സോണിയാഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കാണാനൊരുങ്ങി ശശി തരൂര്‍

കേരളത്തില്‍ ശശി തരൂര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന ഘടകം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. സമുദായ നേതാക്കളുമായി തരൂര്‍ നടത്തിയ കൂടിക്കാഴ്ചകളെ പരസ്യമായി തന്നെ കേരള നേതാക്കള്‍ എതിര്‍ത്തു. അതില്‍ ഏതാണ്ട് എല്ലാവരും ഒരേ നിലപാടില്‍ തന്നെയാണ്.

തരൂര്‍ മുഖ്യമന്ത്രി സ്ഥാന മോഹവുമായി കേരളത്തില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നു എന്നാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി.സതീശന്‍ ഉള്‍പ്പടെയുള്ളവരുടെ പരാതി. എന്‍.എസ്.എസ് ആസ്ഥാനത്തെ പരിപാടിയില്‍ തരൂരിന് ലഭിച്ച പ്രത്യേക സ്ഥാനവും ഈ നേതാക്കളെ ചൊടുപ്പിച്ചു. അതില്‍ രമേശ് ചെന്നിത്തലയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു

തരൂരിനെ തറവാടി നായരെന്നും പ്രധാനമന്ത്രിയാകാന്‍ വരെ യോഗ്യനെന്നുമൊക്കെ സുകുമാരന്‍ നായര്‍ പറഞ്ഞത് വലിയ ചര്‍ച്ചയായി. അതിനിടയില്‍ കര്‍മ്മഭൂമി കേരളമെന്ന് ശശി തരൂര്‍ പറഞ്ഞതോടെ ലക്ഷ്യം മുഖ്യമന്ത്രി കസേരയെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പിച്ചു.

തരൂര്‍ നിയന്ത്രണ രേഖക്ക് ഉള്ളില്‍ നില്‍ക്കണമെന്ന താക്കീത് സംഘടന ചുമതലയുള്ള കെ.സി.വേണുഗോപാല്‍ നല്‍കിയിരുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഏത് പരിപാടിയിലും പങ്കെടുക്കും എന്നായിരുന്നു തരൂരിന്റെ മറുപടി.

ഈ വിഷയങ്ങളിലൊക്കെ തരൂരിനെതിരെ ഹൈക്കമാഡിലേക്ക് പരാതികളുടെ പ്രവാഹമാണ്. ഇതിലുള്ള ഹൈക്കമാന്‍ഡ് അതൃപ്തി പരിഹരിക്കുക തന്നെയാണ് സോണിയാഗാന്ധി, പാര്‍ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലൂടെ തരൂരിന്റെ ലക്ഷ്യം.

പാര്‍ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ശശി തരൂര്‍ സോണിയാഗാന്ധിയെ കണ്ടിരുന്നു. മത്സരിക്കാന്‍ സോണിയാ ഗാന്ധിയുടെ അനുമതി തേടിയ ശേഷമായിരുന്നു പത്രിക നല്‍കിയത്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം തരൂര്‍ പാര്‍ടി ചട്ടക്കൂടിന് പുറത്ത് ചില നീക്കങ്ങള്‍ നടത്തുന്നു എന്ന വിമര്‍ശനങ്ങള്‍ ഗൗരവമായി തന്നെയാണ് ഹൈക്കമാന്റ് കാണുന്നത്. മഞ്ഞുരുക്കലാണ് സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലൂടെ തരൂരിന്റെ ലക്ഷ്യമെങ്കിലും എന്തായിരിക്കും ഹൈക്കമാന്റ് തീരുമാനം എന്നത് തരൂരിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമാകും.

ഒരു വര്‍ഷത്തിനപ്പുറം ലോക്‌സഭ തെരഞ്ഞെടുപ്പാണ്. വീണ്ടും മത്സരിക്കണോ എന്നത് പാര്‍ടി തീരുമാനിക്കും എന്നാണ് തരൂര്‍ പറഞ്ഞത്. തരൂരിന്റെ പേര് വെട്ടാന്‍ വാളോങ്ങി നില്‍ക്കുകയാണ് കേരളത്തിലെ നേതാക്കളെല്ലാം. അങ്ങനെ വന്നാല്‍ പാര്‍ടിക്ക് വഴങ്ങി മത്സരരംഗത്തുനിന്ന് മാറി നില്‍ക്കുമോ തരൂര്‍ എന്നത് കാത്തിരുന്ന് കാണണം.

ഏതായാലും തരൂരിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ ഇല്ലയോ എന്നതല്ല, ചില വ്യക്തികള്‍ക്ക് ദോഷമാകും എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെയെല്ലാം കാരണം. അത് ഹൈക്കമാന്റിനെ ബോധ്യപ്പെടുത്താന്‍ തരൂരിന് സാധിക്കുമോ എന്നത് കാത്തിരുന്ന് കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News