കായിക താരത്തിൻ്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ബ്രിജ് ഭൂഷണെ വെട്ടിലാക്കി വീഡിയോ

ലൈംഗികാരോപണം നേരിടുന്ന ദേശിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുരുക്കിലാക്കി ഗുസ്തി താരത്തിന് നേരെയുള്ള ആക്രമണ ദൃശ്യങ്ങൾ.2022 ഡിസംബറിൽ റാഞ്ചിയിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. റാഞ്ചിയിൽ നടന്ന പൊതുയോഗത്തിനിടെ വേദിയിൽ വെച്ച് ബ്രിജ് ഭൂഷൺ ഗുസ്തി താരത്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നത്.

അണ്ടർ 15 ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഗുസ്തി താരത്തെ മത്സരിക്കാൻ പ്രായപരിധിയുടെ പശ്ചാത്തലത്തിൽ മത്സരിക്കാൻ ഫെഡറേഷൻ അനുവദിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്ത താരത്തിന് നേരെയായിരുന്നു ബ്രിജ് ഭൂഷണിൻ്റ ആക്രമണം. സംഭവത്തെ തുടർന്ന് ബ്രിജ് ഭൂഷണ്‍ മാപ്പു പറയണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും ജാര്‍ഖണ്ഡ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡൻ്റ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

ബ്രിജ് ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിലുള്ള ഗുസ്തി താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ ഇന്നും ചര്‍ച്ച നടത്തും.ഇന്നും നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായില്ലെങ്കില്‍ പൊലീസിൽ പരാതി നല്‍കാനാണ് താരങ്ങളുടെ തീരുമാനം.പരിഹാരമുണ്ടാകുന്നത് വരെ സമരം തുടരുമെന്നും കായിക താരങ്ങൾ വ്യക്തമാക്കി.

ലൈംഗീകാരോപണം നേരിടുന്ന ഫെഡറേഷൻ അധ്യക്ഷനും പരിശീലകർകർക്കുമെതിരെ നടപടി വേണമെന്നും ഫെഡറേഷൻ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് രാജ്യത്തിന്റെ കായികചരിത്രത്തിലാദ്യമായി താരങ്ങൾ പ്രതിഷേധവുമായി ദില്ലിയിലെ കൊടുംതണുപ്പിനെ വകവെക്കാതെ മൂന്നാം ദിനവും സമരത്തിനിറങ്ങുത്. പീഡനങ്ങൾ അവസാനിപ്പിക്കാനും ഗുസ്തിയുടെ ഭാവി സംരക്ഷിക്കാനും ഒപ്പം ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കായിക താരങ്ങൾ വ്യക്തമാക്കി. സമരത്തിന് ഐക്യദാർഢ്യവുമായി നിരവധിയാളുകളാണ് നേരിട്ടും സോഷ്യൽ മീഡിയകളിലൂടെയും പിന്തുണ പ്രഖ്യാപിച്ചത്. സമരത്തിന് പിന്തുണയുമായി ഇടതുനേതാക്കളായ വൃന്ദ കാരാട്ടും ബിനോയ് വിശ്വവും സമരരംഗത്തത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration