സുപ്രീംകോടതിയെ പിടിച്ചുകെട്ടുകയാണോ മോദിയുടെ ലക്ഷ്യം?

ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എത്തിയതിന് ശേഷം കേന്ദ്രവും സുപ്രീംകോടതിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയാണ്. ജഡ്ജിമാരുടെ നിയമനത്തെ ചൊല്ലിയാണ് തര്‍ക്കം. സുപ്രീംകോടതി കൊളീജിയം അയക്കുന്ന എല്ലാ പേരുകളും അംഗീകരിക്കാനാകില്ല എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ജഡ്ജിമാരുടെ നിയമനത്തിനുള്ള നിലവിലെ കൊളീജിയം സംവിധാനത്തോട് യോജിപ്പില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജു പരസ്യമായി തന്നെ പറഞ്ഞു. ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരുള്‍പ്പെട്ട കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും നിയമമന്ത്രി മുന്നോട്ടു വെച്ചിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ മടക്കിയ ഹൈക്കോടതി ജഡ്ജിമാരുടെ പേരുകള്‍ കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സൗരഭ് കൃപാല്‍, സോമശേഖരന്‍, ജോണ്‍ സത്യന്‍ എന്നിവരുള്‍പ്പടെ അഞ്ച് പേരുകളാണ് കൊളീജിയം കേന്ദ്രത്തിന് നല്‍കിയത്. ഈ പേരുകള്‍ കേന്ദ്ര നിയമമന്ത്രാലയം തിരിച്ചയച്ചു. വിചിത്രമായ വിശദീകരണമായിരുന്നു കേന്ദ്രത്തിന്റേത്. സൗരഭ് കൃപാല്‍ സ്വവര്‍ഗ്ഗാനുരാഗിയാണ്. സോമശേഖരന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ വിമര്‍ശിച്ചു. ജോണ്‍ സത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു.

കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ചു എന്നത് ജഡ്ജി നിയമത്തിന് ഒരാളുടെ അയോഗ്യതയായി കണക്കാക്കാന്‍ ആകില്ല എന്ന മറുപടിയാണ് അതിന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നല്‍കിയത്. സ്വവര്‍ഗ്ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ല എന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് തന്നെ വിധിച്ചിട്ടുണ്ട്. ക്രിമിനല്‍ കുറ്റമല്ലാത്ത ഒരു കാരണത്തിന്റെ പേരില്‍ നിയമനത്തില്‍ നിന്ന് ഒരാളെ എങ്ങനെ അയോഗ്യനാക്കാനാകും? അതാണ് കോടതിയുടെ ചോദ്യം. സംഘപരിവാര്‍ വരക്കുന്ന വൃത്തത്തിന് അകത്ത് നില്‍ക്കുന്നവര്‍ മതി പ്രധാന പദവികളില്‍. അതുതന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ വ്യക്തമാക്കുന്നത്.

കേന്ദ്രം മടക്കിയ പേരുകളൊക്കെ അതേപോലെ കൊളീജിയം നിയമമന്ത്രാലയത്തോട് വീണ്ടും ശുപാര്‍ശ ചെയ്തിരിക്കുകയാണ്. കൊളീജിയത്തിന്റെ ആവര്‍ത്തിച്ചുള്ള ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ട്. നിയമപരമായ ബാധ്യത അല്ലെങ്കിലും അതാണ് കീഴ്‌വഴക്കം. അത് കേന്ദ്രം തെറ്റിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. കൊളീജിയത്തിന്റെ രണ്ടാമത്തെ ശുപാര്‍ശ തള്ളാതെ നിയമനം നീട്ടിക്കൊണ്ടു പോകാനാകും കേന്ദ്രം ശ്രമിക്കുക. അങ്ങനെ നിയമനങ്ങള്‍ നീണ്ടുപോകും. അത്തരത്തില്‍ കൊളീജിയം ശുപാര്‍ശകള്‍ അംഗീകരിക്കാതെ വര്‍ഷങ്ങള്‍ നീട്ടിക്കൊണ്ടുപോയ ചരിത്രമുണ്ട്. കൊളീജിയം ശുപാര്‍ശകള്‍ അംഗീകരിക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ പണ്ട് സുപ്രീംകോടതി അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തീരുമാനം എടുക്കാന്‍ കോടതി ഉത്തരവിടണോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.

ജഡ്ജിമാരുടെ നിയമനം ജഡ്ജിമാര്‍ തന്നെ നടത്തുന്നത് ശരിയല്ല എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. അക്കാര്യത്തില്‍ ഇപ്പോഴത്തെ മോദി സര്‍ക്കാരിനും മുന്‍ യു.പി.എ സര്‍ക്കാരിനും ഒരേ നിലപാട് തന്നെ. ആ ചര്‍ച്ചകളാണ് പിന്നീട് ജുഡീഷ്യല്‍ കമ്മീഷന്‍ ബില്ലിനും നിയമ രൂപീകരണത്തിലേക്കുമൊക്കെ വഴി തുറന്നത്. ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട സംവിധാനം സുപ്രീംകോടതി ഭരണഘടന ബെഞ്ച് തന്നെ റദ്ദാക്കി. അതിന് ശേഷം തല്‍ക്കാലത്തേക്ക് പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയെങ്കിലും ഇപ്പോള്‍ വീണ്ടും തര്‍ക്കം അതിരൂക്ഷമാവുകയാണ്.

ജഡ്ജിമാരുടെ നിയമനം സുതാര്യമായി നടക്കണം എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല. അതിന് ഇപ്പോഴത്തെ കൊളീജിയം സംവിധാനം മതിയോ എന്നതില്‍ ചര്‍ച്ചകളും ആലോചനകളും തുടരേണ്ടതാണ്. പക്ഷെ, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ചിന്തിക്കുന്നതുപോലെ ജഡ്ജിമാരുടെ നിയമനത്തിനുള്ള പുതിയ സംവിധാനം എന്നത് ജുഡീഷ്യറിയെ തന്നെ അട്ടിമറിക്കുന്നതാകും എന്നതാണ് ആശങ്ക. കാരണം, സിബിഐ ഡയറക്ടര്‍ നിയമത്തിലും ഇ.ഡി മേധാവിയുടെ നിയമനത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിലുമൊക്കെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ വലിയ വിവാദമാണ്. അതേ മാതൃകയില്‍ ജുഡീഷ്യറിയില്‍ കൂടി കേന്ദ്രം കൈവെച്ചാല്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥ തകരുമെന്നാണ് ഉയരുന്ന വിമര്‍ശനം. ഏതായാലും നിലപാട് കടുപ്പിച്ച് തന്നെയാണ് സുപ്രീംകോടതി മുന്നോട്ടുപോകുന്നത്. സുപ്രീംകോടതിയെ അതേ രീതിയില്‍ നേരിട്ട് മുന്നോട്ടുപോകാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ അത് വലിയ പ്രതിസന്ധി തന്നെ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News