കൊച്ചി പറവൂരിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ഭക്ഷ്യവിഷബാധയേറ്റ 67 പേരുടെ പട്ടിക തയ്യാറാക്കി ഇവരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മജ്‌ലിസ് ഹോട്ടല്‍ നടത്തിയത് ഗുരുതര ലംഘനമാണെന്നും വിട്ടു വീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ആലുവ റൂറല്‍ എസ്.പി. വ്യക്തമാക്കി.
കൊച്ചി പറവൂരിലെ ഭക്ഷ്യവിഷബാധ സംഭവം ഗൗരവമേറിയ വിഷയമായെടുത്താണ് പൊലീസിന്റെ മുന്നോട്ടുപോക്ക്. ഹോട്ടല്‍ ഉടമക്കെതിരെ നരഹത്യാശ്രമമായ 308 ചുമത്തിയാണ് പൊലീസിന്റെ ഇടപെടല്‍. കേസിലെ മുഖ്യ പാചകക്കാരനായ അസൈനാര്‍ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്. ഹോട്ടലിലെ മറ്റ് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മഹസറിലെ രേഖകള്‍ പ്രകാരം മജ്‌ലിസ് ഹോട്ടല്‍ ഉടമ സിയാനന്‍ ഉല്‍ ഹക്ക് എന്നയാളാണ് ഹോട്ടലിന്റെ ഉടമ. ഒളിവില്‍ കഴിയുന്ന ഇയാളെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥ സംഘം തുടങ്ങിക്കഴിഞ്ഞു.
പറവൂര്‍ നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും ശക്തമായ പരിശോധന തുടരുകയുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നോട്ടീസ് നല്‍കിയ ഹോട്ടലുകളിലും തുടര്‍പരിശോധന നടത്താനാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ ആലോചന. വീണ്ടും നിയമലംഘനം നടത്തിയാല്‍ ലൈസന്‍സ് അടക്കം സസ്‌പെന്റ് ചെയ്യുന്ന നടപടികളിലേക്ക് നീങ്ങാനാണ് അധികൃതരുടെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here