ത്രി
മുകുള്‍ സാങ്മ ഉള്‍പ്പെടെ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മേഘാലലയില്‍ മുഖ്യപ്രതിപക്ഷം തൃണമൂലായിരുന്നു. അവശേഷിച്ച കോണ്‍ഗ്രസ് എം.എല്‍.എംമാര്‍ ബിജെപി ഉള്‍പ്പെടുന്ന ഭരണസഖ്യത്തെയാണ് പിന്തുണക്കുന്നത്.
നാഗാലാന്‍ഡില്‍ അധികാരത്തിലിരിക്കുന്നത് ബി.ജെ.പി, എന്‍ഡിപിപി, എന്‍പിഎഫ് ഫ്രണ്ട് എന്നിവര്‍ ഉള്‍പ്പെടുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് അലയന്‍സാണ്. നാഗാലാന്‍ഡില്‍ നിര്‍ണ്ണായകമാകുക ഏഴ് ആദിവാസി വിഭാഗങ്ങള്‍ ചേര്‍ന്ന സംഘടനയായ ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്റെ നിലപാടായിരിക്കും. ഫ്രണ്ടിയര്‍ നാഗാലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനത്തിനായുള്ള ഇവരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഇവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന സൂചനകളുണ്ട്. നാഗാലാന്‍ഡ് തെരഞ്ഞെടുപ്പില്‍ ഇഎന്‍പിഒയുടെ നിലപാട് അതിനാല്‍ നിര്‍ണ്ണായകമാണ്.
വധശ്രമക്കേസില്‍ ജയിലിലായതിനെ തുടര്‍ന്ന് ലക്ഷദ്വീപ് എം.പിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലക്ഷദ്വീപ് ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here