ജഡ്ജി നിയമത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി കൊളീജിയം. അഭിഭാഷകരുടെ ലൈംഗീക ആഭിമുഖ്യം, സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ എന്നിവ ചൂണ്ടിക്കാട്ടി ജഡ്ജി ആക്കുന്നത് തടയാനാകില്ലെന്ന് സുപ്രീം കോടതി കൊളീജിയം.
സൗരഭ് കൃപാൽ ഉൾപ്പടെ നാല് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന ശുപാർശ വീണ്ടും കേന്ദ്ര സർക്കാർ അയച്ച് കൊണ്ടാണ് സുപ്രീം കോടതി കൊളീജിയം നിലപാട് വ്യക്തമാക്കിയത്.
പങ്കാളി വിദേശി ആണെന്നന്ന് ചൂണ്ടിക്കാട്ടിയും ജഡ്ജി ആക്കുന്നത് തടയാനാകില്ല; ഭരണ ഘടന പദവി വഹിക്കുന്ന പലരുടെയും പങ്കാളികൾ വിദേശികൾ ആണെന്ന് കൊളീജിയം. കൊളീജിയം നൽകുന്ന ശുപാർശകൾ കേന്ദ്രസർക്കാർ മടക്കുന്നതെതിരെ രൂക്ഷ വിമർശനമായി നേരത്തെ തന്നെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യം, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ എന്നിവ ചൂണ്ടിക്കാട്ടി ജഡ്ജി ആക്കുന്നതില്‍നിന്ന് തടയാനാകില്ലെന്ന് സുപ്രീം കോടതി കൊളീജിയം വ്യക്തമാക്കി.
രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ശുപാർശ കേന്ദ്രം മടക്കിയത്. സൗരഭ് കൃപാലിന്റെ പങ്കാളി സ്വിറ്റ്‌സര്‍ലന്‍ഡ് എംബസിയില്‍ ജോലിചെയ്യുന്ന വിദേശ പൗരൻ ആണെന്നതാണ് ആദ്യകാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ സ്വവർഗാനുരാഗി ആണെന്ന് ചൂണ്ടിക്കാട്ടി സൗരഭ് കൃപാലിന് ജഡ്ജിസ്ഥാനം നിഷേധിക്കുന്നത് തെറ്റാണെന്നും കൊളീജിയം വ്യക്തമാക്കി.
കോടതികളുടെ പരിഗണനയിലുള്ള കേസുകളെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ സോമശേഖർ സുന്ദരേശനെ ബോംബെ ഹൈക്കോടതിയിൽ ജഡ്ജി ആക്കാനുള്ള ശുപാർശ കേന്ദ്രം മടക്കിയത്. എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന നൽകിയിട്ടുണ്ട്. ആ അവകാശം വിനിയോഗിച്ചുവെന്ന കാരണത്താൽ ജഡ്ജി സ്ഥാനം നിഷേധിക്കാനാകില്ലെന്നും കൊളീജിയം അറിയിച്ചു. അഭിഭാഷകരായ അമിതേഷ് ബാനർജി, സാക്യ സെൻ എന്നിവരെ കൊൽക്കട്ട ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാർശ വീണ്ടും കേന്ദ്രത്തിന് കൈമാറാനും കൊളീജിയം തീരുമാനിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here