ഉറങ്ങാത്ത കാടുകള്‍ തേടി….

കാടിന്‍റെ സംഗീതം തേടിയുള്ള യാത്രകള്‍ക്ക് അവസാനമില്ല. ഓരോ യാത്രയിലും പുതിയ അനുഭവങ്ങള്‍. വന്യമായ കാടിന്‍റെ വിസ്മയിപ്പിക്കുന്ന പല രൂപങ്ങള്‍. മാധ്യമ പ്രവര്‍ത്തനത്തിനിടയിലെ ഇടവേളകള്‍ കാടിനുള്ളില്‍ ചിലവഴിക്കുക. കാടിനെ അറിയുക, കാട്ടിലൂടെ സഞ്ചരിക്കുക. അങ്ങനെയാരു യാത്രയായിരുന്നു മധ്യപ്രദേശിലെ ബാന്ധവ്ഘഡിലേക്ക്.


രാജസ്ഥാനിലെ ജയ്പ്പൂരില്‍ നിന്ന്176 കിലോമീറ്റര്‍ അകലെയാണ് ബാന്ധവ്ഘഡ്. വന്യജീവി ഫോട്ടോഗ്രാഫര്‍ ശശി ചേട്ടനൊപ്പമായിരുന്നു യാത്ര. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി കാടുകള്‍ തേടിയുള്ള എന്‍റെ യാത്രകള്‍ ശശിച്ചേട്ടനൊപ്പമാണ്. ഓരോ രണ്ടുമാസം കൂടുമ്പോഴും ഞങ്ങളിങ്ങനെ സഞ്ചരിക്കും. വന്യജീവികളെ കാണാനും അവയുടെ ചിത്രങ്ങള്‍ പകര്‍ത്താനും ശശിച്ചേട്ടനുള്ള അവേശം. അതിനൊപ്പം സഞ്ചരിക്കാനുള്ള എന്‍റെ ആഗ്രഹം. ഇത് രണ്ടും ചേരുമ്പോള്‍ ആ സഞ്ചാരമിങ്ങനെ തുടരും.

ബാന്ധവ്ഘഡിലെ കടുവ സങ്കേതത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ മൂന്ന് സോണുകളായി തിരിച്ചിട്ടുണ്ട്. താല, മഗതി, കത്തോലി എന്നിങ്ങനെ. ആ പേരിലുള്ള ഗേറ്റുകളിലൂടെ വനത്തിനുള്ളിലേക്ക് കടക്കാം. 716 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന വനപ്രദേശം.
തദ്ദേശീയവരും വിദേശികളുമൊക്കെയായി കടുവാ സഫാരിക്കായി പലപ്പോഴും നിരവധി പേരുണ്ടാകും. 2021ലെ കണക്കുപ്രകാരം 21 കടുവകളാണ് ബാന്ധവ്ഘഡ് വനമേഖലയില്‍ ഉള്ളത്. രാവിലെ ആറുമണി മുതല്‍ 9 മണിവരെയും വൈകീട്ട് മൂന്ന് മണിമുതല്‍ 5.45 മണിവരെയുമാണ് ടൈഗര്‍ സഫാരി.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുവദിക്കുന്ന വാഹനങ്ങളില്‍ വനത്തിനുള്ളിലേക്കുള്ള യാത്ര ആവേശകരമായിരുന്നു. കേരളത്തിലെ പോലെയല്ല മധ്യപ്രദേശിലെ കാടുകള്‍. ഭൂപ്രകൃതിയിലും കാലാവസ്ഥയിലും വ്യത്യാസമുണ്ട്. പക്ഷെ, കാടിന്‍റെ വന്യമായ സൗന്ദര്യത്തിന് ഒരു രൂപമേ ഉള്ളു.
വനത്തിനുള്ളിലൂടെ നീണ്ടുപോകുന്ന പാത.

കാടിനെ ഉണര്‍ത്താതെ പതിയെ നീങ്ങുന്ന വാഹനങ്ങള്‍. സിംഹവാലന്‍ കുരങ്ങുകളുടെ കൂട്ടങ്ങള്‍ എവിടെയും കാണാം. ചിലയിടത്തൊക്കെ വാഹനങ്ങള്‍ ഒന്നുനിര്‍ത്തും. ഞങ്ങള്‍ക്കൊപ്പമുള്ള വാര്‍ഡന്മാര്‍ കാടിനുള്ളിലേക്കൊക്കെ ഒന്നുനോക്കും. വല്ല അനക്കവും ഉണ്ടോ. ആരെങ്കിലും പുറത്തേക്ക് വരുന്നുണ്ടോ എന്നൊക്കെ. ആകാംഷയും ആവേശവും നിറയുന്ന, നെഞ്ചിടിപ്പിന്‍റെ നിമിഷങ്ങള്‍ കൂടിയാണ് അതൊക്കെ.

വാഹനങ്ങള്‍ മുന്നോട്ടുനീങ്ങുകയാണ്. വാഹന വ്യൂഹത്തിലെ ആദ്യ വണ്ടിയില്‍ തന്നെ ഞങ്ങള്‍ക്ക് ഇടം കിട്ടിയത് വലിയ ഭാഗ്യമായി.
ആ ദിവസം ഞങ്ങള്‍ക്കുള്ളതായിരുന്നു.

കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഫോറസ്റ്റ് വാച്ചര്‍ വാഹനം നിര്‍ത്തി. കാടിന്‍റെ ചെരുവിലൂടെ ഒരു ഭീമാകാരന്‍. ഒരു കൂസലുമില്ലാതെ പുല്‍പ്പടര്‍പ്പുകള്‍ വകഞ്ഞുമാറ്റി ഞങ്ങളുടെ വാഹനത്തിന് മുന്നിലേക്ക് അവന്‍ ഇറങ്ങി. ഈ കാടിന്‍റെ അവകാശി ഞാന്‍ മാത്രമാണ്. നിങ്ങള്‍ കാത്തുനില്‍ക്കുക എന്ന ഭാവത്തില്‍ പതിയെ വനപാതയിലൂടെ അവന്‍ നീങ്ങി. ശശിച്ചേട്ടന്‍റെ ക്യാമറയില്‍ നിന്ന് നിലക്കാത്ത ശബ്ദം.

വന്യജീവി ഫോട്ടോ ഗ്രാഫി അത്ര നിസാരമല്ല. വലിയ അദ്ധ്വാനത്തിനൊപ്പം ക്ഷമയോടെയുള്ള കാത്തിരിപ്പും വേണം. മാസങ്ങള്‍ കാത്തിരുന്നാല്‍ മാത്രമെ ചിലപ്പോള്‍ ഒരു നല്ല ചിത്രം കിട്ടു. ഒരു മിന്നല്‍ പോലെ മാത്രമായിരിക്കും വന്യജീവിയെ കാണുക. കണ്ണടച്ച് തുറക്കുന്ന സമയം പോലും പലപ്പോഴും കിട്ടില്ല. അത്ര ജാഗ്രതയും വേഗതയും വേണം. പക്ഷെ, ബാന്ധവ്ഘഡില്‍ ഞങ്ങള്‍ക്ക് അല്പസമയം കൂടുതല്‍ കിട്ടി. അതിനാല്‍ ഒരുപാട് ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. കടുവയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന എന്‍റെ ചിത്രവും ശശിച്ചേട്ടന്‍ പകര്‍ത്തി. എന്നെ സംബന്ധിച്ച് അപൂര്‍വ്വ ചിത്രം.

കുറച്ചുമണിക്കൂറുകള്‍ മാത്രമായിരുന്നുവെങ്കിലും മറക്കാനാകാത്ത അനുഭവമാണ് ബാന്ധവ്ഘഡിലേത്. കേരളത്തിലെ കാടുകളില്‍ കടുവകളുടെ എണ്ണം വളരെ കൂടുതലാണ്. പക്ഷെ, വനത്തിനുള്ളില്‍ എത്ര സഞ്ചരിച്ചാലും കടുവകളെ കാണാന്‍ സാധിച്ചെന്നുവരില്ല. കാരണം കേരളത്തിലെ കാടുകള്‍ കൂടുതല്‍ നിബിഢമാണ്. പക്ഷെ, മധ്യപ്രദേശിലെ ബാന്ധവ്ഘഡില്‍ കടുവയെ കാണാം എന്ന് ഉറപ്പിച്ച് പോകാം. അതാണ് ഇവിടേക്ക് സഞ്ചാരികളുടെ വരവ് കൂടുന്നതും.
വനയാത്രക്കെത്തുന്നവര്‍ക്കുള്ള താമസ സൗകര്യവും ബാന്ധവ്ഘഡിലുണ്ട്.

നല്ല തണുപ്പുള്ള കാലാവസ്ഥയിലായിരുന്നു ഞങ്ങളുടെ യാത്ര. വൈകുന്നേരങ്ങള്‍ തീകൂട്ടി ചൂടുകായും. വനത്തിനുള്ളില്‍ രാത്രി സവാരിക്കുള്ള അനുമതിയും മധ്യപ്രദേശ് വനംവകുപ്പ് നല്‍കാറുണ്ട്. അതിനുള്ള ബുക്കിംഗ് സംവിധാനമൊക്കെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആനപ്പുറത്തുള്ള സഞ്ചാരത്തിനും സൗകര്യങ്ങളുണ്ട്.

അവധിക്കാലങ്ങള്‍ ആഘോഷിക്കാന്‍ പറ്റിയൊരു ഇടം എന്ന് വേണമെങ്കില്‍ പറയാം. ബാന്ധവ്ഘഡിലെ യാത്ര അവസാനിച്ചപ്പോള്‍ ഞങ്ങളുടെ കയ്യില്‍ വിലയുള്ള ഒരുപാട് ഫോട്ടോകളും വീഡിയോകളുമായി. കാരണം അപൂര്‍വ്വമായി മാത്രമെ ഇത്തരം അവസരങ്ങള്‍ ലഭിക്കുകയുള്ളു. ബാന്ധവ്ഘഡിലെ യാത്ര അവസാനിക്കുമ്പോള്‍ ഇനി രണ്ടുമാസത്തിന് ശേഷമുള്ള മറ്റൊരു യാത്രക്കുള്ള പദ്ധതികളും കാത്തിരിപ്പുമാണ്.

പി പി സലിം

സീനിയർ ക്യാമറമാൻ

കൈരളി ന്യൂസ്, തൃശൂര്‍

ഡോക്യുമെന്‍ററി സംവിധായകന്‍, എഴുത്തുകാരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News