സി ഐ ടി യു 17-ാമത് അഖിലേന്ത്യ സമ്മേളനത്തിന് തുടക്കം

സി ഐ ടി യു 17-ാമത് അഖിലേന്ത്യ സമ്മേളനത്തിന് ബംഗളൂരുവില്‍ ഉജ്ജ്വല തുടക്കം. സമ്മേളനത്തെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭിവാദ്യം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി യോജിച്ച പോരാട്ടം ശക്തമാക്കുന്നതിനാവശ്യമായ തീരുമാനങ്ങള്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം കൈക്കൊള്ളും.

ബംഗളൂരുവിലെ ഗായത്രി വിഹാര്‍ സാഗര്‍ പാലസ് ഗ്രൗണ്ടിലെ ശ്യാമള്‍ ചക്രവര്‍ത്തി നഗറിലേക്ക് സാംസ്‌ക്കാരിക പരിപാടിളോടെയാണ് സമ്മേളന പ്രതിനിധികളെയും ട്രേഡ് യൂണിയന്‍ നേതാക്കളെയും സ്വീകരിച്ചത്. കെ ജി എഫ് സ്വര്‍ണഖനികളിലെ അവകാശ സമര പോരാട്ടത്തില്‍ ജീവന്‍ നല്‍കിയ രക്തസാക്ഷികളുടെ സ്മൃതികുടീരങ്ങളില്‍ നിന്നെത്തിച്ച ജ്യോതി സമ്മേളന നഗറില്‍ തെളിച്ചു.

സി ഐ ടി യു ദേശീയ പ്രസിഡന്റ് ഡോ. കെ ഹേമലത പ്രതിനിധി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. ചുവപ്പു സേനാംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം രക്തസാക്ഷി സ്മൃതി കൂടീരത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. രഞ്ജന നിരുല-രഘുനാഥ്‌സിങ് മഞ്ചില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സി ഐ ടി യു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ആമുഖ പ്രഭാഷണം നടത്തി. രാജ്യ വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ഭരണകൂടത്തെ പുറത്താക്കുന്നതിനായി ട്രേഡ് യൂണിയനുകളുടെ യോജിച്ച പോരാട്ടം ശക്തമാക്കുമെന്ന് തപന്‍ സെന്‍ പറഞ്ഞു.

വേള്‍ഡ് ഫെഡഷേന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് ജനറല്‍ സെക്രട്ടറി പാംബിസ് കിരിറ്റ്‌സിസും കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കളും സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സംസ്ഥാനങ്ങളില്‍ നിന്ന് 1570 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് അറുനൂറോളം പ്രതിനിധികളുണ്ട്. കര്‍ഷക സംഘം- കര്‍ഷ തൊഴിലാളി സംഘടന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ഗ്രൂപ്പ് ചര്‍ച്ച രണ്ടാം ദിനം നടക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനം സമ്മേളനം സൂക്ഷ്മമായി വിലയിരുത്തും. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് ട്രേഡ് യൂണിയനുകളും കര്‍ഷക സംഘടനകളും യോജിച്ചുള്ള ഭാവി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News