തമിഴകത്ത് നിന്നും പിന്‍മാറി ഗവര്‍ണര്‍

തമിഴ്‌നാട്ടില്‍ കത്തിക്കയറിയ ‘തമിഴകം’ വിവാദത്തില്‍നിന്ന് പിന്മാറി ഗവര്‍ണര്‍ ആര്‍ എന്‍ രവി. സംസ്ഥാനത്തിന്റെ പേര് ‘തമിഴകം’ എന്നാക്കി മാറ്റണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഗവര്‍ണറുടെ വിശദീകരണം. വിവാദത്തെ തുടര്‍ന്ന് ഗവര്‍ണറെ കേന്ദ്രം ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. ഗവര്‍ണറുടെ ചില നിലപാടുകളില്‍ ബിജെപി നേതൃത്വത്തിനും അതൃപ്തിയുണ്ട്. 2024ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം നിലപാടുകള്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തല്‍. തമിഴ് വികാരത്തെ ഗവര്‍ണര്‍ മാനിച്ചിട്ടില്ല. തെക്കേ ഇന്ത്യയില്‍ പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഗവര്‍ണറുടെ നിലപാട് തിരിച്ചടിയായെന്നാണ് അവര്‍ കരുതുന്നത്. കേന്ദ്ര-സംസ്ഥാന ബിജെപി നേതൃത്വം കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആര്‍ എന്‍ രവി പ്രസ്താവനയിറക്കി നിലപാട് തിരുത്തുന്നത്.

കാശിയും തമിഴ്‌നാടും തമ്മിലുണ്ടായിരുന്ന സാംസ്‌കാരിക ബന്ധത്തെ ഓര്‍മ്മപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണ് രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ‘തമിഴകം’ എന്ന വാക്ക് ഉപയോഗിച്ചത്. പ്രാചീനകാലത്ത് ‘തമിഴ്‌നാട്’ നിലവില്‍ ഇല്ലായിരുന്നു. അതുകൊണ്ടാണ് തമിഴകമെന്ന് പ്രസംഗത്തില്‍ ഉച്ചരിച്ചതെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇതിനെത്തുടര്‍ന്ന് തമിഴ്‌നാട് നിയമസഭയ്ക്കകത്തും പുറത്തും ഭരണപ്പാര്‍ട്ടിയായ ഡിഎംകെയും, സഖ്യകക്ഷികളും വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്നും ‘തമിഴ്‌നാട്’, ‘ദ്രാവിഡ മാതൃക’, പെരിയാര്‍ ഉള്‍പ്പെടെയുള്ള വാക്കുകള്‍ ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രമേയം കൊണ്ടുവന്നതിനെ തുടര്‍ന്ന് നയപ്രഖ്യാപനത്തിനിടയില്‍ ഗവര്‍ണര്‍ നിയമസഭയില്‍ ഇറങ്ങിപ്പോയിരുന്നു.

രാജ്ഭവനിലെ പൊങ്കല്‍ തമിഴ് ക്ഷണപത്രികയില്‍ ‘തമിഴ്‌നാട്’ എന്ന് ഒഴിവാക്കി ‘തമിഴകം’ എന്നാണ് അച്ചടിച്ചിരുന്നത്. സംസ്ഥാന മുദ്ര ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ചിഹ്നം പതിച്ചതും ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിന് ആക്കം കൂട്ടി. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ ദില്ലിക്ക് വിളിപ്പിക്കുകയായിരുന്നു. അതിന് ശേഷമാണ് ആര്‍ എന്‍ രവി തന്റെ നിലപാടുകളില്‍ നിന്നും മലക്കം മറിഞ്ഞ് ചിലര്‍ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന വാദവുമായി രംഗത്തുവന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News