എ. അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പതിനൊന്നാമത് അയനം- എ. അയ്യപ്പന്‍ കവിതാപുരസ്‌കാരത്തിന് ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച എം.എസ്.ബനേഷിന്റെ പേരക്കാവടി എന്ന കവിതാസമാഹാരം അര്‍ഹമായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അന്‍വര്‍ അലി ചെയര്‍മാനും അനു പാപ്പച്ചന്‍, കുഴൂര്‍ വിത്സന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.
മലയാളകവിതയെ സര്‍ഗ്ഗാത്മക രാഷ്ട്രീയാനുഭവമാക്കി മാറ്റുന്ന കവിതാസമാഹാരമാണ് ബനേഷിന്റെ പേരക്കാവടി. ആഗോളതയ്ക്കും ഹിംസയ്ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെ സാധാരണ ജനതയുടെ ആത്മ രോഷത്തിന്റെ പൊട്ടിത്തെറി ഈ കവിതയില്‍ തൊട്ടറിയാം. ആധുനികാനന്തരകവിത പ്രമേയസ്വീകരണ ത്തിലും പരിചരണത്തിലും കൈക്കൊണ്ട് പുതുമ, അതിന്റെ മുഴക്കത്തില്‍ കാണാവുന്ന കവിതകളാണ് ബനേഷിന്റേത്. പൂര്‍വ്വസൂരികളില്‍നിന്ന് തീര്‍ത്തും വിഭിന്നമായ വഴി സ്വീകരിക്കുമ്പോഴും മലയാള കാവ്യ പാരമ്പര്യത്തിന്റെ പച്ചഞരമ്പ്, തന്റെ കാവ്യശരീരത്തില്‍ നിലനിര്‍ത്താന്‍ കവിക്ക് കഴിയുന്നു.
സമകാല ജീവിതത്തോടും ചരിത്രത്തോടുമുള്ള കവിയുടെ മൂര്‍ച്ചയുള്ള ഒച്ചയും, സൂക്ഷ്മവും തീവ്രവുമായ പ്രതികരണങ്ങളും വായനക്കാരന് ഊര്‍ജ്ജവും ഉള്‍വെളിച്ചവും നല്കുന്നു എന്നും ജൂറി അഭിപ്രായപ്പെട്ടു. 2023 ഫെബ്രുവരി 20-ന് കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് കെ.സി.നാരായണന്‍ പുരസ്‌കാരം സമ്മാനിക്കും.വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അന്‍വര്‍ അലി, അനു പാപ്പച്ചന്‍, വിജേഷ് എടക്കുന്നി, ടി.എം. അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here