പാതാള തവളയെ വിഐപിയാക്കിയാൽ ഉചിതമാവില്ല; തീരുമാനം മരവിപ്പിച്ച് സർക്കാർ

പാതാള തവള എന്നറിയപ്പെടുന്ന മഹാബലി തവളയെ (നാസികാബട്രക്കസ് സഹ്യാദ്രെൻസിസ്) സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഉഭയജീവിയായി  പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറി. സംസ്ഥാന തവളയാക്കാൻ ശുപാർശ ലഭിച്ച ‘പാതാള തവള’ മണ്ണിനടിയിൽ മാത്രം കാണപ്പെടുന്നതാണ് എന്ന്  സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. എല്ലായ്‌പ്പോഴും മണ്ണിനടിയിൽ കാണപ്പെടുന്ന പർപ്പിൾ ഫ്രോഗ് എന്നറിയപ്പെടുന്ന പാതാള തവള മുട്ടയിടാനായി ഒരു ദിവസം മാത്രമാണ് പുറത്തെത്താറുള്ളത്. ഇതോടെ ഔദ്യോഗിക ഉഭയജീവിയാക്കാനുള്ള  തീരുമാനം സംസ്ഥാന വനം വന്യജീവി വകുപ്പ് മരവിപ്പിച്ചു.

2019-ലായിരുന്നു പാതാള തവളയെ സംസ്ഥാന ഉഭയജീവിയാക്കാനുള്ള ശുപാർശ വനംവകുപ്പിന് ലഭിച്ചത്. കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ തവളയെക്കുറിച്ച് ഗവേഷണം നടത്തിയ സന്ദീപ് ദാസ് ആയിരുന്നു ഈ ശുപാർ സംസ്ഥാന സർക്കാരിന് മുന്നിൽ വെച്ചത്. പശ്ചിമ ഘട്ടത്തിലാണ് പാതാള തവളകൾ വസിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന പാതാള തവള വർഷത്തിൽ 364 ദിവസവും മണ്ണിനടിയിലാണ് വസിക്കുന്നത്.

അതിനാൽ പാതാള തവളയെ വിഐപിയായി അംഗീകരിച്ചാൽ അത് ഉചിതമാകുമോ എന്നും  ശുപാർശയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. എല്ലാവർക്കും ഇതിനെ കാണേണ്ടെ എന്നും മുഖ്യമന്ത്രി ചോദിച്ചു. മനുഷ്യർ കാണാത്ത ഇനത്തെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചിട്ട് എന്താണ് പ്രയോജനം എന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ ചോദ്യം ഉന്നയിച്ചു.

ദില്ലി സർവകലാശാല പ്രൊഫസറായ എസ്‍ഡി ബിജുവും, ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് 2003-ൽ ഇടുക്കി ജില്ലയിൽ പാതാള തവളയെ കണ്ടെത്തിയത്. പിഗ്നോസ് തവളയെന്നും,  പർപ്പിൾ തവളയെന്നും  ഇത് അറിയപ്പെടുന്നു. പതാൾ, കുറവൻ, കുറത്തി, കൊട്ട്രാൻ, പതയാൾ,  പാറമീൻ, പന്നിമൂക്കൻ എന്നീ നാടൻ പേരുകളും ഇവയ്ക്കുണ്ട്. ഡബ്ല്യു‌ഡബ്ല്യു‌എഫിന്റെ അഭിപ്രായത്തിൽ, ലോകമെമ്പാടുമുള്ള ബയോ-ജിയോഗ്രാഫർമാർ പർപ്പിൾ തവളയെ അപൂർവ ഇനങ്ങളിൽ ഒന്നായിട്ടാണ്  അംഗീകരിച്ചിട്ടുള്ളത്.

അതുംപോരാതെ ‘ഒരു നൂറ്റാണ്ടിലൊരിക്കൽ കണ്ടെത്തുന്ന’ ഒന്നായിട്ടാണ് ഇതിനെ വേൾഡ് വൈഡ് ലൈഫ് ഫണ്ട് കണക്കാക്കുന്നത്. ഇരുണ്ട പർപ്പിൾ നിറമുള്ള ഈ തവളയ്ക്ക് തീരെ ചെറിയ കൈകാലുകളാണുള്ളത്. ഏകദേശം ഏഴ് സെന്‍റിമീറ്റർ നീളമുള്ള അവയുടെ ശരീരം ഊതിവീർപ്പിച്ച പോലെയാണ് ഇരിക്കുന്നത്. മൂക്ക് കൂർത്തിരിക്കുന്നത് കൊണ്ട് അതിനെ ‘പന്നിമൂക്കൻ’ എന്നും വിളിക്കുന്നു.

കട്ടിയുള്ള പേശിയോട് കൂടിയ നീളം കുറഞ്ഞ മുൻകാലുകളും, കൈകളും മണ്ണ് കുഴിക്കാൻ ഇതിനെ സഹായിക്കുന്നു. മറ്റ് തവളകളിൽ നിന്ന് വ്യത്യസ്‍തമായി, ഇതിന് വളരെ ചെറിയ പിൻ‌കാലുകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് സഞ്ചരിക്കാൻ സാധിക്കില്ല. ചിതലും, മണ്ണിരയും, ചെറിയ പ്രാണികളുമാണ് പാതാള തവളയുടെ  ഭക്ഷണം. പശ്ചിമ ഘട്ട മലനിരകളുടെ കാലാവസ്ഥ അനുസരിച്ചു പരിണമിച്ചതു പോലെയാണു ഇവയുടെ പ്രജനനവും ജീവിത രീതികളും. 80 മുതൽ 120 ദശലക്ഷം വർഷം മുന്നേ പരിണമിച്ചു എന്നു കരുതുന്ന ഇവയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ, ആഫ്രിക്കയുടെയും ഇന്ത്യയുടെയും ഇടയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സെയ്ഷെൽസിൽ ഉള്ള സൂഗ്ലോസ്സിടെ എന്ന കുടുംബത്തിലെ തവളകളാണ്. ഇന്ത്യയും ആഫ്രിക്കയും ഒന്നായിരുന്നു എന്ന ഗോണ്ട്വാന സിദ്ധാന്തത്തിന്റെ  ജീവിച്ചിരിക്കുന്ന തെളിവ് കൂടിയായി പാതാള തവളകളെ കണക്കാക്കപ്പെടാറുണ്ട്.

കേരളത്തിലും തമിഴ്നാട്ടിലും കാണാറുണ്ടെങ്കിലും ഭൂരിഭാഗവും പശ്ചിമഘട്ടത്തിന്റെ കേരള ഭാഗത്താണുള്ളത്. പാറ കെട്ടുകളും വെള്ള ചാട്ടങ്ങളുമുള്ളയിടങ്ങളിലാണ് കൂടുതലായും ഇവയെ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ അഗസ്ത്യമലനിരകൾ തുടങ്ങി കണ്ണൂർ വരെ, പാറ കെട്ടുകളും വെള്ള ചാട്ടങ്ങളും ഉള്ളയിടങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News