തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപി – കോൺഗ്രസ് സംഘർഷം

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപി കോൺഗ്രസ് സംഘർഷം. മജിലിഷ്പുർ മണ്ഡലത്തിലെ മോഹൻപുരിൽ ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അര മണിക്കൂറോളം നീണ്ടുനിന്നു.

കോൺഗ്രസ് – ബി ജെ പി സംഘർഷത്തിൽ എ ഐ സി സി അംഗവും ത്രിപുരയുടെ ചുമതലയുമുള്ള അജോയ് കുമാറിനടക്കം പരുക്കേറ്റു. അജോയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, ത്രിപുര ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പ്രഖ്യാപിച്ചത്. ബിജെപി ഭരിക്കുന്ന തൃപുരയില്‍ ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടക്കും. നാഗാലാന്റിലും മേഘാലയിലും ഫെബ്രുവരി 27നാണ് വോട്ടെടുപ്പ്. മൂന്നിടത്തും ഒറ്റത്തവണയായാണ് വോട്ടെടുപ്പ്. ഇതോടൊപ്പം ലക്ഷദ്വീപിലെ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. എല്ലായിടത്തെയും വോട്ടെണ്ണല്‍ മാര്‍ച്ച് 2ന് നടക്കും.

25വര്‍ഷം ഇടതുപക്ഷം ഭരിച്ച ത്രിപുര 2018ലാണ് ബിജെപി പിടിച്ചെടുത്തത്. ആകെയുള്ള 60 മണ്ഡലങ്ങളില്‍ ബിജെപിക്ക് 36 സീറ്റുകള്‍ കിട്ടി. ഇടതുപക്ഷം 16 സീറ്റിലേക്ക് ചുരുങ്ങി. ത്രിപുരയിലെ പ്രാദേശിക പാര്‍ട്ടിയായ ഐ.പി.എഫ്.ടിയും ബിജെപി സഖ്യത്തില്‍ ചേര്‍ന്നു.

പശ്ചിമബംഗാള്‍ പോലെ സിപിഐഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയമായി ഏറെ പ്രധാന്യമുള്ള സംസ്ഥാനമാണ് ത്രിപുര. അതിനാല്‍ ഇത്തവണ സംസ്ഥാനം തിരിച്ചുപിടിക്കാന്‍ എല്ലാ തലങ്ങളില്‍ വാശിയേറിയ പ്രചരണവുമായി ഇടതുപക്ഷം മുന്നോട്ടുപോവുകയാണ്. മതേതര പാര്‍ടികളുമായി സഹകരിച്ച് ബിജെപിയെ പുറത്താക്കുകയാണ് ലക്ഷ്യം.

ആഭ്യന്തര പ്രശ്നങ്ങളാണ് ത്രിപുരയില്‍ ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. ആരോപണങ്ങള്‍ ഏറെ ഉയര്‍ന്നതിനാല്‍ മുഖ്യമന്ത്രിയായിരുന്ന ബിപ്ലബ് ദേബിനെ മാറ്റേണ്ടിവന്നു. മണിക് സാഹയാണ് നിലവില്‍ ബിജെപിയുടെ മുഖ്യമന്ത്രി.

മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 31.47 ലക്ഷം പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 1.76 ലക്ഷം വരുന്ന പുതിയ വോട്ടര്‍മാരും ഈ മൂന്നു സംസ്ഥാനങ്ങളുടെയും ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായ സാന്നിധ്യമാകും. മാര്‍ച്ചിലാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി അവസാനിക്കുക.

മേഘാലയയിലും, നാഗാലന്‍ഡിലും ബിജെപി സഖ്യസര്‍ക്കാരുകള്‍ തന്നെയാണ് അധികാരത്തില്‍. ഒരു വര്‍ഷത്തിനപ്പുറം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പോരാട്ടം നിര്‍ണായകമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News